KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 22 February 2013

ഹെഡ്മാസ്റ്റര്‍ നിയമനം: ഭാഷാ അധ്യാപകര്‍ക്ക് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ഹെഡ്മാസ്റ്റര്‍ നിയമനത്തിന് ഭാഷാ അധ്യാപകര്‍ അയോഗ്യരല്ലെന്ന് സര്‍ക്കാര്‍. ഭാഷാ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മലപ്പുറം മാറഞ്ചേരി ഗവ. സ്കൂള്‍ അധ്യാപകന്‍ പി. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയും പ്ളസ്ടുവിന് തുല്യമായ പ്രിലിമിനറി കോഴ്സും മൂന്ന് വര്‍ഷത്തെ ബി.എക്ക് തുല്യമായ കോഴ്സും കഴിഞ്ഞവരാണ് ഭാഷാ അധ്യാപകരെന്ന് സര്‍ക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ കെ. എ. ജലീല്‍ കോടതിയെ അറിയിച്ചു. 10+2+3 എന്ന രീതിയിലാണ് ഇവരും പഠനം നടത്തുന്നത്. അറബിക് പഠച്ചവര്‍ക്ക് അഫ്ദലുല്‍ ഉലമ ബിരുദവും, ഹിന്ദി പഠിച്ചവര്‍ക്ക് വിശാരദ് പ്രവീണ്‍ ബിരുദവുമാണ് ലഭിക്കുന്നത്. അതിനാല്‍ ബിരുദത്തിന് തുല്യ യോഗ്യത ഈ കോഴ്സുകള്‍ക്കില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഭാഷാധ്യാപക കോഴ്സ്: വര്‍ഗീയ പ്രചാരണവുമായി സി.പി.എം, കോണ്‍ഗ്രസ് അധ്യാപക സംഘടനകള്‍



തിരുവനന്തപുരം: ഭാഷാധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഡിപ്ളോമ കോഴ്സിനെ ബി.എഡിന് തുല്യമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.എമ്മിന്‍െറയും കോണ്‍ഗ്രസിന്‍െറയും അധ്യാപക സംഘടനകള്‍ വര്‍ഗീയ പ്രചാരണവുമായി രംഗത്ത്. അറബിക്, ഉറുദു, ഹിന്ദി അധ്യാപകരുടെ ഡിപ്ളോമ ഇന്‍ ലാംഗ്വേജ് എജുക്കേഷന്‍ (ഡി.എല്‍.ഇ.ഡി), എല്‍.ടി.ടി.സി കോഴ്സുകളെ ബി.എഡിന് തുല്യമാക്കാനുള്ള എസ്.സി.ഇ.ആര്‍.ടി വിഗഗ്ധ സമിതി ശിപാര്‍ശ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പുതിയ ഉത്തരവോടെ ഈ വിഭാഗം അധ്യാപകര്‍ക്കും പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇതാണ് സംഘടനകളെ പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസ് സംഘടനയായ കെ.പി.എസ്.ടി.യു, സി.പി.എമ്മിന്‍െറ കീഴിലെ കെ.എസ്.ടി.എ എന്നിവയാണ് കടുത്ത എതിര്‍പ്പുമായി രംഗത്തുള്ളത്. സംസ്കൃതം, മലയാളം ഭാഷാധ്യാപക ഡിപ്ളോമകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ബി.എഡിന് തുല്യമാക്കിയിരുന്നു. ഹിന്ദി കോഴ്സുകള്‍ക്കും അംഗീകാരം നല്‍കി. അന്നൊന്നുമി ല്ലാതിരുന്ന പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. പുതിയ ഉത്തരവില്‍ അറബിക്കിനും ഉറുദുവിനും പുറമെ ഹിന്ദി അധ്യാപകരുടെ ഡിപ്ളോമ കോഴ്സും ബി.എഡിന് തുല്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ വലിയ പ്രശ്നമില്ലെന്നും അറബിക്, ഉറുദു അധ്യാപകര്‍ പ്രധാനാധ്യാപകരാകുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇവരുടെ വാദം. പത്താംതരം വിജയിക്കാത്തവരും മലയാളം വായിക്കാനറിയാത്തവരും പ്രധാനാധ്യാപകരാകുമെന്ന വ്യാജ പ്രചാരണങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്. 10+2+3 ഘടനയില്‍ ഭാഷാധ്യാപക കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിലെ സ്കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യത നിശ്ചയിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പരീക്ഷാഭവന്‍ നേരിട്ട് നടത്തുന്ന എല്‍.ടി.ടി.സി കോഴ്സ് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് പരിഷ്കരിച്ച് ഡി.എല്‍.ഇ.ഡി എന്നാക്കി. ഈ കോഴ്സ് വിജയിക്കുന്നവര്‍ക്ക് അധ്യാപകരാകാന്‍ ബി.എഡ് വേണ്ട. കോഴ്സുകള്‍ക്കുശഷം ചെയ്യുന്ന ഡി.എല്‍.ഇ.ഡിയെയാണ് ഇപ്പോള്‍ ബി.എഡിന് തുല്യമാക്കിയത്. ഇത് വിവാദമാക്കുന്നവര്‍ പക്ഷേ പഴയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മറച്ചുവെക്കുകയാണ്. 1973ല്‍തന്നെ സംസ്കൃതം അധ്യാപകര്‍ക്ക് ഈ തുല്യത നല്‍കിയിരുന്നു. രാഷ്ട്രീയ സാന്‍സ്കൃത് സനാതന്‍ നടത്തുന്ന ശിക്ഷാ ശാസ്ത്രി കോഴ്സാണ് അന്ന് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ദക്ഷിണ ഹിന്ദി പ്രചാരസഭയുടെ കോഴ്സ് ചെയ്തവര്‍ക്ക് 1988 മാര്‍ച്ചിലും കേരള ഹിന്ദി പ്രചാരസഭയുടെ ശിക്ഷാ സ്നാദക് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അതേവര്‍ഷം ഒക്ടോബറിലും ബി.എഡ് തുല്യപദവി നല്‍കി. മലയാളം വിദ്വാന്‍ കോഴ്സിനെ 2001ല്‍ ഈ പദവിയിലേക്കുയര്‍ത്തി. അന്നൊന്നും ഒരു എതിര്‍പ്പുമുണ്ടായില്ല. സംസ്കൃതം, മലയാളം, രണ്ട് ഹിന്ദി കോഴ്സുകള്‍ എന്നിവയെയെല്ലാം ബി.എഡിന് തുല്യമാക്കിയത് ഇടത് മുഖ്യമന്ത്രിമാരുടെ കാലത്തായിരുന്നു. ഈ കോഴ്സുകളുടെ കാര്യത്തിലുണ്ടായ തീരുമാനം ഇപ്പോള്‍ ഹിന്ദി പ്രവീണ്‍, ബി.എ അഫ്ദലുല്‍ ഉലമ, അദീബെ ഫാസില്‍ കോഴ്സുകള്‍ക്കും ബാധകമാക്കുകയാണ് ചെയ്തത്. പ്ളസ് ടു/തത്തുല്യ കോഴ്സ് കഴിഞ്ഞ് ഭാഷാപഠനം നടത്തുന്നവര്‍ക്കാണ് ഡി.എല്‍.ഇ.ഡിക്ക് പ്രവേശം ലഭിക്കുക എന്നിരിക്കെയാണ് ഡി.എല്‍.ഇ.ഡിയെ ബി.എഡിന് തുല്യമാക്കുക വഴി പത്താം ക്ളാസ് ജയിക്കാത്തവര്‍ പ്രധാനാധ്യാപകരാകുമെന്ന് പ്രചരിപ്പിക്കുന്നത്. ഇതുന്നയിക്കുന്നതാകട്ടെ അറബിക്, ഉറുദു അധ്യാപകരുടെ കാര്യത്തില്‍ മാത്രവുമാണ്. ഇതാണ് വര്‍ഗീയ സ്വഭാവമുള്ള പ്രചാരണമെന്ന വിമര്‍ശത്തിനിടയാക്കിയത്. കെ.ഇ.ആര്‍ തയാറാക്കുന്ന കാലത്ത് ഡി.എല്‍.ഇ.ഡി കോഴ്സ് ഇല്ലാതിരുന്നതിനാലാണ് അത് ബി.എഡിന് തുല്യമാക്കാതിരുന്നത് എന്നും അത് മാറ്റാത്തത് ഈ വിഭാഗം അധ്യാപകരോടുള്ള വിവേചനമാണെന്നും 2001ല്‍ മലയാളം കോഴ്സ് സംബന്ധിച്ച ഉത്തരവില്‍ ഇടത് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് ഭാഷയില്‍ ഡി.എല്‍.ഇ.ഡി കോഴ്സ് പാസായവര്‍ക്കും ഹയര്‍സെക്കന്‍ഡറിയില്‍ ഒരു വിവേചനവുമില്ല. എന്നാല്‍, തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് വിവരം.

ഭാഷാ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ്

Thursday 7 February 2013

അധ്യാപകര്‍ സ്വയംവിമര്‍ശനത്തിന് തയ്യാറാവണം - കെ.എസ്.ടി.യു


പാലക്കാട്: അക്കാദമിക് രംഗത്ത് സ്വയംവിമര്‍ശനത്തിന് അധ്യാപകര്‍ തയ്യാറാവണമെന്ന് പാലക്കാട്ട് സമാപിച്ച കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പാഠ്യപദ്ധതി നിലവാരം ഉയരുന്നതിനനുസരിച്ച് എത്താന്‍ അധ്യാപകര്‍ക്കായിട്ടില്ല. ഇത് പരിഹരിക്കാന്‍ കാലികമായ പരിശീലനം ഉറപ്പുവരുത്താനാവുംവിധം വിദ്യാഭ്യാസവകുപ്പ് പരിശീലനകേന്ദ്രം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാന്ത്വനപരിചരണമുള്‍പ്പെടെ 14 ജില്ലകളില്‍ കെ.എസ്.ടി.യു. 14 പദ്ധതികള്‍ ഏറ്റെടുക്കും.
പാഠ്യപദ്ധതി സംബന്ധിച്ച് സംസ്ഥാനസമ്മേളനം സമീപനരേഖ തയ്യാറാക്കി. മാര്‍ച്ചില്‍ വിപുലമായ ശില്പശാല സംഘടിപ്പിക്കും. മാനവികവിഷയങ്ങള്‍ക്കായി കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തില്‍ വിദഗ്ധപരിശീലനകേന്ദ്രം സ്ഥാപിക്കും.
നിയമനാംഗീകാരം ഇനിയും ലഭിക്കാത്ത അധ്യാപകരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത്. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം. അധ്യാപകേതര ജീവനക്കാര്‍ക്കും പാക്കേജ് അനുവദിക്കണം. ബദല്‍സ്‌കൂള്‍ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കണം. അധ്യാപകനിയമനത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ചൊവ്വാഴ്ച രാവിലെനടന്ന പ്രതിനിധിസമ്മേളനം സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷനായി. ബഷീര്‍ ചെറിയാണ്ടി, കെ.ടി.എ. ജബ്ബാര്‍, കെ.കെ. അസീസ്, പൊന്‍പാറ കോയക്കുട്ടി, കെ.വി.എം. താജുദ്ദീന്‍, എ.എം. അബൂബക്കര്‍, കെ. മുഹമ്മദ് ഇസ്മായില്‍, എം.എ. സമദ്, റഷീദ് ആലായന്‍, റിയാസ് നാലകത്ത്, എം.എ. മുസ്തഫ, പി.ടി. മുഹമ്മദ്, അബ്ദുള്‍കരീം മുസ്‌ലിയാര്‍, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.എസ്.ടി.യു: ചെറിയ മുഹമ്മദ് പ്രസിഡന്റ്, സൈനുദ്ദീന്‍ സെക്രട്ടറി

പാലക്കാട്: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റായി സി.പി. ചെറിയ മുഹമ്മദിനെയും (കോഴിക്കോട്) ജനറല്‍സെക്രട്ടറിയായി എ.കെ. സൈനുദ്ദീനെയും (മലപ്പുറം) തിരഞ്ഞെടുത്തു. വി.കെ. മൂസയാണ് (വടകര) ഖജാന്‍ജി. ഹമീദ് കൊമ്പത്ത്, സി.കെ. അഹമ്മദ്കുട്ടി, എ.സി. അത്താഉള്ള, വി.എം.എ. റഷീദ് (വൈ.പ്രസി.), അബ്ദുള്ള വാവൂര്‍, ഷെരീഫ് ചന്ദനത്തോപ്പ്, പി.കെ. ഹംസ, ബഷീര്‍ ചെറിയാണ്ടി, പി.പി. സെയ്തലവി (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.. 

സര്‍വീസ് സംഘടനകള്‍ ആവശ്യത്തിനേ ശബ്ദമുയര്‍ത്താവൂ - ശിഹാബ് തങ്ങള്‍


പാലക്കാട്: ആവശ്യത്തിനും അനാവശ്യത്തിനും ശബ്ദമുയര്‍ത്തുന്നതിന് പകരം സര്‍വീസ് സംഘടനകള്‍ ആവശ്യത്തിനുമാത്രം ശബ്ദമുയര്‍ത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയുമാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ആവശ്യങ്ങള്‍ സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധ്യാപക പാക്കേജ് നടുപ്പാക്കാനായത് നേട്ടമാണ്. എന്നാല്‍, ഇതിലുള്‍പ്പെട്ടവരുടെ സേവനംകൂടി മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കണമെന്ന് ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദ് അധ്യക്ഷനായി. എം.ഐ. ഷാനവാസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. സിറാജ് ഇബ്രാഹിം സേട്ട്, എ.കെ. സൈനുദ്ദീന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ. കരീം, ടി.പി. അശ്‌റഫലി, മരയ്ക്കാര്‍ മാരായമംഗലം, ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടില്‍. കളത്തില്‍ അബ്ദുള്ള, പി.എ. തങ്ങള്‍, സി.കെ. അബ്ദുള്ള, കെ.ടി.എ. ജബ്ബാര്‍, പി.എ. സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ കരുത്തുറ്റ പ്രകടനം നടന്നു.
ചൊവ്വാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങും. സംഘടനാരേഖ, സര്‍വീസ് രേഖ, അക്കാദമിക് രേഖ എന്നിവ സംഘടനാചര്‍ച്ചയില്‍ അവതരിപ്പിക്കും.

പാഠ്യപദ്ധതിപരിഷ്‌കരണം സമഗ്രചര്‍ച്ചകള്‍ക്കുശേഷം - മന്ത്രി അബ്ദുറബ്ബ്‌


പാലക്കാട്: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) 34-ാം സംസ്ഥാനസമ്മേളനം കോട്ടമൈതാനത്ത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. പാഠ്യപദ്ധതിപരിഷ്‌കരണം സംബന്ധിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാല്‍ സമഗ്രചര്‍ച്ച നടത്തിയശേഷമേ നടപ്പാക്കൂയെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ദുരിതം നല്‍കുന്ന സമരങ്ങള്‍ അധ്യാപകമേഖലയില്‍ പാടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷനായി. മന്ത്രി എ.പി. അനില്‍കുമാര്‍ വിശിഷ്ടാതിഥിയായി. എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സി.എ.എം.എ. കരീം, കല്ലടി മുഹമ്മദ്, കളത്തില്‍ അബ്ദുള്ള, എം.എം. ഹമീദ്, പി.എ. തങ്ങള്‍, പി.പി. ഉണ്ണീന്‍കുട്ടി മൗലവി, എ. മുഹമ്മദ്, വി.ടി. ഹംസ, പി.ടി. മുഹമ്മദ്, എം.എം. ഫാറൂഖ്, എന്‍. ഹംസ, എം.എസ്. നാസര്‍, എ.കെ. സൈനുദ്ദീന്‍, വി.കെ. മൂസ്സ, മരയ്ക്കാര്‍ മാരായമംഗലം, പി.കെ. അഹമ്മദ്കുട്ടി, ഹമീദ് കൊമ്പത്ത്, പി.പി. സെയ്തലവി, ഷരീഫ് എന്നിവര്‍ സംസാരിച്ചു.
'പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍' എന്ന വിഷയത്തില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, കെ.പി.എസ്.ടി.യു. സംസ്ഥാനപ്രസിഡന്റ് പി. ഹരിഗോവിന്ദന്‍, കെ.എസ്.ടി.എ. പ്രതിനിധി പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരികസംവാദം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ് എം.എല്‍.എ., പൈങ്കുളം നാരായണചാക്യാര്‍, ഫൈസല്‍ എളേറ്റില്‍, വിജയന്‍ ബി. ആനന്ദ് എന്നിവര്‍ പങ്കെടുത്തു. പി.കെ. ഹംസ സ്വാഗതവും ഇ. മുസ്തഫ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, പ്രതിഭാസംഗമം നടന്നു. സ്‌കൂള്‍ കലോത്സവത്തിലെ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുന്‍ കലാതിലകം ശാരിക ഉദ്ഘാടനം ചെയ്തു. എ.സി. അത്താഉള്ള, പി.എ. സീതി, ഇ.പി. ഹസ്സന്‍, പി. ഖദീജ, അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.