KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 4 July 2012

വിദ്യാഭ്യാസവകുപ്പിനെ തകര്‍ക്കാനുള്ള ഗൂഢാലോചന അന്വേഷിക്കും മന്ത്രി


കൊല്ലം:വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.
കൊല്ലത്ത് സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില കേന്ദ്രങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസിട്ട് വരണമെന്ന് ഒരു നിര്‍ദ്ദേശവും താനോ വകുപ്പോ നല്‍കിയിട്ടില്ല. സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലെന്ന് കഴിഞ്ഞദിവസം കൈക്കൊണ്ട അച്ചടക്കനടപടിയിലൂടെ വ്യക്തമായിട്ടുണ്ട്. ഇതിനുപിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ രാഷ്ട്രീയലക്ഷ്യമോ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട ഇമെയിലിനെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതും അന്വേഷിക്കും മന്ത്രി പറഞ്ഞു.
മതേതരസ്വഭാവം നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമൊന്നും വിദ്യാഭ്യാസവകുപ്പില്‍ ഉണ്ടായിട്ടില്ല. മതേതരത്വം നഷ്ടപ്പെടുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തിലുള്ള ആക്ഷേപം പ്രസംഗത്തില്‍ സൂചിപ്പിക്കാതെ വ്യക്തമായി പറയാന്‍ തയ്യാറാവണം. സി.എച്ച്.മുഹമ്മദ് കോയയും തന്റെ പിതാവ് അവുക്കാദര്‍കുട്ടി നഹയും അടക്കമുള്ള മുസ്‌ലിം മന്ത്രിമാര്‍ നിലവിളക്ക് കത്തിച്ചിട്ടില്ല. താന്‍ ചെയ്യാത്തപ്പോള്‍മാത്രം അത് കുറ്റമാകുന്നത് എങ്ങനെയാണ്. വ്യക്തിപരമായി തന്നെ ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യമാണ് വിവാദത്തിനു പിന്നിലുള്ളത് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പ് ലീഗില്‍നിന്ന് മാറ്റണമെന്ന എം.എം.ഹസ്സന്റെ അഭിപ്രായത്തെ പരാമര്‍ശിച്ച് ഏതു വകുപ്പ് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് യു.ഡി.എഫ്. ആണെന്നും ആ സംവിധാനത്തിലൂടെയാണ് താന്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.

No comments:

Post a Comment