KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 19 July 2012

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൗണ്‍സലിങ് തുടങ്ങുന്നു.


തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൗണ്‍സലിങ് തുടങ്ങുന്നു. വിദ്യാര്‍ഥിനികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും തുറന്നുപറയാന്‍ തക്കവിധത്തിലുള്ള സംവിധാനമാണ് ഒരുക്കുക. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം തന്നെ കൗണ്‍സലിങ് തുടങ്ങും.
കൗമാരത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍തല കൗണ്‍സലിങ്ങിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം ശാരീരിക ശുദ്ധിയെക്കുറിച്ചും വൃത്തിയെക്കുറിച്ചും അവരെ ബോധവതികളാക്കും. സൈക്കോ-സോഷ്യല്‍ സര്‍വീസ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഡി.പി.ഐ. ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. 11 മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് കൗണ്‍സലിങ് നടത്തുന്നത്. കുട്ടികള്‍ പറയുന്ന വിവരങ്ങള്‍ രഹസ്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യും. പി.ടി.എ.യുടെ ആഭിമുഖ്യത്തിലാണ് കൗണ്‍സലിങ് സംവിധാനമൊരുക്കേണ്ടത്. എന്നാല്‍ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത് പല ഭവിഷ്യത്തുകളിലേക്കും വഴിതുറക്കുന്നതാണ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ അനിവാര്യമാക്കുന്നത്.
ക്ലാസ് ദിവസങ്ങള്‍ക്കു പുറമെ ശനിയാഴ്ചകളില്‍ ഉച്ചവരെയും കൗണ്‍സിലര്‍മാരുടെ സേവനം ലഭിക്കും.
ക്ലാസ് സമയത്താണെങ്കില്‍പോലും അദ്ധ്യാപകന്റെ അനുവാദത്തോടെ കൗണ്‍സലിങ് സേവനം വിദ്യാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമുള്ള അദ്ധ്യയന ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ രാവിലെ 9 മുതല്‍ 4.30 വരെ സ്‌കൂളിലുണ്ടാകും. പുറത്തുനിന്ന് ഡോക്ടര്‍മാരുടെയും വിദഗ്ദ്ധരുടെയും സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
തിരഞ്ഞെടുത്ത സ്‌കൂളുകളിലെ അദ്ധ്യാപക- രക്ഷാകര്‍ത്തൃസമിതി, സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ഇതിനുള്ള സ്ഥലസൗകര്യവും മറ്റ് സജ്ജീകരണങ്ങളും ചെയ്യണം. ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും ആയിരിക്കും പ്രോഗ്രാം നടത്തിപ്പിന്റെ ചുമതല.
സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ ആരോഗ്യ തദ്ദേശ സ്വയംഭരണവകുപ്പുകള്‍, സോഷ്യല്‍വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ഡി.പി.ഒ. എ. ഷാജഹാന്‍ പറഞ്ഞു.

No comments:

Post a Comment