
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള തുക ഇനിമുതല്‍ പ്രധാനാധ്യാപകര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള നടപടിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വഴി പ്രധാനാധ്യാപകര്‍ക്ക് പണം അനുവദിക്കുന്നതിന് പകരമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഡി.പി.ഐയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി പ്രധാനാധ്യാപകര്‍ക്ക് തുക എത്തുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും സമയം ലാഭിക്കുന്നതിനുമാണ് പുതിയ രീതി നടപ്പിലാക്കുന്നത്.സ്‌കൂളുകള്‍ക്കുള്ള തുക പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയായിരിക്കും ചെയ്യുക. ഇതിനായി പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകളും മറ്റും പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിന് എത്ര രൂപയാകും എന്നത് കണക്കാക്കി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും പ്രധാനാധ്യാപകര്‍ക്ക് തുക അനുവദിക്കുക. ഇതുപയോഗിച്ച് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ മാവേലി സ്റ്റോര്‍ വഴിയും മറ്റും പ്രധാനാധ്യാപകര്‍ക്ക് വാങ്ങാനാകും. എന്നാല്‍ പാല്‍ വിതരണത്തിനുള്ള തുക ഇങ്ങനെ നല്‍കണോയെന്ന് തീരുമാനമായിട്ടില്ല.അതോടൊപ്പം സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ഓണ്‍ലൈനായി മോണിട്ടര്‍ ചെയ്യുന്ന സംവിധാനംകൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. എ.ഇ.ഒ മാര്‍ മോണിട്ടര്‍ ചെയ്തിരുന്ന ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച കണക്കും മറ്റും ഡി.പി.ഐയില്‍ നേരിട്ടുതന്നെ മോണിട്ടര്‍ ചെയ്യുന്ന സംവിധാനമായിരിക്കുമിത്. ഇത് എങ്ങനെ വേണമെന്നത് സംബന്ധിച്ച് സംസ്ഥാന ഐ.ടി. മിഷനുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്.സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച് പലയിടങ്ങളില്‍ നിന്നും പലപ്പോഴായി പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് നല്‍കാത്ത ഭക്ഷണ സാധനങ്ങള്‍ നല്‍കി എന്ന് കണക്കില്‍ വരുത്തുന്നു എന്ന ആരോപണങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടു മോണിട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
No comments:
Post a Comment