KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 30 June 2012

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് പുതിയ നിര്‍ദേശങ്ങള്‍


അരീക്കോട്: ഉച്ചഭക്ഷണ വിതരണ സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ 27ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്‌കൂളുകള്‍ക്ക് ഇനി മാവേലി സ്റ്റോറില്‍ നിന്നും അനുവദിക്കപ്പെട്ട അരിമാത്രമേ ലഭിക്കുകയുള്ളൂ. മറ്റെല്ലാ സാധനങ്ങളും നേരിട്ട് വില നല്‍കി വാങ്ങണം. ഇതിനുള്ള തുക പ്രഥമാധ്യാപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മുന്‍കൂറായി ഇട്രാന്‍സ്ഫര്‍ മുഖേന നല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 100 കുട്ടികള്‍ വരെയുളള സ്‌കൂളിന് ജൂലായ് ഒന്നുമുതല്‍ കുട്ടിയൊന്നിന് പ്രതിദിനം നാലുരൂപയും 150 രൂപ പാചകക്കൂലിയും നല്‍കും. 100 മുതല്‍ 500 വരെ കുട്ടികളാണെങ്കില്‍ പാചകക്കൂലി ഉള്‍പ്പെടെ കുട്ടി ഒന്നിന് അഞ്ചുരൂപ വീതമായിരിക്കും നല്‍കുക. 500 വരെയുള്ള എണ്ണത്തിന് അഞ്ചുരൂപയും അതിന് മുകളില്‍ വരുന്ന ഓരോ കുട്ടികള്‍ക്കും നാലുരൂപയും വീതമായിരിക്കും പാചകക്കൂലി ഉള്‍പ്പെടെ നല്‍കുന്നത്. പാചകത്തൊഴിലാളികള്‍ക്ക് 100 കുട്ടികള്‍ വരെ 150 രൂപയും 100ല്‍ കൂടുതല്‍ വരുന്ന ഓരോ കുട്ടിക്കും 25 പൈസ വീതം പരമാവധി 200 രൂപയും ലഭിക്കും. 501ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ടുപേരെ നിയമിക്കാനും രണ്ടുപേര്‍ക്കും 200 രൂപ വീതം കൂലിനല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. അരിയുടെ അളവ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടിയൊന്നിന് ദിവസം 30 ഗ്രാമും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകാര്‍ക്ക് 100 ഗ്രാം വീതവും ആറുമുതല്‍ എട്ടുവരെയുള്ളവര്‍ക്ക് 150 ഗ്രാം വീതവുമായിരിക്കും. സ്‌പെഷല്‍ സ്‌കൂളിലെ 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 100 ഗ്രാമും മുകളിലുള്ളവര്‍ക്ക് 150 ഗ്രാം വീതവുമായിരിക്കും അരി ലഭിക്കുക.
സ്‌കൂളുകളില്‍ ജൂലായ് 15നകം ചേരുന്ന പി.ടി.എ ജനറല്‍ ബോഡിയില്‍ നിന്നും രൂപവത്കരിക്കുന്ന നൂണ്‍ഫീഡിങ്ങ് കമ്മിറ്റികള്‍ക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. പി.ടി.എ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമായി രൂപവത്കരിക്കുന്ന കമ്മിറ്റിയില്‍ വാര്‍ഡ് മെമ്പര്‍, ഒരു വനിതാ അധ്യാപിക ഉള്‍പ്പെടെ രണ്ട് അധ്യാപകര്‍, ഒരു മദര്‍ പി.ടി.എ അംഗം, എസ്.സി. എസ്.ടി. വിഭാഗക്കാരായ രണ്ടു രക്ഷിതാക്കള്‍ എന്നിവര്‍ നിര്‍ബന്ധമായും അംഗങ്ങളായുണ്ടാകണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മെനു തീരുമാനിച്ച് നിര്‍ദേശിക്കാന്‍ ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
ഉപജില്ലാതലത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിന്റെയും ഏ.ഇ.ഒയുടെയും നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍, ഡി.സി.ഇ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റിയറിങ് കം മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കണം. 

1 comment:

  1. പത്രവാര്‍ത്തകള്‍ അതേപടി കോപിപേസ്റ്റ് ശരിയായ രീതിയല്ല. മാത്രവുമല്ല, കോപിറൈറ്റ് നിയമം പാലിക്കപ്പെടേണ്ടതുമുണ്ട്. കടപ്പാട് എങ്കിലും വെക്കാന്‍ മറക്കരുത്.
    ആശംസകളോടെ,
    parazak@gmail.com

    ReplyDelete