KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 4 September 2013

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 14,500 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 3500 രൂപയും 14,500 രൂപയ്ക്കുമേല്‍ ശമ്പളമുള്ളവര്‍ക്ക് 2,200 രൂപയുമായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്‌പെഷ്യല്‍ അലവന്‍സായി നല്‍കും. താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും.

Friday 23 August 2013

സ്കൂളുകളിലേക്ക് വിത്തുവണ്ടി വരുന്നു



 സ്‌കൂള്‍ കുട്ടികളെ കൃഷിയുടെ പ്രാധാന്യം ബോധ്യ പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിത്തുവണ്ടി പതിന്നാല് ജില്ലകളിലും വരുന്നു. വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വിത്തുവണ്ടിയില്‍ പാട്ട്,കളി, അഭിനയം എന്നിവയുണ്ടാകും. അധ്യാപകരും കുട്ടികളും ഇതില്‍ പങ്കാളികളാകും .

ഇക്കുറി 50 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിത്ത് വാങ്ങിയിട്ടുള്ളത്. ഇതുവഴി ഒരുകോടി മാതാപിതാക്കളും കൂട്ടികള്‍ക്കൊപ്പം കൃഷിയില്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൃഷി നടത്തുകയും അതിലൂടെ ഭാവിയില്‍ കേരളമാകെ കൃഷി ഉറപ്പാക്കുകയും ചെയ്യുകയാണ് വിത്തുവണ്ടിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളെപ്പറ്റി കുട്ടികളിലും അധ്യാപകരിലും മാതാപിതാക്കളിലും ഒക്കെയുള്ള അഭിപ്രായ സര്‍വ്വേകൂടിയാകും വിത്തുവണ്ടി. പതിന്നാല് ജില്ലകളിലേക്കുമായി രണ്ട് വിത്തുവണ്ടിയാണ് വരുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന വിത്തു വണ്ടിയും കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന വിത്തുവണ്ടിയും തൃശ്ശൂരിലാണ് സംഗമിക്കുന്നത്. 
  
ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട പരിശീലനം സിദ്ധിച്ച കൃഷി അസിസ്റ്റന്റുമാരായിരിക്കും വിത്തുവണ്ടി നയിക്കുക . വിത്തുവണ്ടിയില്‍ സഞ്ചരിക്കുന്ന ഇവര്‍ കൃഷി പ്രചാരണ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കും. ഒരു വിത്തുവണ്ടിയില്‍ ഏഴ് ഫാക്കല്‍റ്റിയുണ്ടാകും. ഒരു സബ്ബ് ജില്ലയിലെ ഒരു സ്‌കൂളിലായിരിക്കും വിത്തുവണ്ടി എത്തുക. ഏത് സ്‌കൂളിലാണ് ഇത്തരത്തില്‍ വിത്തുവണ്ടിയെത്തുകയെന്ന് ജില്ലാ കൃഷി ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അസിസ്റ്റന്റ് ഡയറക്ടര്‍മാരും എ.ഇ.ഒ.യും തീരുമാനിക്കും. ഒരു ജില്ലയില്‍ രണ്ടുദിവസമാണ് വിത്തുവണ്ടിയുടെ പര്യടനം. വിത്തുവണ്ടി സ്‌കൂളുകളില്‍ എത്തുമ്പോള്‍ ഉത്സവത്തിന്റെ പ്രതീതി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളുടെ കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടുള്ള അലങ്കാരം എന്നിവ ഉണ്ടാകും . സ്‌കൂളുകളിലെ കൃഷി കോ-ഓര്‍ഡിനേറ്ററായ അധ്യാപകര്‍, കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങള്‍ എന്നിവരെ വിത്തു വണ്ടിയുടെ വേദിയില്‍ കയറ്റും. കൃഷിയുടെ മാഹാത്മ്യ പ്രചാരണത്തിനായുള്ള വിത്തുവണ്ടി ഓരോ സ്‌കുളിലുമെത്തുമ്പോള്‍ ഉദ്ഘാടനത്തിനായി അതതിടത്തെ എം.എല്‍.എ. മാരെയും എത്തിക്കും. കൃഷി. വീട് എന്ന ഡയറിയും അധ്യാപകര്‍ക്കായി കൃഷിദര്‍പ്പണം എന്ന ഡയറിയും വിത്തുവണ്ടിയിലൂടെ വിതരണം ചെയ്യും . 

ആദ്യ വിത്തുവണ്ടി കാസര്‍കോട്ടുനിന്ന് 20ന് കൃഷി മന്ത്രി കെ.പി.മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു . തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച  വണ്ടിയുടെ പ്രയാണം  വിദ്യാഭ്യാസമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത് . തിരുവനന്തപുരത്തുനിന്ന് വിത്തുവണ്ടി കൊല്ലത്തേക്കും പിന്നീട് മറ്റ് ജില്ലകളിലേക്കും പോകും.

Sunday 18 August 2013

മലയാള സര്‍വകലാശാല പഠനസജ്ജമായത് പത്ത് മാസം കൊണ്ട്


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പിന് ഇതൊരു ചരിത്ര നേട്ടമായി മാറി.

ഓര്‍ഡിനന്‍സ് വന്ന് 10 മാസം കൊണ്ട് താല്‍ക്കാലിക കെട്ടിടവും അധ്യാപക അനധ്യാപക സ്റ്റാഫും വിദ്യാര്‍ത്ഥി പ്രവേശനവും ഉള്‍പ്പെടെ എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. കേരള പിറവി ദിനത്തില്‍ മലയാള സര്‍വകലാശാല തുഞ്ചന്‍ പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് മുതല്‍ ഓരോ ഘട്ടങ്ങളും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുഞ്ചന്‍ കോളജിനോടനുബന്ധിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 100 ദിവസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചു. ജൂലൈ 20-ന് മുഖ്യമന്ത്രി തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഇതിനിടയില്‍ അധ്യാപക നിയമനങ്ങളും സിലബസ് തയ്യാറാക്കലും ലൈബ്രറി സജ്ജീകരണവും പൂര്‍ത്തീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രവേശനവും പൂര്‍ത്തിയായതോടെ ഇന്നലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കലും ലൈബ്രറി ഉദ്ഘാടനവും കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റേയും സി.മമ്മുട്ടി എം.എല്‍.എയുടേയും ഭരണപരമായ ഇടപെടലുകളും വി.സി ഡോ. കെ. ജയകുമാറിന്റെ ഊര്‍ജസ്വലതയുമായാണ് 10 മാസം കൊണ്ട് ഒരു സര്‍വകലാശാല പ്രവര്‍ത്തന സജ്ജമായത്.

Saturday 17 August 2013

ആഗസ്റ്റ് 17-സെപ്റ്റംബര്‍ 30 സ്ക്കൂള്‍ calander

ആഗസ്റ്റ് 17 - പ്രവൃത്തിദിവസം
ആഗസ്റ്റ് 19 - സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ആഗസ്റ്റ് 20 - നാമനിര്‍ദ്ദേശ പത്രികാ പരിശോധന
ആഗസ്റ്റ് 21 3pm- നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി
ആഗസ്റ്റ് 21 - മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരണം.
ആഗസ്റ്റ് 27 - വോട്ടെടുപ്പ് , വോട്ടെണ്ണല്‍
ആഗസ്റ്റ് 29 - പാര്‍ലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
സെപ്റ്റംബര്‍ 2 - പാര്‍ലമെന്റ് ആദ്യ യോഗം
സെപ്റ്റംബര്‍ 4 - പരീക്ഷകള്‍ ആരംഭിക്കുന്നു.
സെപ്റ്റംബര്‍ 13 - ഓണാവധി സ്ക്കൂള്‍ അടയ്ക്കുന്നു.
സെപ്റ്റംബര്‍ 23 - സ്ക്കൂള്‍ തുറക്കുന്നു.
സെപ്റ്റംബര്‍ 30 - പ്രീമെട്രിക് റിന്യൂവല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി

Wednesday 7 August 2013

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് ആഗസ്റ്റ് 16 വൈകുന്നേരം അഞ്ച് മണിവരെ സമയം ദീര്‍ഘിപ്പിച്ചു. ബാങ്ക് അക്കൗണ്ട്/ആധാര്‍/യു.ഐ.ഡി നമ്പരുകള്‍ ലഭിക്കാത്തവരും, നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ നല്‍കണം.

Wednesday 31 July 2013

സൈബര്‍ കുറ്റകൃത്യങ്ങള്‍ : പിടിഎകളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി



സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് അറിവ് പകരുന്നതിന് ക്ലാസ് പി.ടി.എകളിലൂടെ സാധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ്.തിരുവനന്തപുരത്ത് മണക്കാട് സ്‌കൂളില്‍ 'സ്‌കൂള്‍ സ്‌കോളര്‍ഷിപ്പും സൈബര്‍ കുറ്റകൃത്യങ്ങളും' രക്ഷകര്‍ത്തൃ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ശാസ്ത്ര- സാങ്കേതിക വിദ്യ നല്‍കുന്ന സംഭാവന മഹത്താണ്.എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ് മറുവശം.വല്ലപ്പോഴും സംഭവിക്കുന്ന കുറ്റകൃത്യമെന്നതില്‍ നിന്നും മാറി സൈബര്‍ കുറ്റകൃത്യങ്ങള്‍ നിത്യസംഭവമായിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കുട്ടികള്‍ സൈബര്‍ ചതിക്കുഴികളിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള അവബോധമില്ലായ്മ മൂലം പ്രതിവര്‍ഷം ഇതിനുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലാപ്‌സാകുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ സി.കെ.മോഹനന്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ കെ.എ.ഹാഷിം എന്നിവര്‍ പങ്കെടുത്തു.സീ-മാറ്റ് കേരള തയാറാക്കിയ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്ന കൈപ്പുസ്തകം വി.എച്ച്.എസ്.ഇ ഡയറക്ടര്‍ സി.കെ.മോഹനന് ആദ്യപ്രതി നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

Monday 29 July 2013

ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേര്‍


വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് അധ്യാപകര്‍ക്കുള്ള 2012 ലെ ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്നും പ്രൈമറി, സെക്കന്‍ഡറി, മദ്രസ വിഭാഗത്തില്‍ നിന്നും 12 പേര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുവിവരം ചുവടെ. പ്രൈമറി വിഭാഗം : സത്യജോസ്.ഡി., ഗവ.ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍, പറണ്ടോട്, എന്‍.റഷീദാ ബീഗം, ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, മുണ്ടക്കല്‍, എ.വൈ.ദാസ്, ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, കോടാലി,തൃശ്ശൂര്‍, അബ്ദുള്‍ ഗഫൂര്‍.കെ.വി.എം, എം.യു.എ.യു.പി.സ്‌കൂള്‍, പാണക്കാട്, ശശിഭൂഷണ്‍.വി.കെ., എ.യു.പി.സ്‌കൂള്‍, തേഞ്ഞിപ്പാലം, ശശിധരന്‍.കെ.വി., കമാലിയ മദ്രസ എ.യു.പി.സ്‌കൂള്‍, ഇരിക്കൂര്‍, കെ.ഹേമചന്ദ്രന്‍, സി.സി.യു.പി.സ്‌കൂള്‍, നാദാപുരം. സെക്കന്‍ഡറി വിഭാഗം : കെ.സുരേഷ് കുമാര്‍, എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരുമല, സാം മാത്യു.സി, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട, സി.ശശിധരന്‍, പലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി, പത്മനാഭന്‍ പരിയാരന്‍ വീട്ടില്‍, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍. മദ്രസ ടീച്ചര്‍ : ഡോ.അബ്ദുള്‍ ബാരി.എന്‍. എ.റ്റി.എം.എച്ച്.എസ്.എസ്., മലപ്പുറം.

Saturday 27 July 2013

അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ കാലഘട്ടത്തിനനുസൃതം : വിദ്യാഭ്യാസ മന്ത്രി


അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ കാലഘട്ടത്തിനനുസൃതമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ്. കൈപുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി .വിവിധ പുസ്തകങ്ങള്‍ മന്ത്രിയില്‍ നിന്നും വിവിധ മേഖലകളിലുള്ളവര്‍ ഏറ്റുവാങ്ങി.ടീച്ചേഴ്‌സ് കൗണ്‍സിലര്‍ സഹായി -ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, സ്‌കൂള്‍ ഗണിതലാബ് മാര്‍ഗ്ഗരേഖ -പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ ഷാജഹാന്‍, ഉല്ലാസപറവകള്‍ -എന്‍ ആര്‍ എച്ച് എം പ്രതിനിധി എന്‍ ശ്രീധര്‍, കായിക അധ്യാപകര്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥം(എല്‍.പി) -കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, കായിക അധ്യാപകര്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥം(യു.പി) -കായിക യുവജനകാര്യാലയം ഡയറക്ടര്‍ നജിമുദ്ദീന്‍, സുരക്ഷിത യാത്ര -ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അലക്‌സ് പോള്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി.ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ പഠനം മികച്ചതാക്കാന്‍ വിവിധ മേഖലകളെ പ്രതിപാദിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി യാണ് തയ്യാറാക്കിയത്.ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ കെ എ ഹാഷിം, കോട്ടണ്‍ ഹില്‍ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ മിനി എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂലൈ 31 ന് സ്‌കൂള്‍തലത്തില്‍ രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കും.

വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും സ്‌കൂള്‍തലത്തില്‍ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസവകുപ്പ് അവബോധം നല്‍കും. ജൂലൈ 31 ന് രണ്ട് മണി മുതല്‍ മൂന്ന് വരെയും മൂന്ന് മണിമുതല്‍ 3.30 വരെയുമാണ് ക്ലാസ്. ഇതിനായി അദ്ധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗരേഖയും ബന്ധപ്പെട്ട വിവരങ്ങളുംwww.education.kerala.gov.in, www.siemat.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tuesday 23 July 2013

സാങ്കേതിക സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നിയമം പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള നിയമം താമസിയാതെ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ബ്ലോക്കിന്റെ ശിലാസ്ഥാപനകര്‍മ്മവും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിപുലീകരണവും വൈവിധ്യവല്‍ക്കരണവും നടക്കുന്ന സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി അവരെ കാലഘട്ടത്തിനനുസരിച്ച് പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ മേഖലയിലുള്ള ഗവേഷണവും പഠനവും നടത്താനുള്ള സൗകര്യം എഞ്ചിനിയറിംഗ് കോളേജില്‍ ഒരുക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ തൊഴില്‍ മികവ് കൈവരിക്കാനാകും. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് അഭ്യസ്തവിദ്യാരായവര്‍ക്ക് തൊഴില്‍ദായകരാകാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി -എസ് ടി വനിതാ ഹോസ്റ്റലിന്റെ ശിലാസ്ഥാപനകര്‍മ്മവും സി.ഇ.ടി റിസര്‍ച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും കേന്ദ്ര മാനവവിഭവശേഷി വകുപ്പു സഹമന്ത്രി ശശിതരൂര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജെ ലത, എ.ഐ.സി.ടി.ഇ മെമ്പര്‍ സെക്രട്ടറി കുഞ്ചെറിയ പി ഐസക്, പ്രിന്‍സിപ്പല്‍ ഷീല.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday 17 July 2013

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് എട്ട് വരെ നീട്ടി

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് എട്ട് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയതായി വിദ്യാഭ്യാസവകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായും മന്ത്രി പറഞ്ഞു. രക്ഷിതാക്കളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതനുസരിച്ച് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ നേരത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവരും, സ്‌കോളര്‍ഷിപ്പ് തുടര്‍ന്നു ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവരും സെപ്തംബര്‍ 30 നകം ബാങ്കുകളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സ്വീകരിച്ച് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറോ യു. ഐഡി നമ്പറോ നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും, യു.ഐ.ഡി നമ്പറും നല്‍കേണ്ടതാണ്. ദേശസാല്‍കൃത ബാങ്കുകള്‍ക്കു പുറമേ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, വിദ്യാഭ്യാസവകുപ്പും നല്‍കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഭാവിയില്‍ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.education.kerala.gov.in, www.scholarship.it school.gov.in വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

സ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി


സംസ്ഥാനത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. പാചകപ്പുരകള്‍ അതീവ വൃത്തിയോടെ സൂക്ഷിക്കണം. പാചകത്തിന് മുമ്പ് ആഹാര പദാര്‍ത്ഥങ്ങളും പാചകപാത്രങ്ങളും ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ധാന്യങ്ങള്‍ പാചകത്തിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. പാചകത്തിന് പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കരുത്. പച്ചക്കറികള്‍, ഫലങ്ങള്‍ തുടങ്ങിയവ നന്നായി കഴുകിയ ശേഷമേ ഉപയോഗിക്കാവൂ. ജന്മദിനം തുടങ്ങിയ ആഘോഷഭാഗമായി സ്‌ക്കൂളുകളില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കാവൂ. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം. പാചക തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കും മുമ്പ് ഭക്ഷ്യവിതരണത്തിന്റെ ചുമതലയുള്ള കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെങ്കിലും പരിശോധിക്കണം. പ്രഥമാധ്യാപകനാണ് ഇതു സ്ബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം. സ്‌ക്കൂള്‍ പരിസരത്തുള്ള ഭക്ഷണപാനീയ വില്പനശാലകളില്‍ പരിശോധനകള്‍ നടത്തി ഭക്ഷണത്തിന്റെ ഗുണമേന്മഉറപ്പുവരുത്താന്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാന്‍ സ്‌ക്കൂള്‍, ഉപജില്ലാ, ജില്ലാ തലങ്ങളിലുള്ള കമ്മിറ്റികളും പി.ടി.എ, മാതൃ പി.ടി.എ, എസ്.എം.സി, തുടങ്ങിയ കമ്മിറ്റികളും അടിയന്തിരമായി കൂടി ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ വിശകലനത്തിന് വിധേയമാക്കണം. അവയുടെ റിപ്പോര്‍ട്ട് മാസംതോറും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയക്കണമെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.