KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Showing posts with label വിദ്യാഭ്യാസ അവകാശം. Show all posts
Showing posts with label വിദ്യാഭ്യാസ അവകാശം. Show all posts

Thursday, 27 September 2012

വിദ്യാഭ്യാസ അവകാശ നിയമ ബോധവത്കരണത്തിന് തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടെയും സമഗ്രവികസനം ലക്ഷ്യംവെച്ച് സ്‌കൂള്‍ വികസന പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമ ബോധവത്കരണ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അമ്പലത്തറ ഗവ. യു.പി.എസ്സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പരിപാടികള്‍ ഇതിനു മുന്‍പേ നടപ്പാക്കിയിട്ടുണ്ട്. 2013 മാര്‍ച്ച് 31-ഓടെ പൂര്‍ണമായും ഈ നിയമം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. കാമ്പയിന്‍വേളയില്‍ വിദ്യാഭ്യാസ വളന്റിയര്‍മാര്‍ സ്‌കൂളിലെത്തി രക്ഷിതാക്കളെയും അധ്യാപകരെയും ജനപ്രതിനിധികളെയും ഈ നിയമത്തെപ്പറ്റി ബോധവത്കരിക്കും. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. കെ.ചന്ദ്രിക അധ്യക്ഷത വഹിച്ചു. സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ.എം.രാമാനന്ദന്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ എല്‍.രാജന്‍ കാമ്പയിന്‍ വിശദീകരണം നടത്തി. 

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അന്‍സജിതാ റസ്സല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എല്‍.വിശ്വലത, തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.കേശവന്‍ പോറ്റി, സി.പി.ചെറിയമുഹമ്മദ്, എസ്.എസ്.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സലാഹുദ്ദീന്‍, സി.കെ.അഹമ്മദ്കുട്ടി, ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.രാജേഷ്, എ.ഇ.ഒ. ചന്ദ്രിക, പി.ടി.എ. പ്രസിഡന്റ് റഫീക്, ഹെഡ്മിസ്ട്രസ് സുല്‍ത്താന ബീഗം, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്ല പാറപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

Monday, 13 August 2012

കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസ്മുറികളില്‍ 'അടിശിക്ഷ' നിരോധിച്ച് ഉത്തരവ്

തിരുവനന്തപുരം: ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Friday, 29 June 2012

സര്‍ക്കാര്‍ സ്‌കൂളില്‍ അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും



  • എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി

തിരുവനന്തപുരം: അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശമനുസരിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ സ്‌കൂളിലെ അധ്യയന പുരോഗതി പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. അധ്യാപകരുടെമേല്‍ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
അധ്യാപകന്‍ സ്‌കൂളില്‍ വരുന്ന കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വിദ്യാര്‍ഥികളില്‍ പ്രതീക്ഷിക്കുന്ന അക്കാദമിക പുരോഗതി കൈവരുന്നുണ്ടോയെന്നും ഉറപ്പാക്കണം. അധ്യാപകന്‍ രക്ഷിതാക്കളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടോയെന്ന കാര്യങ്ങളും സമിതിക്ക് വിലയിരുത്താം.
സ്‌കൂളിന്റെ വികസന പദ്ധതി തയ്യാറാക്കുക, സര്‍ക്കാറില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, പണത്തിന്റെ വരവുചെലവ് കണക്ക് നോക്കുക, ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ അധികാരങ്ങളും സമിതിക്കായിരിക്കും.
750 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ 16 അംഗങ്ങളുള്ളതായിരിക്കും സമിതി. അതില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സമിതിയില്‍ 20 പേരുണ്ടാകും. രക്ഷിതാക്കളുടെ പ്രതിനിധികളില്‍ എസ്.സി, എസ്.ടി , ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. സ്‌കൂള്‍ നില്‍ക്കുന്ന വാര്‍ഡിലെ തദ്ദേശസ്ഥാപനാംഗം, അധ്യാപകരുടെ ഒരു പ്രതിനിധി, ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 
ഹെഡ്മാസ്റ്ററായിരിക്കും സമിതിയുടെ കണ്‍വീനര്‍. ഹയര്‍ സെക്കന്‍ഡറിയുള്ളയിടത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ ജോയന്റ് കണ്‍വീനറുമായിരിക്കും. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും സമിതി യോഗം കൂടി തിരഞ്ഞെടുക്കും.