KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 20 May 2012

സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. കുട്ടികള്‍ പുതിയ പുസ്തകങ്ങളും മറ്റുമായി സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുകയാണ്. അവരുടെ യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തയ്യാറെടുക്കുന്നുണ്ടെന്നറിയുന്നു. ബസ്സുകള്‍ സഞ്ചാരക്ഷമമാണെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. ഇത്തവണ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിങ്ങിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. കുട്ടികള്‍ മധ്യ വേനലവധിക്കു ശേഷം സ്‌കൂളുകളിലേക്ക് പുറപ്പെടുന്നത് ഇടവപ്പാതി മഴയോടൊപ്പമാണ്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതും മഴക്കാലത്തുതന്നെ. എട്ടും പൊട്ടും തിരിയാത്ത ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും വിദ്യാലയങ്ങളിലേക്കെത്തുന്നത്. അച്ഛനമ്മമാരുടെ കരുതലിന്റെ കൈവലയത്തില്‍ നിന്ന് തിക്കും തിരക്കുമേറിയ നിരത്തുകളിലൂടെ ജീവിതയാത്രയാരംഭിക്കുന്ന ഇവര്‍ക്ക് സമൂഹമൊരുക്കുന്ന സുരക്ഷിതത്വം അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ തോട്ടില്‍ വീണ് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത് മറക്കാനാവില്ല. തിരുവനന്തപുരത്ത് തന്നെ സപ്തംബറില്‍ ബസ് പുഴയില്‍ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. അതിവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. അതിവേഗം നിയന്ത്രിക്കാനായി സ്‌കൂള്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസ്സുകള്‍ക്ക് വേഗമാനകം ഉറപ്പുവരുത്താവുന്നതാണ്. സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങളാണ് ചില സ്‌കൂളുകള്‍ക്കായി മഞ്ഞച്ചായമടിച്ച്് എത്തുന്നത് എന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനങ്ങ ളുടെ ശേഷിയില്‍ കവിഞ്ഞ് കുട്ടികളെ കയറ്റുന്നത് അനുവദിക്കാനാവില്ല. ഓരോ ബസ്സിലും കയറുന്ന കുട്ടികളുടെ പട്ടിക സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ക്ക് നിശ്ചിതവര്‍ഷത്തെ പ്രവര്‍ത്തനപരിചയം നിഷ്‌കര്‍ഷിക്കണം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. ഡ്രൈവര്‍ കുട്ടികളുമായി സംസാരിക്കുന്നതും അപകടകരമാകും. ഇത്തരം കാര്യങ്ങളെപ്പറ്റി ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് പ്രത്യേകക്ലാസ് നല്‍കേണ്ടത് അത്യാവശ്യമാണ്. നാളെയുടെ വാഗ്ദാനമായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം. സ്‌കൂള്‍ വളപ്പിനകത്ത് ബസ് അശ്രദ്ധമായി പിന്നോട്ടെടുക്കുകയോ തിരിക്കുകയോ ചെയ്യുമ്പോള്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണ മായിരിക്കുന്നു. ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ സ്‌കൂള്‍ ബസ് ജീവനക്കാരും അധികൃതരും ശ്രദ്ധിക്കണം. സ്‌കൂള്‍ ബസ്സുകളുപയോഗിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സാധാരണ ലൈന്‍ബസ്സിലാണ് സഞ്ചരിക്കുന്നത്. ചില ബസ്സുകള്‍ കുട്ടികളെ കയറ്റാന്‍ മടിക്കുന്നുവെന്ന പരാതി വ്യാപകമാണ്. കുട്ടികള്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതിന് ഇടയില്‍ ബസ് വിട്ടുപോകുന്നതും പതിവാണ്. ഇങ്ങനെ താഴെ വീഴുന്ന കുട്ടികള്‍ അപകടത്തില്‍ പെടുകയും മരിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. അതിനാല്‍ ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുവെന്നും കുട്ടികള്‍ക്ക് കയറാനും ഇറങ്ങാനും സാവ കാശം നല്‍കുന്നുവെന്നും പോലീസ് ഉറപ്പാക്കണം. ബസ്സുകള്‍ മാത്രമല്ല വാനുകളും ഓട്ടോകളും കുട്ടികളെ സ്‌കൂളുകളിലേക്കെത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവയിലെല്ലാം കുഞ്ഞുങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുക പതിവാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഓട്ടോകളിലും മറ്റും നിര്‍ദിഷ്ടശേഷിയിലധികം കുട്ടികളെ കൊണ്ടുപോകുന്നത് തടയാന്‍ മാതാപിതാക്കള്‍ തന്നെ ശ്രദ്ധിക്കണം. ഒരു വണ്ടിയില്‍ പരിധിയിലധികം പേരെ കയറ്റുമ്പോള്‍ ചെലവ് കുറയുമെങ്കിലും അത് അപകടസാധ്യത കൂട്ടുമെന്ന വസ്തുത അവഗണിക്കരുത്. റോഡരികിലൂടെ മാത്രം നടക്കാന്‍ അച്ഛനമ്മമാര്‍ കുട്ടികളെ പരിശീലിപ്പിക്കണം. റോഡ് മുറിച്ചു കടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. സ്‌കൂളുകള്‍ക്ക് സമീപം എത്തുമ്പോള്‍ പാലിക്കേ ണ്ട നിബന്ധനകള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെ തിരെ കര്‍ശനനടപടിയെടുക്കാനും അധികൃതര്‍ മടിക്ക രുത്. ഇങ്ങനെ ബന്ധപ്പെട്ടവരെല്ലാം ജാഗ്രത പാലി ച്ചാലേ അപകടങ്ങള്‍ ഒഴിവാക്കാനാവൂ
-മാതൃഭൂമി എഡിറ്റോറിയല്‍, 2012 മെയ്  20

No comments:

Post a Comment