KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 26 July 2012

സര്‍വകലാശാലാ തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം ആലോചനയില്‍ - മുഖ്യമന്ത്രി

മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശം
സര്‍വകലാശാലകളുമായി ആലോചിച്ച് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍ക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാവും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ രൂപകല്പനചെയ്ത വൈദഗ്ദ്ധ്യ വികസന പദ്ധതി (സ്കില്‍ ഡവലപ്മെന്റ് പ്രോജക്ട്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയുണ്ടെങ്കിലും ഗുരുതരമായ തൊഴില്‍ ക്ഷാമമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അണ്‍സ്കില്‍ഡ് മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രശ്നവുമുണ്ട്. ഇവയ്ക്കൊക്കെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വൈദഗ്ദ്ധ്യ വികസന പദ്ധതിക്ക് രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിസ്കില്‍ഡ് ആയവര്‍ക്ക് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ സാധിക്കും. വിവരസാങ്കേതിക വിദ്യയാണ് തുടക്കമെന്ന നിലയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരി ക്കുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകള്‍കൂടി പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഏതെങ്കിലും തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം ലഭിക്കാനും അധിക വൈദഗ്ദ്ധ്യത്തോടെ പുറത്തിറങ്ങാനും പദ്ധതി സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എമര്‍ജിങ് കേരളയുള്‍പ്പെടെ കേരളത്തില്‍ തൊഴില്‍ സാധ്യതയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമ്പോള്‍ വൈദ്ഗ്ദ്ധ്യം നേടുന്നവര്‍ക്ക് വമ്പിച്ച അവസരങ്ങളാണ് ഉണ്ടാവുകയെന്ന് ആശംസകള്‍ നേര്‍ന്ന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈദഗ്ദ്ധ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നുവെന്ന പ്രത്യേകതയുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ ഷിബു ബേബിജോണ്‍, ഡോ.എം.കെ. മുനീര്‍, മേയര്‍ അഡ്വ.കെ. ചന്ദ്രിക, ഡോ. ശശി തരൂര്‍ എം.പി, പ്ളാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍, നാസ്കോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്ധ്യ ചിന്താല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാകും വിധം സ്കൂളുകളിലും കോളേജുകളിലുമായാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് നടപ്പാക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും, അടുത്ത ഘട്ടത്തില്‍ എയ്ഡഡ് മേഖലയിലും പരിശീലനം നടപ്പാക്കും. മൂന്നു ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കും സ്കൂള്‍ തലത്തില്‍ ഒരു കുട്ടിക്ക് പതിനായിരം രൂപാ ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നു. സര്‍വകലാശാല തലത്തിലും പ്ളസ് ടു തലത്തിലും തൊഴില്‍ നൈപുണ്യകോഴ്സ് പഠിച്ചതിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. മൂന്ന് മോഡ്യൂളുകളായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി.യെക്കുറിച്ചും ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖകളിലുമാണ് പരിശീലനം. രണ്ടും മൂന്നും മോഡ്യൂളില്‍ 300-500 മണിക്കൂര്‍ വരെയാണ് പഠനം. അപ്രന്റീസ്ഷിപ്പിനുള്ള അവസരവുമൊരുക്കുന്നുണ്ട്. നാഡ്കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികള്‍ പരിശീലന രംഗത്ത് സഹായം നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും ഓരോ സ്കൂളെന്ന നിലയില്‍ 140 സര്‍ക്കാര്‍ സ്കൂളുകളിലും 41 സര്‍ക്കാര്‍ കോളേജുകളിലും ആയിരിക്കും തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

No comments:

Post a Comment