KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 9 June 2012

നിര്‍ധന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഐ പാഡ് നല്‍കും -മന്ത്രി അലി



പെരിന്തല്‍മണ്ണ: ന്യൂനപക്ഷ സമുദായത്തിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഐ പാഡുകള്‍ വിതരണം ചെയ്യുന്നതിന് ശ്രമം നടത്തുമെന്ന് നഗരകാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനമേശ-കസേര വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിച്ച് വളര്‍ന്നാലേ നല്ല പൗരന്‍മാരാകൂ. ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ പരിപാടി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മദ്രസ അധ്യാപകരുടെ ക്ഷേമനിധിയില്‍ രണ്ട് മാസത്തിനുള്ളില്‍ 30,000 പേരെ ചേര്‍ക്കും. മുസ്‌ലിം യുവാക്കള്‍ക്കായുള്ള പരിശീലനകേന്ദ്രം പെരിന്തല്‍മണ്ണയില്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നാലുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായത്തിലുള്ള 8000 കുട്ടികള്‍ക്കാണ് മേശയും കസേരയും ലഭിക്കുക. ഇത്തവണ 10-ാം തരത്തിലെത്തിയ വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പദ്ധതി വിശദീകരിച്ച ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ 1400 വിദ്യാര്‍ഥികള്‍ പദ്ധതിയിലുണ്ട്. സിഡ്‌കോ വഴിയാണ് മേശയും കസേരയും എത്തിച്ചിട്ടുള്ളത്.

No comments:

Post a Comment