KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 4 September 2012

ലഹരിവിരുദ്ധ പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: ലഹരി വിരുദ്ധ പാഠങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കരിക്കുലത്തിലാണ് ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങള്‍ വരിക. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കരിക്കുലം സബ്കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.

കേരളത്തില്‍ മദ്യ, ലഹരി ഉപയോഗം വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌കൂള്‍ കരിക്കുലത്തില്‍ ബോധവത്കരണത്തിനായി പാഠഭാഗം ഉള്‍പ്പെടുത്തുന്നത്. മദ്യത്തിന്റെ ആളോഹരി ഉപയോഗം ദേശീയ ശരാശരിയെക്കാള്‍ കേരളത്തിലാണ് കൂടുതല്‍. മദ്യപാനത്തെതുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും ആത്മഹത്യകളും സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ആശങ്കയിലുമാക്കുന്നു.

ലഹരി ഉപയോഗം കുട്ടികളുടെ ഇടയിലും കൂടി വരുന്നതായി വിവിധ സര്‍വെകളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കരിക്കുലത്തില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി എസ്.സി.ഇ.ആര്‍.ടി.ക്ക് കത്ത് നല്‍കിയിരുന്നു. മദ്യവര്‍ജന സമിതിയും ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.

സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിലാണ് മദ്യവിരുദ്ധ പാഠങ്ങള്‍ ഇടംപിടിക്കുക. ഇപ്പോള്‍ തന്നെ പല ക്ലാസുകളിലും പല ഭാഗങ്ങളിലായി ലഹരി വിരുദ്ധ ഭാഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതിന് ഏകീകൃതമായ ഒരു രൂപമില്ല. ഈ കുറവ് പരിഹരിക്കാനാണ് ശ്രമം.

ഏതൊക്കെ ക്ലാസുകളില്‍ ഇവ ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ കരിക്കുലം സബ്കമ്മിറ്റിയിലുണ്ടാകും. തുടര്‍ന്ന് അടുത്ത പാഠപുസ്തക പരിഷ്‌കരണത്തോടൊപ്പമായിരിക്കും ഇതുസംബന്ധിച്ച പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. 

No comments:

Post a Comment