KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 11 June 2012

അധ്യാപക പരിശീലനം ജൂലായില്‍ ആരംഭിക്കും

കോട്ടയം: വിവരസാങ്കേതികവിദ്യയും വ്യക്തിത്വവികസനവും ആധുനികമാനേജ്‌മെന്റ് തന്ത്രങ്ങളും പഠിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരും പാഠശാലയിലേക്ക്. ജൂലായില്‍ ആരംഭിക്കുന്ന പരിശീലനം വര്‍ഷം മുഴുവന്‍ തുടരും. പത്ത് അധ്യാപകരുള്ളിടത്തുനിന്ന് ഒരാള്‍ എന്ന നിലയിലാണ് പരിശീലത്തിന് പോവുക. സ്‌കൂളില്‍ അധ്യയനം മുടങ്ങാത്തവിധമാകും ഇത്. പത്ത് ദിവസം മാത്രമാണ് ക്ലാസെന്നതിനാല്‍ പകരക്കാരന്‍ ഉണ്ടാവില്ല. മുന്‍ വര്‍ഷങ്ങളില്‍ ക്ലസ്റ്റര്‍ക്ലാസ്സുകളില്‍ പാഠ്യവിഷയങ്ങള്‍ സംബന്ധിച്ച പരിശീലനമാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം ക്ലസ്റ്റര്‍ക്ലാസ്സുകള്‍ ഒഴിവാക്കി.പാഠ്യപദ്ധതി പരിശീലനത്തേക്കാള്‍ അധ്യാപകരുടെ വ്യക്തിത്വവികസനമാണ് പുതിയ പരിപാടിയില്‍ ലക്ഷ്യമിടുന്നത്. ഒപ്പം മാറുന്ന ലോകത്തിനൊപ്പം അധ്യാപകരെ മാറ്റിയെടുക്കുകയാണ് ഉദ്ദേശ്യം. സീനിയര്‍ അധ്യാപകരാണ് ആദ്യം പരിശീലനത്തിന് പോവുക.
മൊത്തം 160443 അധ്യാപകരാണ് 4011 ബാച്ചുകളിലായി 250 സെന്ററുകളില്‍ പഠിക്കാനെത്തുക. 16 ഘട്ടങ്ങളിലായാണ് ഇതു നടക്കുക. ആയിരം പരിശീലകരാണ് ഉണ്ടാവുക. തിരുവനന്തപുരം(13165), കൊല്ലം(11562), പത്തനംതിട്ട(6094),ആലപ്പുഴ(9249),കോട്ടയം(9056),ഇടുക്കി(5023), എറണാകുളം(12247), തൃശ്ശൂര്‍(14196), പാലക്കാട്(14180), മലപ്പുറം(23249), കോഴിക്കോട്(16653),വയനാട്(4164), കണ്ണൂര്‍(14709), കാസര്‍കോട്(6896) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍നിന്ന് പരിശീലനത്തിന് പോകേണ്ട അധ്യാപകരുടെ എണ്ണം. എല്‍.പി. മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള മുഴുവന്‍ അധ്യാപകരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇവരെ പരിശീലിപ്പിക്കുന്ന ആയിരം പരിശീലകരുടെ ക്ലാസ്സുകള്‍ ജൂണ്‍ 19 മുതല്‍ 29 വരെ നടക്കും. മൂന്നിടങ്ങളിലായിട്ടാണ് ഇതുനടക്കുക. വടക്കന്‍ ജില്ലകളുടെ ക്ലാസ്സുകള്‍ കോഴിക്കോട്ടും മധ്യജില്ലകളുടെ ക്ലാസ്സുകള്‍ കൊച്ചിയിലും തെക്കന്‍ ജില്ലകളുടേത് തിരുവനന്തപുരത്തും.
മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം , ഭാവാത്മകസമീപനം, ക്രിയേറ്റിവിറ്റി, ടീം വര്‍ക്ക്, ടൈം മാനേജ്‌മെന്റ്, സ്ട്രസ് നേരിടല്‍, പ്രശ്‌നപരിഹാരം, ജോലി സ്ഥലത്തെ മൂല്യങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങളാണ് ആദ്യ ഏഴുദിവസം പഠിപ്പിക്കുക. ബാക്കി മൂന്നുനാള്‍ ഐ.ടി.പരിശീലനവും. ഇക്കൊല്ലത്തെ പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ അധ്യയനവര്‍ഷം അവസാനമാകും. അടുത്തവര്‍ഷം പാഠ്യപദ്ധതിയാകും പരിശീലിപ്പിക്കുക. അതും ഇതേരീതിയിലാകും നടത്തുക.

No comments:

Post a Comment