KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 21 June 2012

ജീവിതനൈപുണ്യ പരിശീലനം ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസ്സുവരെ

 ആലപ്പുഴ: കുട്ടികളിലെ സ്വഭാവരൂപത്കരണത്തിനായി സ്‌കൂള്‍ കരിക്കുലത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ജീവിത നൈപുണ്യപരിശീലനം ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസ്സുവരെ നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും അക്രമവാസനകളും കുട്ടികളില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പരീശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു അധ്യയനവര്‍ഷം 20 മണിക്കൂര്‍ പരിശീലനത്തിന് മാറ്റിവയ്ക്കാനാണ് തീരുമാനം. ഇതിനായുള്ള സിലബസ്, കരിക്കുലം കമ്മിറ്റി തയ്യാറാക്കി വിദ്യാഭ്യസവകുപ്പിന് കൈമാറി .
തിരുവന്തപുരത്തെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ നേതൃത്വത്തിലാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് സംബന്ധിച്ച പരിശീലനം അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും നല്‍കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി. യുടെ ശില്പശാല 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസ വിദഗ്ധരുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും കൂടി പരിശോധിച്ചതിനുശേഷം മാറ്റം അവശ്യമുണ്ടെങ്കില്‍ അതും സിലബസ്സില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനതല ശില്പശാലയില്‍ പങ്കെടുത്തവരായിരിക്കും ജില്ലകളില്‍ പരീശീലനത്തിന് നേതൃത്വം നല്‍കുക. പരിശീലനത്തില്‍ പ്രധാനമായും പത്ത് കാര്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ആശയവിനിമയശേഷി വളര്‍ത്തിയെടുക്കല്‍, ഗുണദോഷങ്ങള്‍ സ്വയം തിരിച്ചറിയല്‍, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്‌നപരിഹാരശേഷി ഉണ്ടാക്കല്‍, സര്‍ഗ്ഗാത്മക ചിന്ത, ഗുണദോഷ യുക്തിവിചാരം, വികാര നിയന്ത്രണം, സമ്മര്‍ദ നിയന്ത്രണം എന്നീ കാര്യങ്ങളാണ് സിലബസ്സില്‍ വരുന്നത്.
കുട്ടികളുടെ പ്രായത്തിനനുസരിച്ചായിരിക്കും ഓരോ ക്ലാസ്സിലേക്കും പരീശീലന മോഡ്യൂള്‍ തയ്യാറാക്കുക . സിലബസ്സില്‍ ക്ലാസുകള്‍ക്ക് പകരം സംവാദങ്ങള്‍, ഗ്രൂപ്പ് ആക്ടിവിറ്റി, ഉദാഹരണങ്ങള്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഒരോ ക്ലാസ്സിലേക്കും പ്രത്യേക പരിശീലന മോഡ്യൂളാണ്. ഇക്കാര്യങ്ങള്‍ അധ്യാപകന്‍ നേരിട്ട് പറഞ്ഞ് കൊടുക്കുന്നതിന് പകരം പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളില്‍ സ്വാഭാവരൂപവത്കരണത്തിന് പുറമേ പരിസ്ഥിതി ബോധം, ജീവിത ശൈലീ രോഗങ്ങള്‍, പൊണ്ണത്തടി എന്നിവയും സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. 

No comments:

Post a Comment