KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Sunday, 8 July 2012

എയ്ഡഡ് പദവിക്കെതിരെ വര്‍ഗീയതയുടെ ആര്‍ത്തനാദം

  • ടി മുനീര്‍((999 (വര്‍ത്തമാനം ദിനപത്രം)
മലബാറിലെ 32 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് സംസ്ഥാനത്ത് വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കുന്നു. മലപ്പുറത്തെ മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നുവെന്നും കേരളത്തിന്റെ നിയമനിര്‍മാണസഭ മലപ്പുറത്തേക്ക് മാറ്റുന്നതാണ് നല്ലതെന്നും ചിലര്‍ പറഞ്ഞുകഴിഞ്ഞു.
മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിപദവി കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ കൃമികടി. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ രാഷ്ട്രീയ അംഗബലം ഉപയോഗപ്പെടുത്തി അവകാശപ്പെട്ട പദവികള്‍ ചോദിച്ചു വാങ്ങുന്നത് ലീഗിന്റെ രാഷ്ട്രീയ നേട്ടമായി കാണുന്നതിന് പകരം മുസ്‌ലിം സമുദായത്തിന്റെ പറ്റില്‍ ചേര്‍ത്ത് കാര്യങ്ങളെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
ലീഗിന്റെ രാഷ്ട്രീയ നേട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയെയും സംഘ് പരിവാരത്തെയും കൂട്ടുപിടിച്ച് സംസ്ഥാനത്തെ മീഡിയകള്‍ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നത് നിറകണ്ണുകളോടെയാണ് സമുദായം നോക്കി കാണുന്നത്. മുസ്‌ലിം ലീഗിനെ താറടിക്കാന്‍ ഒരു പ്രത്യേക മതവിശ്വാസികളെ വിവരമില്ലാത്തവരും ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം തികച്ചും ഗൂഢലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയേണ്ടതായിരുന്നു.
എന്‍ എസ് എസിന്റെ സുകുമാരന്‍ നായര്‍ ആര്‍ എസ് എസിനെക്കാള്‍ തരംതാണ നിലയിലാണ് പെരുമാറുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സാമുദായിക നേതാവും പറയാത്ത കണക്കുകളാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നത്. ലീഗിന്റെ മന്ത്രിമാരുടെ എണ്ണം ഒന്നുകൂടിപ്പോയി എന്ന കാരണത്താല്‍ മുസ്‌ലിം ഉദ്യോഗസ്ഥന്മാരുടെ എണ്ണവും അവരുടെ ശമ്പളവും പത്രാസുമെല്ലാം വലിയ കുറ്റവും അനീതിയുമായിട്ടാണ് അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ പത്രാസുള്ള വകുപ്പുകളെല്ലാം വെളുത്ത നായന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന മട്ടിലാണ് സുകുമാരന്‍നായരുടെ ചിന്ത. അതിന് സുരേന്ദ്രനെന്ന ബി ജെ പിക്കാരന്റെ കൂടി പിന്‍ബലവും കിട്ടിയതോടെ കേരളത്തെ സാമുദായിക ധ്രുവീകരണത്തിലേക്ക് ഇവര്‍ വലിച്ചിഴക്കുകയാണ്.
എന്‍ എസ് എസ് വിചാരിക്കുന്നത് പോലെ ലീഗും കോണ്‍ഗ്രസും ഭരണം നടത്തണമെന്ന് ശാഠ്യം പിടിക്കുകയും അങ്ങനെയല്ലെങ്കില്‍ ചിലത് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് ചട്ടമ്പിത്തരം പറയുന്ന നായര്‍ പ്രമാണിത്വത്തിനനുസരിച്ച് വകുപ്പ് മാറ്റം നടത്തി. എളിമ കാട്ടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം അത്ര സുഖകരമല്ലതാനും.
പെരുന്നയിലെ നായന്മാര്‍ വിചാരിക്കുന്നത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഭരണം മോശമാണെന്നും യു ഡി എഫ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അതുവഴി ഒരു സാമുദായിക സംഘശക്തിയെ ഒറ്റപ്പെടുത്തി വികസനത്തിന്റെ പുറംപോക്കിലേക്ക് തള്ളിയിടാന്‍ എന്‍ എസ് എസ് കാണിക്കുന്ന ഈ ശ്രമങ്ങള്‍ കരുതിയിരിക്കുന്നത് നന്ന്.
കേരളത്തിലെ വികസന അടയാളങ്ങളില്‍നിന്ന് എത്രയോ അകലെ നില്‍ക്കുന്ന ഭൂപ്രദേശമാണ് മലബാര്‍. എണ്ണത്തില്‍ കൂടുതല്‍ ഒരു സമുദായമായിപ്പോയി എന്ന കാരണത്താല്‍ അവഗണിക്കപ്പെട്ടതാണീ പ്രദേശം. സ്വന്തം സമുദായത്തിന് ലീഗ് വാരിക്കോരി നല്‍കുന്നുവെങ്കില്‍ മലപ്പുറവും മലബാറും പണ്ടേ കോട്ടയവും കൊല്ലവുമായി മാറിയേനെ.
മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അര്‍ഹതപ്പെട്ടത് ഈ പ്രദേശത്തിന് കിട്ടണം എന്നത് ലീഗിന്റെയോ മുസ്‌ലിംകളുടെയോ ആവശ്യമല്ല. മറിച്ച് ആ പ്രദേശത്തിലെ ജനങ്ങളുടെ ആവശ്യമാണ്. ഈ ആവശ്യത്തെ പോലും വര്‍ഗീയകണ്ണോടെയാണ് കാണുന്നത്.
പെരിന്തല്‍മണ്ണയില്‍ അലിഗഡ് ഓഫ് കാമ്പസ് വന്നതും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചതും പാണക്കാട് ഇഫ്‌ളു കാമ്പസ് തുടങ്ങാനിരിക്കുന്നതും മഹാപാപവും രാജ്യദ്രോഹവുമായിട്ടാണ് പ്രചരിപ്പിക്കുന്നത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ  മലപ്പുറം ജില്ലയില്‍ പിറന്നതില്‍ തന്നെ അസഹിഷ്ണുത കാണുന്ന ഇത്തരം പാദക്കാര്‍ക്ക് വര്‍ഗീയരാജ പുരസ്‌കാരം നല്‍കി ആദരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.
മലബാറിന്റെ പിന്നോക്കാവസ്ഥയറിയുന്നതിനും ജനസംഖ്യാനുപാതികമായി മലബാറിനും മലപ്പുറത്തിനും ലഭിച്ച സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം.
1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിലായി ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം എ ഐ പി വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കും നിയോബുദ്ധിസ്റ്റുകള്‍ക്കുമാണ് ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രചരിപ്പിച്ചിടുന്നത് പോലെ  ഈ സ്‌കൂളുകള്‍ മലപ്പുറത്ത് മാത്രമല്ലെന്നറിയുക. കേരളത്തില്‍ ന്യൂയോബുദ്ധിസ്റ്റുകള്‍ സംസ്ഥാനത്തെ മുസ്‌ലിം സമുദായത്തിന് ലഭിച്ചത് ലീഗിന്റെയോ സമുദായത്തിന്റെയോ ചട്ടമ്പിത്തരം കൊണ്ടല്ല, സര്‍ക്കാര്‍ പുറത്തിറക്കിയ ശിപാര്‍ശയുടെയും ഉത്തരവിന്റെയും പിന്‍ബലത്തിലാണ്.
എ ഐ പി വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം ഒരുക്കുന്നതിനായി എല്‍ പി വിദ്യാലയത്തിന് 3.60 ലക്ഷവും ഹൈസ്‌കൂള്‍ വിഭാഗത്തിന് 15 ലക്ഷവും യു പി വിഭാഗത്തിന് 2.88 ലക്ഷവും കേന്ദ്രസഹായം ലഭിച്ചു. ന്യൂനപക്ഷ പദവിയില്‍ ഉള്‍പ്പെടുന്ന എത്ര അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം ലഭിച്ചിരിക്കുന്നു. അത്തരം കാര്യങ്ങളെപ്പറ്റിയൊന്നും മിണ്ടാത്തവരാണ് ഏറെ പിന്നോക്കമെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കൊണ്ടുവന്ന പദ്ധതിയെ വര്‍ഗീയമായി കാണുന്നത്.
എഐപി  വിദ്യാലയങ്ങളുടെ ശമ്പളമുള്‍പ്പെടെയുള്ള നൂറുശതമാനം സാമ്പത്തിക ബാധ്യതയും ഗവണ്‍മെന്റ് വഹിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. No.F-8, 71/97 SC/ST(M) Govt. India IHRD Dept of edn. New Delhi dtd. 5th June 1997 എന്ന ഉത്തരവ് പ്രകാരം എ ഐ പി അധ്യാപകരുടെ ശമ്പളം സ്റ്റേറ്റ് ഗവണ്‍മെന്റ് തന്നെ വഹിക്കണമെന്ന് വ്യക്തമാണെന്നിരിക്കെ ഈ കോലാഹലം എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിനും ആനുകൂല്യവും ലഭിക്കാന്‍ ഇത്രയേറെ ഉത്തരവുകള്‍ പുറത്തിറക്കേണ്ടിവന്ന ചരിത്രവും എ ഐ പി വിദ്യാലയങ്ങളുടെ കാര്യത്തില്‍ മാത്രമായിരിക്കും. GO(Rt)No. 3733/98 G.Edn dtd 24.9.1998 പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എ ഐ പി വിദ്യാലയങ്ങള്‍ക്കും ബാധകമാക്കുകയുണ്ടായി. ഇത് പ്രകാരം ഉച്ചഭക്ഷണം, സ്‌കോളര്‍ ഷിപ്പുകള്‍, ലംപ്‌സം ഗ്രാന്റ്, ഡി പി ഇ പി ആനുകൂല്യങ്ങള്‍ എന്നിവ ഏരിയാ ഇന്റന്‍സീവ്  വിദ്യാലയങ്ങള്‍ക്കും അര്‍ഹമായിട്ടുണ്ട്. GO(Rt) No 3193/02/G Edn 17.9.02 പ്രകാരം എസ് എസ് എ പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഇത്തരം സ്‌കൂളുകള്‍ക്ക് ലഭിച്ചു. എന്നിട്ടും ഇവ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളാണെന്ന് പ്രചരിപ്പിക്കുന്നവര്‍-ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്.
GO(Ms) 14/2003 G.Edn dtd Tvm 16.o/03 പ്രകാരം ഈ സ്‌കീമില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളിലെ 238 ജീവനക്കാര്‍ക്ക് 16.1.2003 മുതല്‍ സര്‍ക്കാര്‍-എയ്ഡഡ് ജീവനക്കാരുടെ തത്തുല്യ അടിസ്ഥാന ശമ്പളം നല്‍കാനുള്ള ഉത്തരവിട്ടു. 2003 ല്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയമായതിനാല്‍ പി എസ് സി നിയമനങ്ങള്‍ക്കും ആണ് അടിസ്ഥാന ശമ്പളം മാത്രമാണ് നല്‍കിയിരുന്നത് എന്നത് പ്രത്യേകം പ്രസ്താവിക്കേണ്ടതായിട്ടുണ്ട്.
അടിസ്ഥാന ശമ്പളം ലഭിച്ചതോടെ എ ഐ പി അധ്യാപകരും എയ്ഡഡ് അധ്യാപകരുടെ ഗണത്തില്‍ ഉള്‍പ്പെടുകയുണ്ടായി. GO(Ms) 43/2006 G.Edn dtd Tvm 01.02.06 പ്രകാരം ഇവര്‍ക്ക് ഡി എ യും മറ്റ് അലവന്‍സുകളും അനുവദിച്ച് ഉത്തരവിറങ്ങുകയുണ്ടായി.
സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബിയുടെ വ്യക്തതക്ക് വേണ്ടി GO(Ms)No 323/ G.Edn dtd Tvm 18.1o/04ലെ ഉത്തരവ് പ്രകാരം എ ഐ പി അധ്യാപകരുടെ നിയമനം, ഫിക്‌സേഷന്‍, അപ്പോയിന്റ്‌മെന്റ് അപ്രൂവല്‍ കെ ഇ ആര്‍ പ്രകാരമാക്കി. GO(Ms) 247/2009 G.Edn dtd Tvm 14.12.2009 U.Edn dtd Tvm 14.12.2009 പ്രകാരം പി എഫ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ശമ്പള പരിഷ്‌കരണ കുടിശ്ശിക റൊക്കം പണമായി നല്‍കുന്നതിനുള്ള ഉത്തരവും പുറത്തിറങ്ങി. GO(Ms) No.21/2009 G.Edn dtd Tvm 13.o2/09 ലൂടെ 2006 ലെ പേറിവിഷന്‍ ഉത്തരവ് എ ഐ പി സ്‌കൂളിലും ബാധകമാക്കി.
തുടര്‍ന്നും ഈ പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിപൂര്‍ണമായ പരിഹാരം കാണുന്നതിന് NEP 3/37864/06 DPI dtd 6.11.06 പ്രകാരം എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ചുള്ള വിവരശേഖരണത്തിന് ഉത്തരവിറക്കി.
1994 മുതല്‍ തന്നെ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ സകല ജാതിയില്‍പ്പെടുന്നവരും ഉണ്ട്. സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ എയ്ഡഡ് പദവിയാണ് ശാശ്വതപരിഹാരം. പ്രസവ അവധിപോലും കിട്ടാതെ സങ്കടപ്പെടുന്ന എ ഐ പി അധ്യാപികമാരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍പോലും ഇടപെടുകയുണ്ടായതാണ്. ഇങ്ങനെ ഓരോ എ ഐ പി സ്‌കൂള്‍ അധ്യാപികമാരും പ്രസവ അവധിക്കായി കമ്മീഷനെ സമീപിക്കേണ്ടിവരുന്ന അവസ്ഥ യെത്ര നാണക്കേടാണ്. ഈ വിദ്യാലയങ്ങള്‍ ഒരു സമുദായത്തിന്റെ പേരിലുള്ളതായി എന്ന ഒറ്റക്കാരണത്താലാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഓര്‍ക്കുക.
മലബാറിലെ എ ഐ പി വിദ്യാലയങ്ങളെ എയ്ഡഡാക്കുന്നതിലൂടെ സര്‍ക്കാറിന് വരുന്ന അധികബാധ്യത തൊണ്ണൂറ്റി രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തിയൊന്‍പത് രൂപ യാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ പ്രചരിക്കുന്നതാവട്ടെ 60 കോടി രൂപയെന്നും!
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ ഐ പി വിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ബഹു പാലോളി കമ്മറ്റി റിപ്പോര്‍ട്ടിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
ജാതി-മത വ്യത്യാസമില്ലാതെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പെടുന്ന പതിനായിരക്കണക്കായ കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന എ ഐ പി വിദ്യാലയങ്ങള്‍ കഴിഞ്ഞ 17 വര്‍ഷമായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. നായരും തിയ്യരും ക്രിസ്ത്യാനിയും മുസല്‍മാനുമെല്ലാം അടങ്ങുന്ന ഇവിടുത്തെ അധ്യാപക പ്രശ്‌നത്തിന് എയ്ഡഡ് പദവി ആവശ്യമാണെന്നിരിക്കെ, തികഞ്ഞ അവകാശത്തിന്റെ പുറത്ത് ചോദിക്കുന്ന ഈ കാര്യത്തില്‍ പോലും രാഷ്ട്രീയവും വര്‍ഗീയതയും ചേര്‍ക്കുന്നത് ഒട്ടും ശരിയല്ല. അത് കേരള സമൂഹത്തിന് ചേര്‍ന്നതുമല്ല.

No comments:

Post a Comment