KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 27 May 2012

പ്ലസ്‌വണ്‍ പ്രവേശനത്തിന് കോടതിവിധി ലംഘിക്കുന്നതായി ആക്ഷേപം

കൊച്ചി: പത്താം തരത്തില്‍ പഠിച്ച സ്‌കൂളുകളില്‍ തന്നെ പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കണമെന്ന കോടതിവിധി ലംഘിക്കപ്പെടുന്നതായി ആക്ഷേപം.
കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്‌വണ്‍ പ്രവേശനത്തെക്കുറിച്ചാണ് ചില രക്ഷിതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രനും അല്‍ത്താബ് അലാമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2008 നവംബര്‍ 5നാണ് ഇതുസംബന്ധിച്ച സുപ്രധാന വിധി പ്രഖ്യാപിച്ചത്.
സി.ബി.എസ്.ഇ പത്താംക്ലാസ് ജയിച്ച വിദ്യാര്‍ഥികക്ക് അതേ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നിഷേധിച്ചതാണ് പരാതിക്കിടയാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് നിശ്ചിത മാര്‍ക്ക് വേണമെന്ന സ്‌കൂളിന്റെ വ്യവസ്ഥ അതേ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥിക്ക് ബാധകമാകില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെ ചോദ്യംചെയ്തുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി.
പത്തില്‍ ജയിച്ച സ്‌കൂളില്‍ തന്നെ വിദ്യാര്‍ഥിക്ക് പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനം നല്‍കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പ്രസ്തുത സുപ്രീം കോടതി വിധി. ഇങ്ങനെയുള്ള വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ ഏത് കേന്ദ്രീയ വിദ്യാലയത്തിലും പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും.
വിദ്യാര്‍ഥി പഠിച്ച സ്‌കൂളിലെ അന്തരീക്ഷത്തില്‍ തന്നെ പ്ലസ്‌വണ്‍ വരെ ക്ലാസില്‍ പഠനം തുടരാനുള്ള താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് പ്രസ്തുത വിധി. പ്ലസ് വണ്‍ പഠനത്തിനായി പുതിയൊരു സ്‌കൂളിലേക്ക് പോകുന്നത് പരിചിതമല്ലാത്ത അന്തരീക്ഷമായിരിക്കുമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനു വിരുദ്ധമായ വ്യവസ്ഥകളാണ് കേന്ദ്രീയ വിദ്യാലയം പിന്തുടരുന്നതെന്നാണ് ആക്ഷേപം.

No comments:

Post a Comment