KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Sunday, 8 July 2012

ഒന്നും കാണാതെ നായര്‍ കുളത്തില്‍ ചാടാറില്ല

വര്‍ത്തമാനം ദിനപത്രം
ചങ്ങനാശ്ശേരി റൂബി നഗറിലെ ഗോപുരത്തിങ്ങല്‍ വീട്ടില്‍ സുകുമാരന്‍ നായര്‍ വെറുതെ ഒന്നും പറയാറില്ല. അഥവാ നായര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറ്റെന്തെങ്കിലും കണ്ടിട്ടുണ്ടാവും. എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ ജി സുകുമാരന്‍ നായരെ യോഗ്യനാക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്.
കേരളം ആര് ഭരിച്ചാലും വിദ്യാഭ്യാസവും ഉദ്യോഗസ്ഥ നിയമനവും ചങ്ങനാശ്ശേരിയിലെ പെരുന്നയിലെ നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് നിന്നാണ് തീരുമാനിക്കാറുള്ളതെന്നാണ് വെപ്പ്. അതിനു താഴെ ഒപ്പിടാനാണ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയുള്ളത്. എന്നാല്‍ ആദ്യമായി മന്ത്രിയായ പി കെ അബ്ദുറബ്ബിന് ഇതൊന്നും അറിയില്ല. വിളിച്ച് കല്പിക്കുന്ന കരയോഗം നേതാക്കളോടും പെരുന്നയിലെ ഡയറക്ടര്‍മാരോടും യു ഡി എഫില്‍ ചര്‍ച്ച ചെയ്യാം എന്ന മറുപടിയാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. പിന്നെ മലപ്പുറം മാപ്പിളയാണെങ്കിലും ഇത്തിരി വിദ്യാഭ്യാസം നേടിയതിന്റെ കുഴപ്പവും അബ്ദുറബ്ബിനുണ്ട്.
കേരളം ഉണ്ടായതിന് ശേഷം ആദ്യമായാണ് എന്‍ എസ് എസ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് അവസാനിച്ചത് എന്നൊക്കെ ഡയറക്ടര്‍മാര്‍ പെരുന്നയില്‍ മുറുമുറുപ്പ് തുടങ്ങിയിരിക്കുകയാണ്.
ഇതിനിടയിലാണ് കോട്ടയം എം ജി സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. കോട്ടയം എം ജി സര്‍വകലാശാലയില്‍ ഒരു വൈസ് ചാന്‍സലര്‍ പോസ്റ്റ് ഒഴിവു വരാനിരിക്കുന്നു. വൈസ് ചാന്‍സലറാകാന്‍ എന്തു കൊണ്ടും യോഗ്യതയുള്ള ഒരാള്‍ ഇവിടെ വീട്ടില്‍ തന്നെയുണ്ടെന്ന് നായര്‍ ഓര്‍ക്കുന്നുവെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. മകള്‍ ഡോ. സുജാത കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇപ്പോള്‍ എം ജി സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗമാണ്. വെറും സിണ്ടിക്കേറ്റ് കൊണ്ടൊന്നും ഒന്നുമാകില്ല; ഒരു വൈസ്ചാന്‍സലര്‍ പദവിയെങ്കിലും ലഭിച്ചാലേ എന്തെങ്കിലും ഗുണമുള്ളൂ. മകളാണെങ്കില്‍ ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദുകോളെജില്‍ ലക്ചര്‍ പണിയെടുത്ത് മടുത്തിരിക്കുകയുമാണ്. അല്ലെങ്കിലും തറവാട്ട് വീട്ടില്‍ അടിച്ചു തെളിക്കുന്നതും സ്വന്തം കോളെജില്‍ ലക്ചര്‍ പണിയെടുക്കുന്നതും തമ്മില്‍ എന്തുണ്ട് ഭേദം?
ഡോ. സുജാതയെ എം ജിയില്‍ വൈസ്ചാന്‍സലറാക്കാനാണ് നീക്കമെന്ന് പറഞ്ഞു കേട്ടപ്പോഴേക്കും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പ്രതിഷേധിച്ചു കളഞ്ഞു. ഇതേ സുജാതയെ സിണ്ടിക്കേറ്റില്‍ എടുത്തപ്പോഴും നാരായണക്കുറുപ്പിനെ സിണ്ടിക്കേറ്റില്‍ എടുത്തപ്പോഴും പ്രതിഷേധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വകുപ്പ് ലീഗിന്റെതാണെങ്കിലും സിണ്ടിക്കേറ്റിലെ കോണ്‍ഗ്രസ് ക്വാട്ടയിലേക്ക് പെരുന്നയില്‍ നിന്ന് തന്നെയാണ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നത്.
പക്ഷേ എം ജിയില്‍ പിന്നെയും കുഴപ്പമാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റെതാണെങ്കിലും കോട്ടയം എം ജിയില്‍ മുസ്‌ലിം വൈസ്ചാന്‍സലറെ നിയമിക്കുന്നത് ഹറാമാണ്. ഭരണം യു ഡി എഫിനാണെങ്കില്‍ ഇടവകയില്‍ നിന്ന് സൗകര്യമുള്ള ആരെയെങ്കിലും വൈസ്ചാന്‍സലറായി പറഞ്ഞയക്കുന്നതാണ് പതിവ്. അതിന്  ഇത്തവണയും മുടക്കമുണ്ടാകില്ല. അപ്പോള്‍ മകള്‍ സുജാത എന്തു ചെയ്യും? കേരള സര്‍വകലാശാലയില്‍ വരാനിരിക്കുന്ന വൈസ്ചാന്‍സലര്‍ പദവി നായര്‍ ക്വാട്ടയാണ്. അതിലേക്ക് വിശ്വസ്തയായ മകള്‍ ഉണ്ടാകുമ്പോള്‍ പിന്നെ ആലോചിക്കാന്‍ ഒന്നുമില്ല.
ഇതൊക്കെ നടക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൂടി ഇത്തിരി സഹകരിക്കണം. ആ ബഷീറായിരുന്നെങ്കില്‍ മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമായിരുന്നു. മലബാറിലെ കാക്കാമാര്‍ വന്നാലും അവരെ പുറത്തിരുത്തി നമ്മുടെ കാര്യം ശരിയാക്കി തന്നിരുന്നു. ഇത് അതല്ല സ്ഥിതി. പരപ്പനങ്ങാടിക്കും പാണക്കാടിനും ഒക്കെയുള്ള വിലയേ പെരുന്നക്കും അബ്ദുറബ്ബിന്റെ ഓഫിസില്‍ ഉള്ളൂ.
ഇങ്ങനെ ഏറെ പ്രതിസന്ധിയിലൂടെ ആണെങ്കിലും ജി സുകുമാരന്‍ നായര്‍ എന്‍ എസി എസിനെ മുന്നോട്ട് നയിക്കുന്നുണ്ട്. നേതൃഗുണം എന്നു പറയുന്നത് അതാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ എന്‍ എസ് എസ് വക കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 71 സെന്റ് സ്ഥലത്തിന് 1937ല്‍ 18 രൂപ നിരക്കില്‍ എന്‍ എസ് എസ് ലീസിനെടുത്തിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിയ പാട്ടനിരക്ക് അനുസരിച്ച് ഒന്നേകാല്‍ കോടി രൂപ നല്‌കേണ്ടതായിരുന്നു. എന്നാല്‍ 2012 മാര്‍ച്ച് മൂന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വര്‍ഷത്തില്‍ 18 രൂപ മാത്രം നല്കി ആ ഭൂമി തുടര്‍ന്ന് ഉപയോഗിക്കാമെന്ന അവസ്ഥ ഉണ്ടായി. ഇടുക്കി ജില്ലയിലെ മണക്കാട്ട് എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കളിസ്ഥലത്തിനായി സെന്റിന് 100 നിരക്കില്‍ 40.20 ആര്‍ സ്ഥലം പതിച്ചു കിട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നേടിയെടുത്തു. ഇതിനിടയില്‍ ന്യൂനപക്ഷങ്ങളും അവര്‍ക്കും എന്തെങ്കിലും വേണം എന്നു പറയുന്നത് കേള്‍ക്കുമ്പോഴാണ് സുകുമാരന്‍ നായര്‍ക്ക് ക്ഷോഭം വരുന്നത്. 74 ഹൈസ്‌കൂളുകളും രണ്ട് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് എന്‍ എസ് എസ് നടത്തുന്നത്. 22 കോളെജുകളാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് എണ്ണത്തിന് കൂടി അനുമതി പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്‍ എസ് എസ്. അണ്‍എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം അത്ര പ്രസക്തമല്ല. ഇതിലേക്കായി തുച്ഛമായ ഏതാനും കോടികളുടെ ധനസഹായം മാത്രമാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ നിന്നുമായി ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. അത് പറയാന്‍ പക്ഷേ പിന്നാക്കക്കാരുടെ ഓഫിസ് റൂമിലേക്കൊന്നും സുകുമാരന്‍ കയറില്ല. കുഞ്ഞാലിക്കുട്ടി ഭവ്യതയോടെ പെരുന്നയില്‍ ചെന്നാല്‍ മാത്രം ചെവിയില്‍ പറയും. അതും ജി ഒ വരുമെന്ന് ഉറപ്പ് നല്കിയാല്‍ മാത്രം. 

No comments:

Post a Comment