KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 21 June 2012

വായനദിനാചരണം തുടങ്ങി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ 17ാമത് സംസ്ഥാനതല വായനവാരാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുകയെന്ന പി.എന്‍. പണിക്കരുടെ സന്ദേശം എന്നും നിറഞ്ഞു നില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
യുവതലമുറ വായനയിലേക്ക് തിരിച്ചുവരുന്നുണ്ടെന്നും പുസ്തകങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സജീവമാകുന്നുവെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. വായനയുടെ ലോകം സമ്മാനിക്കുന്ന സുഖം മറ്റൊന്നിനും നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ തലമുറ വായനയില്‍നിന്ന് അകലുകയാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സാംസ്‌കാരികമായ അധഃപതനത്തിന് കാരണം വായനയുടെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വായനയിലൂടെ വളരാനാണ് പി.എന്‍ പണിക്കര്‍ നിര്‍ദേശിച്ചതെങ്കിലും ഇന്നത്തെ യുവാക്കള്‍ വായനയിലൂടെ വഷളാവുന്ന കാഴ്ചയാണെങ്ങുമെന്ന് മുഖ്യപ്രഭാഷണത്തില്‍ ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. നല്ലകാര്യങ്ങളെക്കാള്‍ കൂടുതല്‍ ചീത്തകാര്യങ്ങളാണ് കുട്ടികള്‍ക്ക് വായിക്കാന്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ ടാബ്‌ലെറ്റുകളുടെ വിതരണോദ്ഘാടനം ഒ.എന്‍.വി കുറുപ്പ് നിര്‍വഹിച്ചു. ബി.എസ്.എന്‍.എല്‍. പെന്റാ ടാബുകള്‍ പാന്തല്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ വിജേന്ദര്‍സിങ് മന്ത്രി അബ്ദുറബ്ബിന് കൈമാറി.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'സ്വാതി തിരുനാള്‍ ജീവിതവും കൃതികളും' എന്ന പുസ്തകം അബ്ദുറബ്ബ് പ്രകാശനം ചെയ്തു. കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പാലോട് രവി എം.എല്‍.എ, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍ തമ്പാന്‍, ജോര്‍ജ് ഓണക്കൂര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ തോമസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാചരണ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം അവതരണവും വി.ജെ.ടി. ഹാളില്‍ പുസ്തക പ്രദര്‍ശനവും നടക്കും.

No comments:

Post a Comment