KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 27 September 2012

വിദ്യാഭ്യാസ അവകാശ നിയമ ബോധവത്കരണത്തിന് തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടെയും സമഗ്രവികസനം ലക്ഷ്യംവെച്ച് സ്‌കൂള്‍ വികസന പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമ ബോധവത്കരണ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അമ്പലത്തറ ഗവ. യു.പി.എസ്സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പരിപാടികള്‍ ഇതിനു മുന്‍പേ നടപ്പാക്കിയിട്ടുണ്ട്. 2013 മാര്‍ച്ച് 31-ഓടെ പൂര്‍ണമായും ഈ നിയമം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. കാമ്പയിന്‍വേളയില്‍ വിദ്യാഭ്യാസ വളന്റിയര്‍മാര്‍ സ്‌കൂളിലെത്തി രക്ഷിതാക്കളെയും അധ്യാപകരെയും ജനപ്രതിനിധികളെയും ഈ നിയമത്തെപ്പറ്റി ബോധവത്കരിക്കും. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. കെ.ചന്ദ്രിക അധ്യക്ഷത വഹിച്ചു. സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ.എം.രാമാനന്ദന്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ എല്‍.രാജന്‍ കാമ്പയിന്‍ വിശദീകരണം നടത്തി. 

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അന്‍സജിതാ റസ്സല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എല്‍.വിശ്വലത, തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.കേശവന്‍ പോറ്റി, സി.പി.ചെറിയമുഹമ്മദ്, എസ്.എസ്.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സലാഹുദ്ദീന്‍, സി.കെ.അഹമ്മദ്കുട്ടി, ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.രാജേഷ്, എ.ഇ.ഒ. ചന്ദ്രിക, പി.ടി.എ. പ്രസിഡന്റ് റഫീക്, ഹെഡ്മിസ്ട്രസ് സുല്‍ത്താന ബീഗം, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്ല പാറപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടിക്കരുത്തില്‍ മലപ്പുറം ഫുട്ബാള്‍

കുട്ടിക്കരുത്തില്‍ മലപ്പുറം ഫുട്ബാള്‍

കാല്‍പന്തുകളിയെ നെഞ്ചേറ്റിയ ഒരു ജനത ചരിത്രത്തിന്‍െറ നാള്‍വഴികളില്‍ വിസ്മയക്കുതിപ്പിന് കാത്തിരിക്കുന്നു. രാജ്യത്തോളം വളര്‍ന്ന എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ മലപ്പുറത്തിന്‍െറ മണ്ണ് കേരള ഫുട്ബാളിന്‍െറ അക്ഷയഖനി തന്നെയാണെന്ന് ഊട്ടിയുറപ്പിച്ച നാളെയുടെ താരങ്ങള്‍ വിജയങ്ങളുടെ തേരോട്ടം തുടരുന്നു. തിങ്കളാഴ്ച തൊടുപുഴയില്‍ സമാപിച്ച സംസഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ അയല്‍ക്കാരായ പാലക്കാടിനെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ട മലപ്പുറം ചേര്‍ത്തലയില്‍ ജൂനിയര്‍ കിരീടവും വീണ്ടെടുക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞതവണ നഷ്ടമായ കപ്പ് വീണ്ടെടുക്കുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് മലപ്പുറം ഇന്ന് ജൂനിയര്‍ പോരാട്ടങ്ങളുടെ കലാശക്കളിയില്‍ ചേര്‍ത്തലയില്‍ കളത്തിലിറങ്ങൂന്നത്. അരീക്കോട്ടുകാരന്‍ നസീര്‍ അലിയാണ് ടീമിനെ നയിക്കുന്നത്. അരീക്കോട്ട് നിന്നുള്ളവരാണ് ടീമിലെ മിക്കവരും.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ മലപ്പുറത്തിന് കിരീട വിജയങ്ങള്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍, മറ്റൊരു അദ്ഭുതത്തിനാണ് ജില്ല ഇന്ന് കാതോര്‍ക്കുന്നത്. ദല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെമി പ്രവേശത്തിലൂടെ ചരിത്രം തിരുത്തിയെഴുതി കഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട സുബ്രതോ കപ്പ് സ്കൂള്‍തല പോരാട്ടത്തില്‍ ഇതാദ്യമായി അവസാന നാലിലിടം പിടിച്ച കേരള ടീമെന്ന ഖ്യാതിയുമായി എം.എസ്.പി ഇന്ന് സെമിയില്‍ മണിപ്പൂരിനെ നേരിടും. അക്കാദമിയില്‍ കളി പഠിച്ചെത്തിയ മിസോറാമുകാരെ ക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ച മലപ്പുറത്തിന്‍െറ ചുണക്കുട്ടികള്‍ ഇന്ന് രണ്ടും കല്‍പ്പിച്ച പടപ്പുറപ്പാടിലാണ്. ഇന്ന്കൂടി ജയിച്ചാല്‍ സമാനതകളില്ലാത്ത ചരിത്രത്തിലേക്ക് ഒരു ചുവട്കൂടി മാത്രം. ക്വാര്‍ട്ടറില്‍ സഫീറിന്‍െറ എണ്ണം പറഞ്ഞ ഗോളിലൂടെയാണ് മുന്‍ ജൂനിയര്‍ ഇന്ത്യന്‍താരം ബിനോയ് സി. ജയിംസ് പരിശീലിപ്പിക്കുന്ന എം.എസ്.പി സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബിഹാറിനെയും ദല്‍ഹിയെയും ബംഗാളിനെയും മലര്‍ത്തിയടിച്ച കേരളത്തിന്‍െറ യൗവനം ഒരു നാടിന്‍െറ മുഴുവന്‍ പ്രാര്‍ഥനകളുമേറ്റുവാങ്ങിയാണ് ഇന്ന് കളത്തിലിറങ്ങുക.
അണ്ടര്‍ 16 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹനാന്‍ ജാവേദ് ഇടംപിടിച്ചതിന്‍െറ ആഹ്ളാദാരവങ്ങള്‍ക്കിടയിലാണ് മലപ്പുറത്തിന്‍െറ ഫുട്ബാള്‍ ചെപ്പില്‍ ഇനിയും അത്ഭുതങ്ങളുണ്ടെന്ന സന്ദേശവുമായി ജൂനിയര്‍ തലത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
അതേസമയം, ചേര്‍ത്തലയിലെ മൈതാനത്തെ ചരല്‍ നിറഞ്ഞ പ്രതലം ജൂനിയര്‍ കിരീടനേട്ടത്തിന് കുരുക്കാവുമോയെന്ന് ആശങ്കയുമുണ്ട്. മൈതാനത്ത് ചരല്‍ കൂടുതലായതിനാല്‍ കുറിയ പാസുകള്‍ കളിക്കാനാവില്ലെന്ന് കോച്ച് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാരണത്താലാണ് ചാമ്പ്യന്‍ഷിപ്പിലെ മിക്ക മത്സരങ്ങളും ടൈ¤്രബക്കറിലേക്ക് കടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ , മൈതാനത്തിന്‍െറ സ്വഭാവമനുസരിച്ച കളി തന്ത്രങ്ങളാവും മലപ്പുറം പരീക്ഷിക്കുക.

35 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കും


തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമിക് ശിക്ഷാഅഭിയാന്‍ (ആര്‍.എം.എസ്.എ.) പദ്ധതി പ്രകാരം സംസ്ഥാനത്തെ 35 സര്‍ക്കാര്‍ യു. പി .സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല: ചെറ്റച്ചല്‍, ജവഹര്‍ കോളനി, പോങ്ങനാട്, കുടവൂര്‍ക്കോണം, അയിലം, ഉത്തരംകോട്, എരുവേലി. കൊല്ലം ജില്ല: തലച്ചിറ, ചക്കുവരക്കല്‍, പുത്തന്‍തുറ. 

ആലപ്പുഴ ജില്ല: നാലുചിറ, മുഹമ്മദന്‍സ്, കൊല്ലകടവ്. കോട്ടയം ജില്ല: പനക്കച്ചിറ, കാപ്പാട്, കൊമ്പുകുത്തി, വെല്‍ഫെയര്‍ കൂവക്കാവ്, വടവത്തൂര്‍. എറണാകുളം ജില്ല: പാലിശ്ശേരി, തത്തപ്പിള്ളി. മലപ്പുറം ജില്ല: ഇടപ്പറ്റ, ജി.എം. തൂവക്കാട്, കാപ്പ്, മുണ്ടേരി, കാപ്പില്‍കാരാട്, വേട്ടിലപ്പാറ. കോഴിക്കോട് ജില്ല: വന്‍മുഖം, പേരാമ്പ്ര പ്ലാന്‍േറഷന്‍, വേങ്ങപ്പട്ട, കാവിലുമ്പാറ. വയനാട് ജില്ല: വരമ്പേറ്റ, തൃക്കേപ്പറ്റ, കണ്ണൂര്‍ ജില്ല: കള്ളിക്കടവ്, രേരോം. 

കാസര്‍കോട് ജില്ല: കാഞ്ഞിരപ്പൊയില്‍, പുല്ലൂര്‍ പെരിയ, ജി.എസ്.ബി.എസ്. സുരമ്പിയല്‍, കുട്ടിക്കോല്‍ എന്നീ സ്‌കൂളുകളാണ് ഹൈസ്‌കൂളാക്കുന്നത്. യു.പി.സ്‌കൂള്‍ ഇല്ലാത്ത കാസര്‍കോട് ബ്ലോക്കില്‍ കുറ്റിക്കോല്‍ ഹൈസ്‌കൂളിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും.

Wednesday 26 September 2012

യുവശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ്


തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2013-ലെ യുവശാസ്ത്രജ്ഞര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമായി സ്വതന്ത്ര ഗവേഷണം നടത്തുന്ന പി എച്ച്. ഡി. ബിരുദധാരികളും 1976 ജനവരി ഒന്നിന് ശേഷം ജനിച്ചവരുമായിരിക്കണം അപേക്ഷകര്‍. അരലക്ഷം രൂപയും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റും മെഡലുമടങ്ങുന്ന പതിനാല് അവാര്‍ഡുകളാണ് വിവിധ ശാഖകളിലായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൗണ്‍സില്‍ രൂപവത്കരിച്ച സബ്ജക്ട് കമ്മിറ്റികള്‍ അപേക്ഷകള്‍ പരിശോധിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിക്കും. അവസാന പട്ടികയില്‍ നിന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അവാര്‍ഡിന് യോഗ്യരായവരെ നിര്‍ണയിക്കുന്നത്. അടുത്ത ജനവരിയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ജനവരി 29 മുതല്‍ ഫിബ്രവരി ഒന്നുവരെ ടെക്‌നോപാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. 

അവാര്‍ഡുകള്‍ക്ക് അര്‍ഹമായ പ്രബന്ധങ്ങള്‍ കേരള സയന്‍സ് കോണ്‍ഗ്രസ്സിന്റെ പ്ലീനറി സെഷനില്‍ അവതരിപ്പിക്കും. വിശദാംശങ്ങളും നാമനിര്‍ദേശത്തിനുള്ള രൂപരേഖയും കേരള സയന്‍സ് കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍  www.ksc.kerala.gov.in  ലഭ്യമാണ്. ആവശ്യമായ രേഖകളടക്കമുള്ള നാമനിര്‍ദേശങ്ങള്‍ ഡോ. കെ. വിജയകുമാര്‍, സയന്റിഫിക് ഓഫീസര്‍, കെ.എസ്.സി.എസ്.ടി.ഇ. ശാസ്ത്രഭവന്‍, പട്ടം പി. ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 15നകം ലഭിക്കണം.

Tuesday 25 September 2012

ഇന്‍ഡ്യയില്‍ ആദ്യമായി സ്കൂള്‍ തലത്തില്‍ വി.പി.എന്‍. സംവിധാനം.


സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് 300 ഓഫീസുകളിലുമായി കണക്ടവിറ്റി ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ധാരണാപത്രം സെക്രട്ടറിയേറ്റ് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കരന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.കെ.എം.രാമാനന്ദന്‍, സീമാറ്റ് ഡയറക്ടര്‍ വല്‍സലകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയും ബി.എസ്.എന്‍..എല്‍. ജനറല്‍ മാനേജര്‍ റാം ബാബുവും പരസ്പരം കൈമാറി. ഇന്‍ഡ്യയില്‍ ഇത് ആദ്യമായാണ് വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍ നടപ്പാക്കുന്നത്. ഇത് കേരളത്തില്‍ നടപ്പാക്കിയതില്‍ വച്ച് ഏറ്റവും വലിയ നെറ്റ് വര്‍ക്ക് സംവിധാനമാണ്. ഐ.റ്റി. അറ്റ് സ്കൂള്‍ പ്രോജക്ട് ബി.എസ്.എന്‍.എല്‍. വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുളള സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വി.പി.എന്‍. അധിഷ്ഠിതമാകുമ്പോള്‍ എത്ര വലിയ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെയ്യാന്‍ സാധിക്കും. സംസ്ഥാന ഡേറ്റാ സെന്ററില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ഒരു ഇന്‍ട്രാനെറ്റ് മാതൃകയില്‍ യാതൊരു തടസ്സവും കൂടാതെ ഇനി സ്കൂളുകള്‍ക്ക് ഉപയോഗിക്കാം. കോഡ് ഭാഷയിലാക്കി ഡേറ്റയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രൂപത്തില്‍ സുരക്ഷിതമായി ഡേറ്റാ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് വി.പി.എന്‍-ന്റെ മറ്റൊരു പ്രധാന സവിശേഷത. വി.പി.എന്‍. വഴി സ്കൂളുകള്‍ക്ക് ഐ.ടി. അധിഷ്ഠിത ഉളളടക്കം, സ്കൂള്‍ വിക്കി, കണ്ടന്റ് മാനേജ്മെന്റ് സിസ്റം, സ്കൂള്‍ പോര്‍ട്ടല്‍ തുടങ്ങിയ അക്കാദമിക വിഭവങ്ങള്‍, മള്‍ട്ടിമീഡിയ, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി റിസള്‍ട്ടുകള്‍, ഏകജാലക പ്രവേശന പ്രക്രിയയിലെ വിവരങ്ങള്‍, കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, ഇ-ഗവേണന്‍സ് പ്രക്രിയകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ഇനി അനായാസേന ഉപയോഗിക്കാം. കൂടാതെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ഗേറ്റ്വേ ഫില്‍റ്ററും ഐ.ടി. അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പിന് പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിങ് സംവിധാനം

ഓഫീസുകളിലും നിലവിലുളള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യത്തിന് പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിങ് (വി.പി.എന്‍) സംവിധാനം ഒരുങ്ങുന്നു. ഐ.ടി അറ്റ് സ്കൂളും ബി.എസ്.എന്‍.എലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ എത്ര വ്യാപ്തിയുളള ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെചയ്യാന്‍ സാധിക്കും. അതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഗേറ്റ് വേ ഉണ്ടാകും.ഇതിന്റെ ആദ്യപടിയായി ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നുളള ഉടമ്പടി ഇന്ന് (സെപ്തംബര്‍ 25) ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, എജ്യൂക്കേഷന്‍ സെക്രട്ടറി എം.ശിവശങ്കരന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍. തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സെക്രട്ടേറിയറ്റ് പി.ആര്‍.ചേമ്പറില്‍ വെച്ച് ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജര്‍ റാം ബാബു, ഐ.ടി. അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയ്ക്ക് കൈമാറും. സ്കൂള്‍ തലം വരെയുളള ഓഫീസുകളുമായി ബന്ധപ്പെട്ട് ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ ഓഫീസര്‍മാര്‍ക്കും നിലവില്‍ വെബ്സൈറ്റും, ഔദ്യോഗിക ഇ-മെയിലും ലഭ്യമാക്കിയിട്ടുണ്ട്.

Sunday 23 September 2012

ഒന്ന്, രണ്ട് ക്ളാസുകളിലെ ഇംഗ്ളീഷ് പഠനത്തിന് ഇന്ററാക്ടീവ് ഡി.വി.ഡി

എസ്.സി.ഇ.ആര്‍.ടി വികസിപ്പിച്ച ഇംഗ്ളീഷ് ഡി.വി.ഡി. സെപ്റ്റംബര്‍ 25ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ മണക്കാട് ഗവണ്‍മെന്റ് ടി.ടി.ഐയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പ്രകാശനം ചെയ്യും. ഒന്ന്, രണ്ട് ക്ളാസുകളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിനായാണ് എസ്.സി.ഇ.ആര്‍.ടി. ഇന്ററാക്ടീവ് ഡി.വി.ഡി. വികസിപ്പിച്ചിട്ടുള്ളത്. പാഠഭാഗങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത് പാട്ടുകളും അനിമേഷന്‍ സിനിമകളും ഇന്ററാക്ടീവ് ആക്ടിവിറ്റികളും ഉള്‍പ്പെടുത്തി യാണ് ഡി.വി.ഡി. തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രത്യേകിച്ചും പ്രൈമറി ക്ളാസുകളിലെ ഇംഗ്ളീഷ് പഠനനിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡി.വി.ഡി തയാറാക്കിയിട്ടുള്ളത്. സൌജന്യമായാണ് ഡി.വി.ഡി. സ്കൂളുകള്‍ക്ക് നല്‍കുന്നത്

ക്വിസ് പ്രോഗ്രാം

ഈ വര്‍ഷത്തെ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ ആറാം തീയതി സംസ്ഥാനതലത്തില്‍ ഗാന്ധിജിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും എന്ന വിഷയത്തില്‍ ക്വിസ് പ്രോഗ്രാം നടത്തും. ഒന്നും രണ്ടും മൂന്നും സമ്മാനം ലഭിക്കുന്ന ടീമിന് യഥാക്രമം 10001, 5001, 3001 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ഒരു സ്കൂളിനെ പ്രതിനിധികരിച്ച രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം താത്പര്യമുളള സ്കൂളുകള്‍ സെപ്തംബര്‍ 29-ാം തീയതിക്ക് മുമ്പായി കണ്‍വീനര്‍ ഗാന്ധിജയന്തി ക്വിസ്- 2012 കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം - 35 എന്ന വിലാസത്തിലോ secretary@kkvib.org എന്ന ഇ-മെയില്‍ വിലാസത്തിലൊ പേര് രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. 0471 2471696, 2471695, 9349870316, 9539093666.


Wednesday 19 September 2012

പതിനൊന്ന് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

തിരുവനന്തപുരം: വിവിധ മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള 11 സ്‌പെഷല്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫാദര്‍ അഗസ്റ്റീനോ വിസിനി സ്‌കൂള്‍ മട്ടാഞ്ചേരി, ജോജി ഭവന്‍ സ്‌കൂള്‍ ഫോര്‍ ദി ഹിയറിങ് ഇംപയേര്‍ഡ് നീലേശ്വരം, റോയല്‍ സ്‌കൂള്‍ കോതമംഗലം, ദീപാലയം സ്‌പെഷല്‍ സ്‌കൂള്‍ പെരിന്തല്‍മണ്ണ, റോട്ടറി സ്‌കൂള്‍ ഫോര്‍ ഹിയറിങ് ഇംപയേര്‍ഡ് വടക്കാഞ്ചേരി, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബധിരവിദ്യാലയം, കാരുണ്യ ഭവന്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവയുടെ ഹൈസ്‌കൂള്‍ വിഭാഗം, പത്തനംതിട്ട ഏനാത്ത് ബധിരവിദ്യാലയത്തിന്റെയും എറണാകുളം സെന്റ് ഗ്ലെയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡെഫിന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം, കോട്ടയം നീര്‍പ്പാറ ഹയര്‍ സെക്കന്‍ഡറി ബധിരവിദ്യാലയം എന്നിവയ്ക്കാണ് എയ്ഡഡ് പദവി നല്‍കുന്നത്.

Monday 10 September 2012

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈംടേബിളില്‍ മാറ്റം

സെപ്തംബര്‍ 2012 -ല്‍ നടക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിളില്‍ മാറ്റം വരുത്തി. പുന:ക്രമീകരിച്ച ടൈംടേബിള്‍ ചുവടെ കൊടുക്കുന്നു. സെപ്തംബര്‍ 18 ചൊവ്വ 9.30 മുതല്‍ - ഫിസിക്സ്/ജിയോഗ്രഫി/അക്കൌണ്ടന്‍സി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ്, സെപ്തംബര്‍ 20 വ്യാഴം 9.30 മുതല്‍ - മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് രണ്ട് മുതല്‍ - ഇക്കണോമിക്സ്/മാനേജ്മെന്റ്, സെപ്തംബര്‍ 22 ശനി - രാവിലെ 9.30 മുതല്‍ ബയോളജി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - ഹിസ്ററി/ബിസിനസ് സ്റഡീസ്, സെപ്തംബര്‍ 25 ചൊവ്വ - രാവിലെ 9.30 മുതല്‍ - ഇംഗ്ളീഷ്, സെപ്തംബര്‍ 26 ബുധന്‍ രാവിലെ 9.30 മുതല്‍ - കെമിസ്ട്രി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - വൊക്കേഷണല്‍ തിയറി. ടൈപ്പ്റൈറ്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ വൊക്കേഷണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്തംബര്‍ 27 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍


വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും, വനത്തേയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താനും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലും സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിനും നടത്തും. 

ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ് വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും മത്സരിക്കാം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത സ്വാശ്രയ സ്കൂള്‍/കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ളസ് വണ്‍ തലം മുതലുള്ളവര്‍ക്ക് കോളേജ് തലത്തില്‍ ആയിരിക്കും മത്സരം. രണ്ടുപേരടങ്ങുന്ന ഒരു ടീമായിട്ടാണ് ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. മറ്റ് മത്സര ഇനങ്ങളില്‍ ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ക്ക് വീതം പങ്കെടുക്കാം.പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങള്‍ മലയാള ഭാഷയിലായിരിക്കും.

 ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ റോളിങ് ട്രോഫിയും ലഭിക്കുംസംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനു ഭക്ഷണവും താമസ സൌകര്യവും സ്ളീപ്പര്‍ ക്ളാസ് യാത്രാ ചെലവും നല്‍കും. ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട് (ചൊവ്വ) രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കും. പെന്‍സില്‍ ഡ്രോയിങ് 9.30 മുതല്‍ 11.30 വരെ. ഉപന്യാസം 11.45 മുതല്‍ 12.45 വരെ. വാട്ടര്‍കളര്‍ 2.15 മുതല്‍ 4.15 വരെ. ഒക്ടോബര്‍ മൂന്നിന് 10 മണിമുതല്‍ ഒരു മണി വരെ ക്വിസ്. രണ്ട് മണിമുതല്‍ നാല് മണി വരെ പ്രസംഗമത്സരം. സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ട് രാവിലെ 8.30 മുതല്‍ ആരംഭിക്കും. ഒമ്പതു മണിമുതല്‍ 11 വരെ ക്വിസ് (ഹൈസ്കൂള്‍) 11 മണിമുതല്‍ ഒരു മണിവരെ-ക്വിസ് മത്സരം. (കോളേജ് വിഭാഗം)-പ്രസംഗ മത്സരം (ഹൈസ്കൂള്‍ വിഭാഗം) വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala.gov.in സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍മാരില്‍ നിന്നോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ആഫീസിലെ 0471-2529319, 2529329. പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ 0471-2529143, 2529144 നമ്പരിലും ലഭിക്കും.

Thursday 6 September 2012

കമ്പ്യൂട്ടര്‍ പഠനം ഒന്നാം ക്ലാസ്‌ മുതല്‍; ചുമതല ഐ ടി അറ്റ്‌ സ്‌കൂളിന്‌


കോട്ടയം: കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കില്ലെന്ന കാരണത്താല്‍ ഇനി മലയാളം മീഡിയം സ്‌കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ ഒഴിവാക്കേണ്ട. ഒന്നാം ക്ലാസ്‌ മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുമായി ഐ ടി അറ്റ്‌ സ്‌കൂള്‍ രംഗത്ത്‌. ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ്‌ ഇനി പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലികള്‍ ആരംഭിച്ചു.

കളികളിലൂടെ ഐ ടി കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ്‌ എല്‍.പി. സ്‌കൂളുകളില്‍ നടപ്പാക്കുക. ഇതിനാവശ്യമായ പാഠപുസ്‌തകങ്ങള്‍ നേരത്തേ വിതരണം ചെയ്‌തിരുന്നു. അധ്യാപക പഠനസഹായിയും തയാറാക്കിയിട്ടുണ്ട്‌. 

വിവിധ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത കളികളിലൂടെ കുട്ടികളുടെ ബൗദ്ധികവികാസവും ഭാഷാശക്‌തി വികാസവുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. എല്‍.പി. സ്‌കൂളുകളിലേക്കു മാത്രമായി ന്യൂ ലിനക്‌സ് ജൂണിയര്‍ ഒ.എസ്‌. എന്ന പേരില്‍ പ്രത്യേക ഓപ്പറേറ്റിംഗ്‌ സിസ്‌റ്റവും തയാറായി.

കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എല്‍.പി. സ്‌കൂളുകളിലും ഇല്ലെന്നതാണു പദ്ധതി നടപ്പാക്കല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന യു.പി. സ്‌കൂളുകള്‍ക്ക്‌ 1.85 ലക്ഷം രൂപയും എല്‍.പി. സ്‌കൂളുകള്‍ക്ക്‌ 1.35 ലക്ഷം രൂപയും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണു സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്‌കൂളുകളും പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

പദ്ധതിക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. ഐ ടി യോഗ്യതയോ താല്‍പര്യമോയുളള അധ്യാപകരെയാണ്‌ കോഓര്‍ഡിനേറ്ററാക്കുക. 

ഇവര്‍ക്കാവശ്യമായ പരിശീലനം ഐ ടി അറ്റ്‌ സ്‌കൂള്‍ നല്‍കും. മാസ്‌റ്റര്‍ ട്രെയിനര്‍മാരോ തെരഞ്ഞെടുത്ത ഐ ടി കോര്‍ഡിനേറ്റര്‍മാരോ ആകും നാലു ദിവസത്തെ പരീശീലനത്തിനു നേതൃത്വം നല്‍കുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 25 ല്‍ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകള്‍ക്കാണു പരിശീലം നല്‍കുക.

Wednesday 5 September 2012

അധ്യാപക ദിനം- വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം


നവ സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട പദം അധ്യാപകന്‍ എന്നതാണ്‌. പരിവര്‍ത്തനത്തിന്റെ ഓരോ ദിവ്യമുഹൂര്‍ത്തങ്ങളേയും സൃഷ്‌ടിക്കാന്‍ അധ്യാപകര്‍ ഏറ്റിട്ടുള്ള ചുമതല പുതുക്കലാണ്‌ ക്ലാസുമുറികളില്‍ സംഭവിക്കുന്നത്‌ അഥവാ സംഭവിക്കേണ്ടത്‌. മാതാ പിതാ ഗുരു ദൈവം എന്ന കാഴ്‌ചപ്പാട്‌ തലമുറകളിലേക്ക്‌ നീളണം. എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടായാല്‍ കാര്യങ്ങളുടെ താളാത്മകത നഷ്‌ടപ്പെടും. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരീതിയുടെ തത്ത്വശാസ്‌ത്രം സ്വന്തം വിരല്‍തുമ്പ്‌ ഉപയോഗിച്ച്‌ പരിശോധിക്കാന്‍ കഴിയുന്ന സൗഭാഗ്യം വന്നിട്ടുള്ള ജനതയാണ്‌ നമ്മള്‍. ഈ പരിശോധനയുടെ ഏകദേശതയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അധ്യാപകനെ നായകന്‍ എന്ന സ്ഥാനത്തുനിന്നും അല്‍പം പോലും പിന്നോട്ടാക്കുന്ന ഒരു പ്രവണതയും വളര്‍ന്നുവരുന്നില്ല എന്നതാണ്‌. ലോക രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഊഹത്തിന്‌ അപ്പുറത്തുള്ള വികസനകാര്യങ്ങളില്‍ പോലും അധ്യാപകനും അവന്റെ വാക്കും പ്രഥമസ്ഥാനത്ത്‌ പരിഗണിക്കപ്പെടുന്നു എന്നു വരുന്നതില്‍ പരം അധ്യാപക സമൂഹത്തിന്‌ അഭിമാനിക്കാന്‍ മറ്റെന്താണുള്ളത്‌.

വെടിവെയ്‌പ്പിന്റെ ഒച്ചയും കണ്ണീരിന്റെ നനവും ഒക്കെ ഉള്ളിടത്തും ഈ സ്ഥിതി തുടരുന്നു. ലോക ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ പട്ടികയില്‍ ആദ്യം വരുന്നത്‌ അധ്യാപകരാണ്‌. സാഹിത്യകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, നീതിപാലകന്‍ തുടങ്ങിയവര്‍ അതിനു പിന്നിലുണ്ട്‌. എന്നിട്ടും തന്റെ ഉത്‌കൃഷ്‌ടതയും ചുമതലയും യഥോചിതം മനസിലാക്കി ഉണര്‍വുകാട്ടാന്‍ അധ്യാപക സമൂഹത്തിന്‌ കഴിഞ്ഞോ എന്ന്‌ അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. സമൂഹ പരിവര്‍ത്തന ചുമതല, അത്‌ ആജീവനാന്ത ചുമതലയാണെന്നു മനസിലാക്കാതെ, ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവെയ്‌ക്കുന്ന സമ-യ-ദൈര്‍ഘ്യത്തിനുള്ളില്‍ മാത്രമുള്ളതാണെന്ന്‌ തെറ്റിദ്ധരിച്ചവരും കുറവല്ല. അറിവിന്റെ മേഖല ഒരതിരിനും തിരിച്ചുനിര്‍ത്താനാവാത്ത വിധത്തില്‍ വൈപുല്യം പ്രാപിക്കുമ്പോള്‍ ഇവിടെ നായകനാകണമെങ്കില്‍ അശ്രാന്ത പരിശ്രമം ആവശ്യമാണ്‌. മനുഷ്യ ജീവിതത്തെ, മനുഷ്യോചിതവും കലോചിതവും ആക്കി പരിവര്‍ത്തിപ്പിക്കാന്‍ നായകന്‍ ചില രീതികള്‍ പിന്തുടരണം. ഇത്‌ സുസമൂഹത്തിന്റെ തേട്ടമാണ്‌, നേട്ടമാണ്‌. ഇവിടെ മാതൃക എന്ന പദത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. സൂക്ഷ്‌മതയോടെയുള്ള പരിചരണമില്ലെങ്കില്‍ പുഷ്‌പ്പിക്കാതിരിക്കാം, ദലങ്ങള്‍ കൊഴിഞ്ഞേക്കാം, കളകള്‍ കീഴടക്കിയേക്കാം. അതിന്‌ അനുവദിക്കാതെ ഇതുവരെയും നാം കാത്തുപോന്നു. അതില്‍ അധ്യാപകരെ ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നു. അത്‌ ഇനിയും തുടരുമെന്ന്‌ ഈ ദിനത്തില്‍ നമുക്ക്‌ പുന:രര്‍പ്പണം നടത്താം. ജീവിത വിശുദ്ധിയുടെ ആധികാരികകേന്ദ്രം അധ്യാപകരാകണം. എല്ലാവിധ ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. പൊതുധാരയ്‌ക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ അവര്‍ തയ്യാറാകരുത്‌. പ്രലോഭനങ്ങളുടെ വിപഞ്ചികകളെ അവര്‍ തട്ടിമാറ്റണം. അവരുടെ സംസാരവും വാസ ഗൃഹവുമെല്ലാം ഈ മാതൃകയില്‍പെടണം. ആത്മീയമായ ഔന്നത്യം സ്‌ഫുരിക്കുന്ന പദമാവണം നാവില്‍ നിന്നു വരേണ്ടത്‌. ഒരു തിന്മയോടും അവര്‍ രാജിയാകരുത്‌. ഞാനെന്ന ഭാവവും ഉള്‍ അഹങ്കാരവും അവരെ തൊട്ടുതീണ്ടരുത്‌. അവര്‍ മികച്ച വായനാക്കാരാകണം. വേദന അനുഭവിക്കുന്നവരുടെ ഇടയിലൂടെ അവര്‍ സഞ്ചരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസു കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക്‌ കടന്നു വരരുത്‌. ഇങ്ങനെയുള്ളവരുടെ ഉപദേശങ്ങള്‍ക്ക്‌ സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാകുമെന്ന്‌ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍മാരായ സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഡോ. എസ്‌. രാധാകൃഷ്‌ണന്‍, അബ്‌ദുല്‍ക്കലാം ആസാദ്‌, ഉള്‍പ്പടെയുള്ളവര്‍ നമുക്ക്‌ പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ മൂല്യ സങ്കല്‌പങ്ങള്‍ കാലാതിവര്‍ത്തിയാണ്‌. ദൃശ്യ ധാരാളിത്തങ്ങളില്‍ മുഴുകാതെ ഈ മൂല്യങ്ങളെ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു.

ഇവിടെ ഉപയേഗിച്ച അധ്യാപകന്‍ എന്ന പദം കുടിപ്പള്ളിക്കൂടം മുതല്‍ ഗവേഷണ ക്ലാസില്‍ അധ്യാപനം നിര്‍വ്വഹിക്കുന്ന മഹത്‌ വ്യക്തിയെ വരെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. അധ്യാപകരുടെ സംഘടിത കരുത്ത്‌ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. അദ്ധ്യാപകന്റെ അവകാശ സംരക്ഷണം എന്നാല്‍ മാതൃകയാകാനുള്ള പോരാട്ടമാകണം. നഗരത്തിന്റെ തിരക്കില്‍ മുതല്‍ ഒരു വാഹനവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ പോലും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അസാധാരണ സാമൂഹിക ത്വരയുള്ള അധ്യാപകരുടെ മേല്‍നോട്ടമാണ്‌ അത്തരം വിദ്യാലയങ്ങളെ സജീവമാക്കുന്നത്‌. അത്തരത്തിലുള്ള അധ്യാപകരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത്‌ വിദ്യാഭ്യാസരംഗം വളരെ കരുത്തോടെയും, കരുതലോടെയും മുമ്പോട്ട്‌ പോകുകയാണ്‌. വരും തലമുറയ്‌ക്ക്‌ ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്‌. മലയാളം സര്‍വ്വകലാശാലയും, സാങ്കേതിക സര്‍വ്വകലാശാലയുമെല്ലാം ഈ പന്ഥാവിലെ വഴി വിളക്കുകളാകും. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അദ്ധ്യാപകര്‍ക്ക്‌ മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്‌ധ്യത്തോടെ ആ ചുമതല നിര്‍വ്വഹിക്കുമെന്ന്‌ എനിക്ക്‌ നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ്‌ മുന്നേറിയിട്ടുണ്ട്‌. അധ്യാപകര്‍ക്ക്‌ ഉപകാര പ്രദമാകുന്ന അനേകം പദ്ധതികളാണ്‌ ആവിഷ്‌കരിച്ചത്‌. അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ മൊത്തം സമൂഹത്തിനാണെന്ന്‌ തിരിച്ചറിയുന്നു. ഉത്സാഹപൂര്‍ണ്ണമായ കുതിപ്പും ആവേശവും എന്നും വിദ്യാലയങ്ങളില്‍ ദൃശ്യമാക്കണമെന്ന്‌ ആവശ്യപ്പെടുന്നു, അഭിവാദനങ്ങള്‍.

Tuesday 4 September 2012

സംസ്ഥാനത്തെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഹബ്ബാക്കും -മന്ത്രി അബ്ദുറബ്


സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷനു കീഴിലുള്ള ആര്‍ട്ട്‌സ്-എന്‍ജിനീയറിംഗ് എന്നീ കോളേജുകളില്‍ ആരംഭിച്ച ബിരുദാനന്തര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകള്‍ കാലോചിത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. 
സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആവശ്യമായ അഴിച്ചുപണികള്‍ നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്ത് മാറ്റത്തിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള സര്‍വകലാശാല കോഴ്‌സുകള്‍ നടത്തുന്നതിനുള്ള അക്കാദമിക് സിറ്റിക്കായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഉള്‍പ്പെടെ ഉന്നതതല സംഘം ഇതിന്റെ ഭാഗമായി ദുബായ് സന്ദര്‍ശിക്കുമെന്നും അബ്ദുറബ് പറഞ്ഞു. ഒരേ കാമ്പസില്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുടെ ഉള്‍പ്പെടെ വിവിധ സര്‍വകലാശാലാ കോഴ്‌സുകള്‍ ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് ഇഷ്ടമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കും. ഇതിലൂടെ സംസ്ഥാനത്തെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഹബ്ബാക്കി ഉയര്‍ത്താന്‍ സാധിക്കും.

കേരളത്തിലും പുറത്തും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റുഡന്റ് പോലീസ് കേഡറ്റിന് പുതിയ മാന്വല്‍

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) യുടെ നേതൃത്വത്തില്‍ സ്റുഡന്റ് പോലിസ് കേഡറ്റിന് പുതിയ മാന്വല്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. സെപ്തംബര്‍ നാലിന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ പ്രൊഫ.കെ.എ.ഹാഷിം, സ്റേറ്റ് നോഡല്‍ ഓഫീസര്‍ (സ്റുഡന്റ് പോലീസ് കേഡറ്റ്) പി.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാക്കിയത്. കേരളത്തില്‍ തുടക്കം കുറിച്ച സ്റുഡന്റ് പോലീസ് കേഡറ്റ് ഇന്ത്യയ്ക്കാകെ മാതൃകയാവുകയാണ്. ചിട്ടയായ പരിശീലനത്തിലൂടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമാക്കിയാണ് സ്റുഡന്റ് പോലീസ് കേഡറ്റ് രൂപീകരിച്ചിട്ടുളളത്. നിയമബോധം, അച്ചടക്കം, സേവന സന്നദ്ധത, ശസ്ത്രീയ കാഴ്ചപ്പാട്, ഉന്നത മൂല്യങ്ങള്‍, നേതൃപാടവം തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് ലക്ഷ്യമിടുന്നു. 2030-ഓടെ ലോകത്തെ മാനവശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ശാസ്ത്രീയമായ പരിശീലനം നല്‍കിക്കൊണ്ട് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ എത്താന്‍ കഴിയും വിധമാണ് സ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ആശയം രൂപപ്പെടുത്തിയിട്ടുളളത്. ഇന്‍ഡോര്‍ മാന്വലും ഔട്ട് ഡോര്‍ മാന്വലും ഉള്‍പ്പെടുന്ന രണ്ട് മോഡ്യൂളുകളായാണ് സ്റുഡന്റ് പോലീസ് കേഡറ്റ് മാന്വല്‍ തയ്യാറാക്കുന്നത്.

വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം സ്വീകരിക്കും-മന്ത്രി അബ്ദുറബ്

എമര്‍ജിങ് കേരളയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്. മറ്റു മേഖലകളിലെ പോലെ വിദ്യാഭ്യാസരംഗത്തും വിദേശനിക്ഷേപം അനുവദിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് വഴി അന്താരാഷ്ട്ര സര്‍വകലാശാലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങളും മറ്റും നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഗുണം ചെയ്യും. വിദേശ സ്ഥാപനങ്ങളോട് തൊട്ടുകൂടായ്മയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 

ലഹരിവിരുദ്ധ പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: ലഹരി വിരുദ്ധ പാഠങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കരിക്കുലത്തിലാണ് ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങള്‍ വരിക. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കരിക്കുലം സബ്കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.

കേരളത്തില്‍ മദ്യ, ലഹരി ഉപയോഗം വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌കൂള്‍ കരിക്കുലത്തില്‍ ബോധവത്കരണത്തിനായി പാഠഭാഗം ഉള്‍പ്പെടുത്തുന്നത്. മദ്യത്തിന്റെ ആളോഹരി ഉപയോഗം ദേശീയ ശരാശരിയെക്കാള്‍ കേരളത്തിലാണ് കൂടുതല്‍. മദ്യപാനത്തെതുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും ആത്മഹത്യകളും സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ആശങ്കയിലുമാക്കുന്നു.

ലഹരി ഉപയോഗം കുട്ടികളുടെ ഇടയിലും കൂടി വരുന്നതായി വിവിധ സര്‍വെകളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കരിക്കുലത്തില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി എസ്.സി.ഇ.ആര്‍.ടി.ക്ക് കത്ത് നല്‍കിയിരുന്നു. മദ്യവര്‍ജന സമിതിയും ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.

സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിലാണ് മദ്യവിരുദ്ധ പാഠങ്ങള്‍ ഇടംപിടിക്കുക. ഇപ്പോള്‍ തന്നെ പല ക്ലാസുകളിലും പല ഭാഗങ്ങളിലായി ലഹരി വിരുദ്ധ ഭാഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതിന് ഏകീകൃതമായ ഒരു രൂപമില്ല. ഈ കുറവ് പരിഹരിക്കാനാണ് ശ്രമം.

ഏതൊക്കെ ക്ലാസുകളില്‍ ഇവ ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ കരിക്കുലം സബ്കമ്മിറ്റിയിലുണ്ടാകും. തുടര്‍ന്ന് അടുത്ത പാഠപുസ്തക പരിഷ്‌കരണത്തോടൊപ്പമായിരിക്കും ഇതുസംബന്ധിച്ച പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. 

Monday 3 September 2012

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ അദാലത്ത്

  • പ്ലസ് ടു പാസാകുന്നവര്‍ക്കെല്ലാം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 
  • സപ്തംബര്‍ 12 ന് അടുത്തഘട്ട അധ്യാപക പരിശീലനം തുടങ്ങും.
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തി നല്‍കുന്നതിനായി ജില്ലകള്‍തോറും അദാലത്തുകള്‍ നടത്തും. പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരെത്തിയാണ് എല്ലാ ജില്ലകളിലും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുക. ആവശ്യം വരുമ്പോള്‍ പരീക്ഷാഭവനെ സമീപിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് കാലതാമസത്തിന് വഴിതെളിക്കുന്നു. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനും ഇത് ഇടയാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ജില്ലതോറും അദാലത്ത് നടത്താന്‍ തീരുമാനിച്ചത്.

വിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം. പ്ലസ് ടു പാസാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇപ്പോള്‍ ഉപരിപഠനത്തിനായി മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുമ്പോള്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കുട്ടികള്‍ തിരുവനന്തപുരത്ത് വരേണ്ടി വരുന്നു. കൂടാതെ കാലതാമസവും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്.

കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കും. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കും. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് സര്‍ക്കാര്‍ ഉത്തരവുകളിറങ്ങിയിട്ടും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇവ നടപ്പായിരുന്നില്ല.

150 കുട്ടികളുള്ള എല്‍.പി, 100 കുട്ടികളുള്ള യു.പി സ്‌കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്.

സപ്തംബര്‍ 12 ന് അടുത്തഘട്ട അധ്യാപക പരിശീലനം തുടങ്ങും. ഡി.ഇ.ഒ തലത്തില്‍ മൂന്ന് ബാച്ചായാണ് പരിശീലനം. ഈ പരിശീലനത്തിന്റെ ഫലം നോക്കിയായിരിക്കും അടുത്ത ഘട്ടം തുടങ്ങുക. പരിശീലനം നല്‍കുന്ന റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററിലെ റിട്രെഞ്ചഡ് അധ്യാപകരെ നിയോഗിക്കും. ഇവര്‍ ലഭ്യമില്ലാത്തിടത്ത് മാത്രം ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കും. 43, 51 (എ) ക്ലെയിം ഉള്ള അധ്യാപകരെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കും. സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ളവരാണ് കെ.ഇ.ആര്‍. 43 വകുപ്പ് പ്രകാരമുള്ള ക്ലെയിമുകാര്‍. ലീവ് വേക്കന്‍സിയില്‍ നിയമിതരാകുകയും തുടര്‍ന്നുവരുന്ന ഒഴിവില്‍ സ്ഥിരനിയമനത്തിന് അര്‍ഹതയുള്ളവരുമാണ് 51(എ) ക്ലെയിമുകാര്‍.

Sunday 2 September 2012

മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും.

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍, വിദ്യാരംഗം ക്യാഷ് അവാര്‍ഡ്, സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.ഐയ്ക്കുള്ള അവാര്‍ഡ്, അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തുടങ്ങിയവയും ചടങ്ങില്‍ നല്‍കും. ടി.ടി.ഐ, പി.പി.ടി.ടി.ഐ സംസ്ഥാനതല കലാമത്സരങ്ങള്‍ സെപ്തംബര്‍ നാലിനും അദ്ധ്യാപകര്‍ക്കുള്ള കലാമല്‍സരങ്ങള്‍ അഞ്ചിന് രാവിലെ എട്ട് മണിക്കും നടക്കും.