KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 23 August 2013

സ്കൂളുകളിലേക്ക് വിത്തുവണ്ടി വരുന്നു



 സ്‌കൂള്‍ കുട്ടികളെ കൃഷിയുടെ പ്രാധാന്യം ബോധ്യ പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിത്തുവണ്ടി പതിന്നാല് ജില്ലകളിലും വരുന്നു. വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വിത്തുവണ്ടിയില്‍ പാട്ട്,കളി, അഭിനയം എന്നിവയുണ്ടാകും. അധ്യാപകരും കുട്ടികളും ഇതില്‍ പങ്കാളികളാകും .

ഇക്കുറി 50 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിത്ത് വാങ്ങിയിട്ടുള്ളത്. ഇതുവഴി ഒരുകോടി മാതാപിതാക്കളും കൂട്ടികള്‍ക്കൊപ്പം കൃഷിയില്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൃഷി നടത്തുകയും അതിലൂടെ ഭാവിയില്‍ കേരളമാകെ കൃഷി ഉറപ്പാക്കുകയും ചെയ്യുകയാണ് വിത്തുവണ്ടിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളെപ്പറ്റി കുട്ടികളിലും അധ്യാപകരിലും മാതാപിതാക്കളിലും ഒക്കെയുള്ള അഭിപ്രായ സര്‍വ്വേകൂടിയാകും വിത്തുവണ്ടി. പതിന്നാല് ജില്ലകളിലേക്കുമായി രണ്ട് വിത്തുവണ്ടിയാണ് വരുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന വിത്തു വണ്ടിയും കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന വിത്തുവണ്ടിയും തൃശ്ശൂരിലാണ് സംഗമിക്കുന്നത്. 
  
ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട പരിശീലനം സിദ്ധിച്ച കൃഷി അസിസ്റ്റന്റുമാരായിരിക്കും വിത്തുവണ്ടി നയിക്കുക . വിത്തുവണ്ടിയില്‍ സഞ്ചരിക്കുന്ന ഇവര്‍ കൃഷി പ്രചാരണ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കും. ഒരു വിത്തുവണ്ടിയില്‍ ഏഴ് ഫാക്കല്‍റ്റിയുണ്ടാകും. ഒരു സബ്ബ് ജില്ലയിലെ ഒരു സ്‌കൂളിലായിരിക്കും വിത്തുവണ്ടി എത്തുക. ഏത് സ്‌കൂളിലാണ് ഇത്തരത്തില്‍ വിത്തുവണ്ടിയെത്തുകയെന്ന് ജില്ലാ കൃഷി ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അസിസ്റ്റന്റ് ഡയറക്ടര്‍മാരും എ.ഇ.ഒ.യും തീരുമാനിക്കും. ഒരു ജില്ലയില്‍ രണ്ടുദിവസമാണ് വിത്തുവണ്ടിയുടെ പര്യടനം. വിത്തുവണ്ടി സ്‌കൂളുകളില്‍ എത്തുമ്പോള്‍ ഉത്സവത്തിന്റെ പ്രതീതി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളുടെ കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടുള്ള അലങ്കാരം എന്നിവ ഉണ്ടാകും . സ്‌കൂളുകളിലെ കൃഷി കോ-ഓര്‍ഡിനേറ്ററായ അധ്യാപകര്‍, കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങള്‍ എന്നിവരെ വിത്തു വണ്ടിയുടെ വേദിയില്‍ കയറ്റും. കൃഷിയുടെ മാഹാത്മ്യ പ്രചാരണത്തിനായുള്ള വിത്തുവണ്ടി ഓരോ സ്‌കുളിലുമെത്തുമ്പോള്‍ ഉദ്ഘാടനത്തിനായി അതതിടത്തെ എം.എല്‍.എ. മാരെയും എത്തിക്കും. കൃഷി. വീട് എന്ന ഡയറിയും അധ്യാപകര്‍ക്കായി കൃഷിദര്‍പ്പണം എന്ന ഡയറിയും വിത്തുവണ്ടിയിലൂടെ വിതരണം ചെയ്യും . 

ആദ്യ വിത്തുവണ്ടി കാസര്‍കോട്ടുനിന്ന് 20ന് കൃഷി മന്ത്രി കെ.പി.മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു . തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച  വണ്ടിയുടെ പ്രയാണം  വിദ്യാഭ്യാസമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത് . തിരുവനന്തപുരത്തുനിന്ന് വിത്തുവണ്ടി കൊല്ലത്തേക്കും പിന്നീട് മറ്റ് ജില്ലകളിലേക്കും പോകും.

Sunday 18 August 2013

മലയാള സര്‍വകലാശാല പഠനസജ്ജമായത് പത്ത് മാസം കൊണ്ട്


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പിന് ഇതൊരു ചരിത്ര നേട്ടമായി മാറി.

ഓര്‍ഡിനന്‍സ് വന്ന് 10 മാസം കൊണ്ട് താല്‍ക്കാലിക കെട്ടിടവും അധ്യാപക അനധ്യാപക സ്റ്റാഫും വിദ്യാര്‍ത്ഥി പ്രവേശനവും ഉള്‍പ്പെടെ എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. കേരള പിറവി ദിനത്തില്‍ മലയാള സര്‍വകലാശാല തുഞ്ചന്‍ പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് മുതല്‍ ഓരോ ഘട്ടങ്ങളും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുഞ്ചന്‍ കോളജിനോടനുബന്ധിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 100 ദിവസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചു. ജൂലൈ 20-ന് മുഖ്യമന്ത്രി തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഇതിനിടയില്‍ അധ്യാപക നിയമനങ്ങളും സിലബസ് തയ്യാറാക്കലും ലൈബ്രറി സജ്ജീകരണവും പൂര്‍ത്തീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രവേശനവും പൂര്‍ത്തിയായതോടെ ഇന്നലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കലും ലൈബ്രറി ഉദ്ഘാടനവും കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റേയും സി.മമ്മുട്ടി എം.എല്‍.എയുടേയും ഭരണപരമായ ഇടപെടലുകളും വി.സി ഡോ. കെ. ജയകുമാറിന്റെ ഊര്‍ജസ്വലതയുമായാണ് 10 മാസം കൊണ്ട് ഒരു സര്‍വകലാശാല പ്രവര്‍ത്തന സജ്ജമായത്.

Saturday 17 August 2013

ആഗസ്റ്റ് 17-സെപ്റ്റംബര്‍ 30 സ്ക്കൂള്‍ calander

ആഗസ്റ്റ് 17 - പ്രവൃത്തിദിവസം
ആഗസ്റ്റ് 19 - സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ആഗസ്റ്റ് 20 - നാമനിര്‍ദ്ദേശ പത്രികാ പരിശോധന
ആഗസ്റ്റ് 21 3pm- നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി
ആഗസ്റ്റ് 21 - മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരണം.
ആഗസ്റ്റ് 27 - വോട്ടെടുപ്പ് , വോട്ടെണ്ണല്‍
ആഗസ്റ്റ് 29 - പാര്‍ലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
സെപ്റ്റംബര്‍ 2 - പാര്‍ലമെന്റ് ആദ്യ യോഗം
സെപ്റ്റംബര്‍ 4 - പരീക്ഷകള്‍ ആരംഭിക്കുന്നു.
സെപ്റ്റംബര്‍ 13 - ഓണാവധി സ്ക്കൂള്‍ അടയ്ക്കുന്നു.
സെപ്റ്റംബര്‍ 23 - സ്ക്കൂള്‍ തുറക്കുന്നു.
സെപ്റ്റംബര്‍ 30 - പ്രീമെട്രിക് റിന്യൂവല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി

Wednesday 7 August 2013

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് ആഗസ്റ്റ് 16 വൈകുന്നേരം അഞ്ച് മണിവരെ സമയം ദീര്‍ഘിപ്പിച്ചു. ബാങ്ക് അക്കൗണ്ട്/ആധാര്‍/യു.ഐ.ഡി നമ്പരുകള്‍ ലഭിക്കാത്തവരും, നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ നല്‍കണം.