KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 14 July 2012

വിവരാവകാശ നിയമം ഇനി സ്‌കൂളില്‍ പഠിക്കാം



ന്യൂദല്‍ഹി: വിവരാവകാശ നിയമത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലുമായി (എന്‍ സി ഇ ആര്‍ ടി) വിവരാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് (പി ആന്റ് ടി) ചര്‍ച്ച ചെയ്തു കഴിഞ്ഞു. സര്‍ക്കാരും എന്‍ സി ഇ ആര്‍ ടിയും സംയുക്തമായാണ് വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നത്. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിന്റെ രൂപരേഖ ഉടന്‍ തയാറാക്കുമെന്നും പി ആന്റ് ടി വകുപ്പിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എന്‍ സി ഇ ആര്‍ ടിയുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. 
കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഭരണ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ വിവരാവകാശ നിയമം ഏറെ സഹായിച്ചിട്ടുണ്ടെന്ന് പേഴ്‌സണല്‍ ആന്റ് ട്രെയിംഗ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ ടി ഐ അപേക്ഷകള്‍ കാരണം ഭരണത്തിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വെച്ച് ആര്‍ ടി ഐ നിയമം വ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെയായിരിക്കും വിവരാവകാശ നിയമം പഠിപ്പിക്കുക. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകളൊന്നും നടത്തില്ല. അതെസമയം, ഇങ്ങനെ പഠിപ്പിക്കുന്നതിന്റെ ഫലം മനസിലാക്കിയ ശേഷം മാത്രമായിരിക്കും സ്‌കൂള്‍ പാഠ്യദ്ധതിയില്‍ ആര്‍ ടി ഐ നിയമം ഉള്‍പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശിക്കുക.  
ധാര്‍മ്മികത, ഐക്യം, സത്യസന്ധ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും അഴിമതിക്കെതിരെ കുട്ടികളെ ബോധവാന്‍മാരുക്കുന്നതിനും പാഠപദ്ധതിയിലൂടെ അഴിമതി വിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെയും പദ്ധതി തയാറാവുന്നത്.

No comments:

Post a Comment