KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 23 May 2012

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി അബ്ദുറബ്ബ്

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി


തിരുവനന്തപുരം: 26.21 കോടി രൂപ ചെലവില്‍ 19 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ്- ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അബ്ദുറബ്ബ്. കേന്ദ്ര-വിദ്യാഭ്യാസ അവകാശനിയമത്തിന് അനുസൃതമായി സ്കൂളുകളുടെ ഘടനാമാറ്റം ഈ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്കൂളുകളുടെ ഘടനാമാറ്റം അനുസരിച്ച് എട്ടാംക്ളാസ് യു.പിയുടെയും അഞ്ചാംക്ളാസ് എല്‍.പിയുടെയും ഭാഗമാവും. മാതൃവിദ്യാലയങ്ങളുമായി സമീപമുള്ള സ്കൂളുകളെ കൂട്ടിയിണക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. 1.6 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. ജൂണില്‍ പരിശീലനത്തിന് തുടക്കമാകും. കേന്ദ്രസഹായത്തോടെ 30 കോടി ചെലവില്‍ മദ്റസാ നവീകരണ പദ്ധതി നടപ്പാക്കും.
സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ 150.99 കോടി ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. 9,37,901 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 37.51 കോടി ചെലവില്‍ ഈ അധ്യയനവര്‍ഷം മുതല്‍ യൂനിഫോം ലഭ്യമാക്കും. പെണ്‍കുട്ടികള്‍ക്കും ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുമാണ് യൂനിഫോം ലഭ്യമാക്കുന്നത്. മറ്റുള്ളവര്‍ക്കുകൂടി യൂനിഫോം നല്‍കുന്നതിന് കേന്ദ്ര മാനദണ്ഡമാണ് തടസ്സമാകുന്നത്. രണ്ടുമുതല്‍ എട്ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 5.51 കോടി ചെലവില്‍ സൗജന്യപാഠപുസ്തക പദ്ധതി നടപ്പാക്കും. എസ്.എസ്.എ പദ്ധതിയുടെ വിവിധ തലങ്ങളിലായി 1990 കോഓഡിനേറ്റര്‍മാരെ പുതുതായി നിയമിക്കും. സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 73.47 കോടി ചെലവഴിക്കും. എല്‍.പി സ്കൂളുകള്‍ക്ക് അയ്യായിരം രൂപയും യു.പി സ്കൂളുകള്‍ക്ക് 7,000 രൂപയും ഗ്രാന്റ് ലഭ്യമാക്കും. ഈ അധ്യയനവര്‍ഷം എസ്.എസ്.എ 523 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ ഈ അധ്യയനവര്‍ഷം ഒരുലക്ഷം നിരക്ഷരരെ സാക്ഷരരാക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. തമിഴ്ഭാഷയിലും പത്താംക്ളാസ് തുല്യതാപരീക്ഷ തുടങ്ങും. എല്ലാ പഞ്ചായത്തുകളിലും വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ചിറ്റൂര്‍, കോട്ടയം, മൂന്നാര്‍, തിരൂര്‍ സര്‍ക്കാര്‍ കോളജുകളില്‍ നാലരക്കോടി ചെലവില്‍ മികവിന്റെ കേന്ദ്രം പരിപാടി നടത്തും. പത്തു കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. സര്‍വകലാശാലകളുടെ ശാക്തീകരണത്തിന് 20 കോടി ചെലവില്‍ സ്റ്റേറ്റ് അവാര്‍ഡ് ഫണ്ട് ഫോര്‍ യൂനിവേഴ്സിറ്റീസ് പദ്ധതി നടപ്പാക്കും. ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ നവീന കോഴ്സുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 124 ബദല്‍ സ്കൂളുകള്‍ (ഭിന്നതല പഠനകേന്ദ്രങ്ങള്‍) സ്കൂളുകളായി ഉയര്‍ത്തും. ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം (എ.ഐ.പി) സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കും.

No comments:

Post a Comment