KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 26 May 2012

ദൂരപരിധി കര്‍ക്കശമാക്കി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കും

 തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള അനധികൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന അനംഗീകൃത സ്‌കൂളുകള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെയും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെയും വ്യവസ്ഥകള്‍ ബാധകമാക്കി അവയ്ക്ക് അംഗീകാരം നല്‍കും. സ്‌കൂളുകള്‍ തമ്മിലുള്ള ദൂരപരിധി വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. എല്‍.പി. സ്‌കൂളുകള്‍ തമ്മില്‍ ഒന്നും യു. പി. സ്‌കൂളുകള്‍ തമ്മില്‍ മൂന്നും ഹൈസ്‌കൂളുകള്‍ തമ്മില്‍ അഞ്ചും കിലോമീറ്റര്‍ ദൂരം വേണമെന്നാണ് കെ.ഇ. ആറിലെ വ്യവസ്ഥ. ഇത് ബാധകമാക്കുമ്പോള്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ മാത്രമേ അംഗീകാരത്തിനായി പരിഗണിക്കൂ. പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ട് ഏക്കറും ഹൈസ്‌കൂളിന് മൂന്ന് ഏക്കറും സ്ഥലം ഒരുമിച്ച് തന്നെ വേണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. നിശ്ചിത അളവിലുള്ള സ്ഥിരം കെട്ടിടവും വേണം. ഈ ചട്ടം ബാധകമാക്കുമ്പോള്‍ ചെറിയ കെട്ടിടങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാനിടയില്ലാതാക്കും. തങ്ങളുടെ പ്രദേശത്ത് സ്‌കൂള്‍ ആവശ്യമാണെന്ന തദ്ദേശസ്ഥാപനതത്തിന്റെ പ്രമേയവും വേണം. പുതിയ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും അംഗീകാരമില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകളെയും പരിഗണിക്കുക. എല്ലാ സ്‌കൂളുകള്‍ക്കും യു.ഐ. ഡി പ്രകാരം ബയോമെട്രിക് തിരിച്ചറിയല്‍ രേഖയുണ്ടാക്കും. അധ്യാപകയോഗ്യത സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടേതു തന്നെയായിരിക്കും. ശമ്പളം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കുന്ന നിരക്കില്‍ തന്നെ നല്‍കണം. അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30 ഉം യു.പിയില്‍ 1:35 ഉം ആയിരിക്കും. അംഗീകാരമില്ലാതെ സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന നിരവധി സ്‌കൂളുകള്‍ കേരളത്തിലുണ്ട്. പത്താംക്ലാസിലെത്തുന്ന കുട്ടികളെ അംഗീകാരമുള്ള മറ്റേതെങ്കിലും സ്‌കൂളുകളില്‍ ചേര്‍ത്ത് പരീക്ഷ എഴുതിക്കുകയാണ് ഇത്തരം സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്‌കൂളുകളെ വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ, അംഗീകാരം നേടാനാവാത്തവ പൂട്ടേണ്ടിവരും. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രസിലബസ് സ്‌കൂളുകളെയും നിയന്ത്രിക്കുന്നതിനും അംഗീകരിക്കുന്നതിനും സര്‍ക്കാര്‍ എടുത്ത നടപടി പാതിവഴിയില്‍ നില്‍ക്കുകയാണ്. അവയ്ക്കായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കര്‍ക്കശമാണെന്ന് ആരോപിച്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഒരു സ്‌കൂള്‍ തുടങ്ങാന്‍ ഒരുവിധ അംഗീകാരവും വേണ്ടെന്ന നിലയാണ് കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി അനംഗീകൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുകയും പുതിയവ തുടങ്ങാന്‍ വ്യവസ്ഥകള്‍ വയ്ക്കുകയും ചെയ്യുന്നതോടെ അനംഗീകൃത സ്‌കൂളുകളെ ഒരുപരിധി വരെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്.

No comments:

Post a Comment