KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 29 June 2012

സര്‍ക്കാര്‍ സ്‌കൂളില്‍ അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും



  • എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി

തിരുവനന്തപുരം: അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശമനുസരിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ സ്‌കൂളിലെ അധ്യയന പുരോഗതി പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. അധ്യാപകരുടെമേല്‍ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
അധ്യാപകന്‍ സ്‌കൂളില്‍ വരുന്ന കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വിദ്യാര്‍ഥികളില്‍ പ്രതീക്ഷിക്കുന്ന അക്കാദമിക പുരോഗതി കൈവരുന്നുണ്ടോയെന്നും ഉറപ്പാക്കണം. അധ്യാപകന്‍ രക്ഷിതാക്കളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടോയെന്ന കാര്യങ്ങളും സമിതിക്ക് വിലയിരുത്താം.
സ്‌കൂളിന്റെ വികസന പദ്ധതി തയ്യാറാക്കുക, സര്‍ക്കാറില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, പണത്തിന്റെ വരവുചെലവ് കണക്ക് നോക്കുക, ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ അധികാരങ്ങളും സമിതിക്കായിരിക്കും.
750 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ 16 അംഗങ്ങളുള്ളതായിരിക്കും സമിതി. അതില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സമിതിയില്‍ 20 പേരുണ്ടാകും. രക്ഷിതാക്കളുടെ പ്രതിനിധികളില്‍ എസ്.സി, എസ്.ടി , ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. സ്‌കൂള്‍ നില്‍ക്കുന്ന വാര്‍ഡിലെ തദ്ദേശസ്ഥാപനാംഗം, അധ്യാപകരുടെ ഒരു പ്രതിനിധി, ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 
ഹെഡ്മാസ്റ്ററായിരിക്കും സമിതിയുടെ കണ്‍വീനര്‍. ഹയര്‍ സെക്കന്‍ഡറിയുള്ളയിടത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ ജോയന്റ് കണ്‍വീനറുമായിരിക്കും. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും സമിതി യോഗം കൂടി തിരഞ്ഞെടുക്കും. 

No comments:

Post a Comment