KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 3 September 2012

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ അദാലത്ത്

  • പ്ലസ് ടു പാസാകുന്നവര്‍ക്കെല്ലാം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 
  • സപ്തംബര്‍ 12 ന് അടുത്തഘട്ട അധ്യാപക പരിശീലനം തുടങ്ങും.
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തി നല്‍കുന്നതിനായി ജില്ലകള്‍തോറും അദാലത്തുകള്‍ നടത്തും. പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരെത്തിയാണ് എല്ലാ ജില്ലകളിലും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുക. ആവശ്യം വരുമ്പോള്‍ പരീക്ഷാഭവനെ സമീപിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് കാലതാമസത്തിന് വഴിതെളിക്കുന്നു. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനും ഇത് ഇടയാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ജില്ലതോറും അദാലത്ത് നടത്താന്‍ തീരുമാനിച്ചത്.

വിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം. പ്ലസ് ടു പാസാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇപ്പോള്‍ ഉപരിപഠനത്തിനായി മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുമ്പോള്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കുട്ടികള്‍ തിരുവനന്തപുരത്ത് വരേണ്ടി വരുന്നു. കൂടാതെ കാലതാമസവും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്.

കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കും. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കും. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് സര്‍ക്കാര്‍ ഉത്തരവുകളിറങ്ങിയിട്ടും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇവ നടപ്പായിരുന്നില്ല.

150 കുട്ടികളുള്ള എല്‍.പി, 100 കുട്ടികളുള്ള യു.പി സ്‌കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്.

സപ്തംബര്‍ 12 ന് അടുത്തഘട്ട അധ്യാപക പരിശീലനം തുടങ്ങും. ഡി.ഇ.ഒ തലത്തില്‍ മൂന്ന് ബാച്ചായാണ് പരിശീലനം. ഈ പരിശീലനത്തിന്റെ ഫലം നോക്കിയായിരിക്കും അടുത്ത ഘട്ടം തുടങ്ങുക. പരിശീലനം നല്‍കുന്ന റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററിലെ റിട്രെഞ്ചഡ് അധ്യാപകരെ നിയോഗിക്കും. ഇവര്‍ ലഭ്യമില്ലാത്തിടത്ത് മാത്രം ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കും. 43, 51 (എ) ക്ലെയിം ഉള്ള അധ്യാപകരെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കും. സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ളവരാണ് കെ.ഇ.ആര്‍. 43 വകുപ്പ് പ്രകാരമുള്ള ക്ലെയിമുകാര്‍. ലീവ് വേക്കന്‍സിയില്‍ നിയമിതരാകുകയും തുടര്‍ന്നുവരുന്ന ഒഴിവില്‍ സ്ഥിരനിയമനത്തിന് അര്‍ഹതയുള്ളവരുമാണ് 51(എ) ക്ലെയിമുകാര്‍.

No comments:

Post a Comment