KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 15 June 2012

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ജില്ലകളില്‍ അദാലത്ത്


തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പകരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 10ന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. തുടര്‍ന്ന് കണ്ണൂരില്‍ ജൂലായ് 19നും ഇടുക്കിയില്‍ ആഗസ്ത് 13നും പത്തനംതിട്ടയില്‍ സപ്തംബര്‍ 26നും അദാലത്ത് നടത്തും. മറ്റ് ജില്ലകളിലെ അദാലത്തുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ജനനത്തീയതികളിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
തിരുത്തലിന് ആവശ്യമായ രേഖകള്‍ നേരത്തെ സമര്‍പ്പിക്കണം. അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രസീത് നല്‍കും. പരമാവധി 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിച്ച കേന്ദ്രത്തില്‍ വെച്ചുതന്നെ നല്‍കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനോത്സവത്തിന് ജൂണ്‍ 19ന് തിരിതെളിയും. വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി കെ.എം. മാണി, മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

No comments:

Post a Comment