തിരുവനന്തപുരം: ഈ വര്‍ഷത്തെ പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയാകും പരീക്ഷ. ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ശേഷം രണ്ടാം പ്രവൃത്തിദിവസം പരീക്ഷ നടത്താനാണ് ആലോചന. കൃത്യമായ തീയതി എസ്.സി.ഇ.ആര്‍.ടിയുമായി ആലോചിച്ച് നിശ്ചയിക്കും.അധ്യാപക പരിശീലനത്തിന് യോഗം രൂപരേഖ തയാറാക്കി. ജൂലൈ 30ന് 10 ദിവസത്തെ ആദ്യ പരിശീലനം നടക്കും. സംഘടനാ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായിരിക്കും ഇത്. ആഗസ്റ്റ് 10ന് ശേഷം ജില്ലകളില്‍ ഓരോ ബാച്ച് പരിശീലനം നടക്കും. പിന്നീടിത് വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തും. അതുകഴിഞ്ഞ് പ്രാദേശിക തലത്തിലേക്ക് മാറ്റും. അധ്യയനം മുടങ്ങാതെ പരിശീലനം ക്രമീകരിക്കുന്നതിനായാണ് ഈ സമയക്രമം നിശ്ചയിച്ചത്.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ജൂലൈ 30ന് മുമ്പ് രൂപവത്കരിക്കണം.ഇതില്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ക്ളാസ് ചുമതലയില്‍നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കാനുള്ള തീരുമാനം പൂര്‍ണാര്‍ഥത്തില്‍ ഉടന്‍ നടപ്പാക്കും. ജൂലൈയില്‍ തന്നെ ഉത്തരവ് ഇറക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ എ. ഷാജഹാന്‍, എ.ഡി.പി.ഐ എല്‍. രാജന്‍, കമ്മിറ്റി അംഗങ്ങളായ എ.കെ. സൈനുദ്ദീന്‍, ജെ. ശശി, എം. സലാഹുദ്ദീന്‍, എ. സുകുമാരന്‍, എ.കെ. കൃഷ്ണദാസ്, എം. ഷാജഹാന്‍, സിറിയക് കാവില്‍, ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment