KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Sunday, 8 July 2012

വിരട്ടേണ്ട , പിന്തിരിയുന്ന പ്രശ്നമില്ല

ഒ അബ്ദുല്ല

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി 
പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ്    വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം. 

ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യം. അല്‍പ്പം ശ്രദ്ധവച്ചാല്‍ ഏതു മന്ത്രിക്കും ചെയ്യാവുന്നത്. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ വകുപ്പുമന്ത്രി എന്ന നിലയ്ക്ക് അബ്ദുറബ്ബ് നിര്‍വഹിച്ച വിപ്ളവകരമായ സംഭവം അധ്യാപക പാക്കേജ് നടപ്പാക്കി എന്നതാണ്. 

എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു. 

ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്. 

അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം. 

പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കില്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം. 

ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും. 

പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു. 

അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും. 

കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്. 

പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?

1 comment:

  1. നല്ല ലേഖനം..അബ്ദുല്ലാ സാഹിബിനു അഭിനന്ദനങ്ങള്‍ ....http://shajitharangal.blogspot.com എന്ന എന്റെ ബ്ലോഗില്‍ 'അബ്ദുറബ്ബിന്റെ കയ്യില്‍ അത്ഭുതവിളക്കുണ്ടോ?..' എന്ന ഒരു പോസ്റ്റുണ്ട്, അത് വായിക്കാന്‍ എല്ലാവരോടും താല്പര്യപ്പെടുന്നു

    ReplyDelete