KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 1 July 2012

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്)


എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) വിജ്ഞാപനപ്രകാരം ഒന്നാംക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ പഠിപ്പിക്കാനുള്ള അധ്യാപകരുടെ മിനിമം യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെയാണ് യോഗ്യതാനിര്‍ണയപരീക്ഷയും (ടെറ്റ്) നിര്‍ബന്ധമാക്കിയത്. കേരള സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാറിന്റെ ഗ്രാന്‍ഡ് കൈപ്പറ്റുന്നതുമായ സ്‌കൂളുകളിലെ അധ്യാപകനിയമനത്തിനായാണ് ടെറ്റ് പരീക്ഷ നടക്കുക. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിയമനത്തിനായി സി.ടി.ഇ.ടി.ക്ക് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ചിരുന്നു.
പരീക്ഷാഭവനാണ് കെടെറ്റിന്റെ (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) നടത്തിപ്പുചുമതല. സിലബസ്സും സ്‌കീമുമൊക്കെ എസ്.സി.ആര്‍.ടി.യാണ് നിശ്ചയിക്കുന്നത്. ഇതില്‍ ജയിക്കുന്നവര്‍ക്ക് ഈ അധ്യയനവര്‍ഷം തന്നെ സര്‍വീസില്‍ പ്രവേശിക്കാവുന്നതാണ്.
കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള യോഗ്യതാ പരീക്ഷയായ സി.ടി.ഇ.ടി, യു.ജി.സി. നെറ്റ്, കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
രണ്ടു കാറ്റഗറിയിലായാണ് പരീക്ഷ നടക്കുക. ഒന്നുമുതല്‍ അഞ്ചുവരെ (ലോവര്‍ പ്രൈമറി) ക്ലാസുകളിലേക്ക് കാറ്റഗറി1. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക്(അപ്പര്‍ പ്രൈമറി) കാറ്റഗറി2. ഓരോ കാറ്റഗറിക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടു കാറ്റഗറികളിലേക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് രണ്ട് പേപ്പറുകളും എഴുതാവുന്നതാണ്. ഓരോ പേപ്പറിനും 500 രൂപ ഫീസുണ്ടാവും. വ്യത്യസ്തസമയങ്ങളിലായിരിക്കും രണ്ടു പേപ്പറുകളും നടക്കുക. രണ്ടുപേപ്പറുകളും എഴുതുന്നുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. 
നെഗറ്റീവ് മാര്‍ക്കില്ല
ടെറ്റ് 150 മാര്‍ക്കിന്റെ പരീക്ഷയാണ്. 150 ചോദ്യങ്ങളുമുണ്ടാകും. ഇതില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയാലെ യോഗ്യതനേടാന്‍ കഴിയുകയുള്ളൂ. ഒരു കാര്യത്തില്‍ ആശ്വസിക്കാം, സെറ്റ് പരീക്ഷയിലെ പേടിസ്വപ്നമായ നെഗറ്റീവ് മാര്‍ക്ക് 'ടെറ്റി'ലുണ്ടാവില്ല. 
ടെറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏഴു വര്‍ഷമാണ് ഇതിന്റെ കാലാവധി. ഏഴുവര്‍ഷത്തിനകം സര്‍വീസില്‍ പ്രവേശിക്കാനായില്ലെങ്കില്‍ വീണ്ടും ടെറ്റ് എഴുതി ജയിക്കണം. ജയിക്കുംവരെ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാന്‍ അനുവാദമുണ്ട്. 
ഇനി പരീക്ഷയെഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം. കാറ്റഗറി1 (ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകള്‍): 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി/ പ്രീഡിഗ്രി പരീക്ഷാവിജയം. ഒപ്പം രണ്ടു വര്‍ഷത്തെ ടി.ടി.സി.യും. കാറ്റഗറി2 (ആറു മുതല്‍ എട്ടുവരെ ക്ലാസ്സുകള്‍): ബി.എ, ബി.എസ്.സി, ബി.കോം. ബിരുദം. ഒപ്പം രണ്ടുവര്‍ഷത്തെ ടി.ടി.സി.യും. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും ബി.എഡുമുള്ളവര്‍ക്കും അപേക്ഷിക്കാം. അടിസ്ഥാനയോഗ്യതകളാണ് ഇത്. വിശദാംശങ്ങള്‍ വിജ്ഞാപനത്തോടൊപ്പമുണ്ടാകും.
സിലബസ് 
കാറ്റഗറി1: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്1, ലാംഗ്വേജ്2 ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണുണ്ടാവുക. ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്.
കാറ്റഗറി2: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്1, ലാംഗ്വേജ്2 ഇംഗ്ലീഷ് എന്നിവക്ക് 30 ചോദ്യങ്ങള്‍ 30 മാര്‍ക്ക്. മാത്തമറ്റിക്‌സ് ആന്‍ഡ് സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സ്റ്റഡീസ് ഈ വിഭാഗത്തില്‍ 60 ചോദ്യങ്ങള്‍, 60 മാര്‍ക്ക്. വിശദവിവരങ്ങള്‍ക്ക്  www.scert.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

No comments:

Post a Comment