KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 4 July 2012

109 പഞ്ചായത്തുകളില്‍ കൂടി ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കും മന്ത്രി



കൊല്ലം: സംസ്ഥാനത്തെ 109 പഞ്ചായത്തുകളില്‍ കൂടി ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മുഴുവന്‍ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറി പഠനസൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴ്‌സ് അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാത്തിടത്ത് എയ്ഡഡ് സ്‌കൂളുകളില്‍ കോഴ്‌സ് അനുവദിക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം മന്ത്രിസഭ കൈക്കൊള്ളും  മന്ത്രി വ്യക്തമാക്കി.
ഐ.സി.ടി അറ്റ് സ്‌കൂള്‍ പദ്ധതിപ്രകാരം സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍, ഹാര്‍ഡ് വെയര്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്ലസ് വണിന് ഈ വര്‍ഷവും അധിക സീറ്റുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്. 6, 7 തീയതികളിലെ അന്തിമ അലോട്ട്‌മെന്റിനുശേഷം കണക്കുകള്‍ ശേഖരിച്ചശേഷം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസനയം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ആവിഷ്‌കരിച്ചിട്ടുണ്ട്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമായി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം സംസ്ഥാനത്ത് നിലവില്‍ വരികയാണ്. കെല്‍ട്രോണുമായി ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 
ഓരോ സ്‌കൂളിലും ഓരോ സ്മാര്‍ട്ട് ക്ലാസ് റൂം എന്ന ആശയം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വരുംവര്‍ഷങ്ങളില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.എ.അസീസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കമ്പ്യൂട്ടര്‍ വിമലഹൃദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മ എഡ്വേര്‍ഡും പ്രഥമാധ്യാപിക സിസ്റ്റര്‍ ഡെയ്‌സി മേരിയും ചേര്‍ന്ന് മന്ത്രിയില്‍നിന്ന് സ്വീകരിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍ എല്‍.സിന്ധു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് കെ.സുമതിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഐ.ടി.അറ്റ് സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കയ്പഞ്ചേരി സ്വാഗതവും ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ആര്‍.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. 
സംസ്ഥാനത്തെ 4071 സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകള്‍, ഡയറ്റുകള്‍, ടി.ടി.ഐ.കള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ 7,060 ലാപ്‌ടോപ്പ്, 5,615 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, 2,255 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍, 823 ത്രീ കെ.വി.എ. യു.പി.എസ്., 693 മള്‍ട്ടി ഫങ്ഷന്‍ പ്രിന്ററുകള്‍ എന്നിവയാണ് പദ്ധതിവഴി നല്‍കുന്നത്. 

No comments:

Post a Comment