KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 15 July 2012

സ്‌കൂളിലും കോളേജിലും തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നു


- ഇരട്ട ഡിഗ്രി ലഭിക്കും 
-മൂന്ന് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം 
-കോഴ്‌സുകള്‍ 10 മേഖലകളിലായി 
തിരുവനന്തപുരം : വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാക്കുംവിധം സ്‌കൂളുകളിലും കോളേജുകളിലും നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, ബി.എ, ബി.എസ്‌സി, ബി.കോം തുടങ്ങിയ ബിരുദതലത്തിലുമാണ് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടം സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ടാംപാദത്തില്‍ എയ്ഡഡ് മേഖലയിലും തൊഴില്‍ പരിശീലനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 3,10,200 കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കത്തക്കവിധമാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. സ്‌കൂള്‍തലത്തില്‍ ഒരു കുട്ടിക്ക് 10.000 രൂപ ഇതിനായി ചെലവ് വരും. 
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം രൂപം നല്‍കിയ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി നിലവില്‍ നടന്നുവരുന്ന പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായാണ് നടത്തുക. സര്‍വകലാശാല തലത്തില്‍ ഡിഗ്രിയോടൊപ്പം തൊഴില്‍ നൈപുണ്യ കോഴ്‌സ് പഠിച്ചതിന് മറ്റൊരു ബിരുദവും ലഭിക്കും. ഇരട്ട ബിരുദം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പ്രോഗ്രാമായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി യെക്കുറിച്ചാണ്. ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖയിലാണ് പരിശീലനം. 
രണ്ടും മൂന്നും മോഡ്യൂളില്‍ 300  500 മണിക്കൂര്‍ വരെയാണ് പഠനം. ഇരട്ട ബിരുദത്തിന് പുറമെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധത്തിലുള്ള കോഴ്‌സുമുണ്ടാകും. അപ്രന്റീസ്ഷിപ്പിനുള്ള അവസരവും പഠനത്തിന്റെ ഭാഗമായുണ്ട്. 
സ്‌കൂള്‍തലത്തിലുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ കോളേജുകള്‍, സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, വി.എച്ച്.എസ്.ഇ എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. നാസ്‌കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക. സ്‌കൂള്‍തലത്തിലുള്ള പരീക്ഷ നടത്തുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ്. 
ഹോസ്​പിറ്റാലിറ്റിടൂറിസം, റീട്ടെയ്ല്‍, ആരോഗ്യസംരക്ഷണം, ഐ.ടി., ഇവന്റ് മാനേജ്‌മെന്റ്, ബിസിനസ് സര്‍വീസസ്, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി, ബാങ്കിങ്, നിര്‍മാണരംഗം, കൃഷി എന്നീ മേഖലകളിലാണ് തൊഴില്‍ പരിശീലനം നല്‍കുക. ഓരോ രംഗത്തെയും വിദഗ്ദ്ധരും വ്യവസായരംഗത്ത് പരിചയ സമ്പത്തുള്ളവരും സര്‍വകലാശാലാ പ്രതിനിധികളുമടങ്ങുന്ന സമിതിയാണ് കോഴ്‌സിനും സിലബസിനും രൂപം നല്‍കുക. സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലാണ് കോഴ്‌സ് അംഗീകരിക്കേണ്ടത്. 
ആദ്യപടിയായി എല്ലാ നിയോജകമണ്ഡലങ്ങളിലുമായി 140 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 40 സര്‍ക്കാര്‍ കോളേജുകളിലുമാണ് പദ്ധതി തുടങ്ങുക. ഓരോ മണ്ഡലത്തിലും സ്‌കില്‍ റിസോഴ്‌സ് സെന്റര്‍ ഉണ്ടാകും. വിവിധ മേഖലകളില്‍നിന്നുള്ള അഞ്ച് പേരടങ്ങുന്ന ടീമായിരിക്കും ഈ കേന്ദ്രം മാനേജ് ചെയ്യുക. ഇവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയോ, വി.എച്ച്.സി. അധ്യാപകരില്‍ നിന്ന് തിരഞ്ഞെടുത്ത് നിയമിക്കുകയോ ചെയ്യും. 
സംസ്ഥാനാടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രിയാണ് കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, തദ്ദേശസ്ഥാപന വകുപ്പ് മന്ത്രിമാര്‍ കൗണ്‍സിലിന്റെ കോചെയര്‍മാന്‍മാരുമായിരിക്കും.
-മാതൃഭൂമി
                                              

No comments:

Post a Comment