KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 12 August 2012

വിവാദങ്ങള്‍ സൃഷ്‌ടിച്ചു നിഷ്‌ക്രിയനാക്കാനാവില്ല


കാലികറ്റ്‌ യൂനിവേഴ്‌സിറ്റി ഭൂമിദാനം, എയ്‌ഡഡ്‌ സ്‌കൂള്‍ അംഗീകാരം, ടീച്ചേഴ്‌സിറ്റിന്റെ പച്ച ബ്ലൗസ്‌, മന്ത്രി മന്ദിരത്തിന്റെ പേരുമാറ്റല്‍, മതമില്ലാത്ത ജീവന്‍ അടങ്ങിയ പാഠപുസ്‌തകം...ഇങ്ങനെ വിവാദങ്ങള്‍ക്കു നടുവിലാണിപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്‌. എവിടെയാണ്‌ വകുപ്പ്‌ മന്ത്രിയായ താങ്കള്‍ക്കു ചുവടു പിഴച്ചത്‌?

ഈ പറഞ്ഞ വിവാദങ്ങളിലൊന്നും മന്ത്രിക്കു നേരിട്ടു ബന്ധമില്ല. കാലികറ്റ്‌ യൂനിവേഴ്‌സിറ്റി ഭൂമിദാന വിവാദം തന്നെയെടുക്കാം. ഞാന്‍ സിന്‍ഡികേറ്റ്‌ മെമ്പറായിരിക്കുമ്പോഴാണ്‌ സി.എച്ച്‌ ചെയറിനു ഇരുപത്‌ സെന്റ്‌ സ്ഥലം അനുവദിച്ചിരുന്നത്‌. പിന്നീട്‌ യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ എന്ന നിലക്ക്‌ സി.എച്ച്‌ ചെയറിനെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ അപേക്ഷ കൊടുത്തതും യൂനിവേഴ്‌സിറ്റിയത്‌ പരിഗണിച്ചതും. പക്ഷേ, അത്‌ ഗവണ്‍മെന്റിലേക്ക്‌ എത്തുകയോ ഗവണ്‍മെന്റ്‌ പരിഗണിക്കുകയോ ചെയ്‌തിട്ടില്ല. അതിലൊന്നും എനിക്ക്‌ നേരിട്ട്‌ യാതൊരു പങ്കുമില്ല. കേരളത്തില്‍ അഞ്ചെട്ടു യൂനിവേഴ്‌സിറ്റികളുണ്ട്‌. അവിടെ പലതും നടക്കുന്നു. അതിലൊന്നും ആരും മന്ത്രിയെ കുറ്റം പറയുന്നില്ല. കാലികറ്റില്‍ നടക്കുന്നത്‌ മാത്രം മന്ത്രിയുടെ മേല്‍ ആരോപിക്കപ്പെടുന്നു!

മറ്റൊന്ന്‌ വീടിന്റെ പേരുമായി ബന്ധപ്പെട്ട വിഷയമാണ്‌. നിലവില്‍ ഒരു വീടിനു പേരുണ്ടെങ്കില്‍ അതാരും മാറ്റാറില്ല. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചിട്ടുമില്ല. ഈ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ അഞ്ചാറു മന്ത്രിമാര്‍ക്കു വീടുണ്ടായിരുന്നില്ല. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്‌ വാടകക്കെടുത്ത വീട്ടിലാണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌. വീടുകളില്ലാത്ത മന്ത്രിമാര്‍ക്ക്‌ പിന്നീട്‌ പുതിയത്‌ അനുവദിച്ചു കിട്ടി. നേരത്തെ ബാപ്പയൊക്കെ താമസിച്ചിരുന്നതും ഇപ്പോള്‍ പ്രതിപക്ഷ നേതാവ്‌ താമസിക്കുന്നതുമായ കന്റോള്‍മെന്റ്‌ കോമ്പൗണ്ടില്‍ നാലുവീടും കുഞ്ഞാലിക്കുട്ടി സാഹിബ്‌ താമസിച്ചിരുന്ന വീടിനടുത്ത്‌ രണ്ടു വീടുമാണ്‌ പുതുതായി നിര്‍മിച്ചത്‌. ആ രണ്ടെണ്ണത്തിലാണ്‌ പി.ജെ ജോസഫും അടൂര്‍ പ്രകാശും താമസിക്കുന്നത്‌. പ്രതിപക്ഷ നേതാവിന്റെ വീടിനടുത്ത്‌ നിര്‍മിച്ചവയിലാണ്‌ ഞാനും ബാബുവും അനില്‍കുമാറും വിജയ ലക്ഷ്‌മിയും. എടപ്പഴഞ്ഞിയില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്‌ വളരെ ചെറുതായിരുന്നതുകൊണ്ട്‌ പെട്ടന്ന്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറേണ്ടിവന്നു. മറ്റുള്ളവര്‍ക്കൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഞാന്‍ താമസം തുടങ്ങുമ്പോള്‍ വീടിനു പേരൊന്നും ഇട്ടിരുന്നില്ല. പിന്നീടാണ്‌ ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്‌ നദികളുടെ പേരിടാന്‍ തീരുമാനിക്കുന്നത്‌. കൃഷ്‌ണ. ഭവാനി, കാവേരി, നിള എന്നിങ്ങനെയുള്ള പേരുകളാണ്‌ അവര്‍ തിരഞ്ഞെടുത്തത്‌. അതില്‍ ഗംഗ ഉണ്ടായിരുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ തമാശ. എനിക്ക്‌ അനുവദിച്ചുകിട്ടിയ വീടിന്റെ പേര്‌ ഭവാനി എന്നായിരുന്നു. അങ്ങനെ ഭവാനി എന്ന പേര്‌ വന്നപ്പോള്‍ ഞാന്‍ മന്ത്രി അനില്‍കുമാറിനോട്‌ ഭവാനിയെന്ന പേരു തന്നെ വേണോ എന്നു ചോദിച്ചു. പുതിയ വീടല്ലേ, അതിനു പേരൊന്നുമില്ലല്ലോ, നിങ്ങളെന്താ പേരിടുന്നതെങ്കില്‍ അത്‌ എഴുതി തന്നാല്‍ മതി എന്നു പറഞ്ഞു. അപ്പോഴാണ്‌ വേറൊരു പേര്‌ അന്വേഷിച്ചു നടക്കുന്നതിനു പകരം അന്നേരം മനസ്സില്‍ തോന്നിയ ഗ്രൈസ്‌ എന്ന ഇംഗ്ലീഷ്‌ പേര്‌ നല്‍കിയത്‌. എല്ലാനിലക്കും ഇതൊരു അനുഗ്രഹമാണല്ലോ. അപ്പോള്‍ അനുഗ്രഹം എന്ന അര്‍ത്ഥത്തില്‍ അതു നല്‍കി. അതെല്ലാം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ്‌, ഞാന്‍ ഗംഗ എന്ന പേരുമാറ്റിയെന്നും ഭാരതത്തിന്റെ പുണ്യനദിയെ അവഹേളിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതും അതുവലിയ ചര്‍ച്ചയാകുന്നതും.

പച്ചബ്ലൗസുമായി ബന്ധപ്പെട്ടതാണ്‌ മറ്റൊരു വിവാദം. അതിലും എനിക്ക്‌ പങ്കില്ല. എസ്‌.എസ്‌.എയുടെ ഭാഗമായുള്ള സിവില്‍ വര്‍ക്കുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം കളമശ്ശേരിയില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു. അതിനു വേണ്ടി അവിടെ സ്വാഗതസംഘം ചേരുകയും അതില്‍ വെച്ച്‌ അവിടുത്തെ നഗരസഭാ ചെയര്‍പേഴ്‌സനോ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനോ മറ്റോ, മന്ത്രിമാര്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍ സെറ്റുസാരി ഉടുത്തുവന്നോട്ടെ എന്ന്‌ അഭിപ്രായപ്പെട്ടു. അതങ്ങനെ തീരുമാനിക്കുകയും ചെയ്‌തു. എനിക്ക്‌ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനിത്‌ പറയുന്നത്‌. ഞാനാരോടെങ്കിലും സെറ്റുസാരി ഉടുക്കാനോ യൂണിഫോം ധരിക്കാനോ പറഞ്ഞിട്ടില്ല. സാധാരണ ഫംഗ്‌ഷനുകളിലെല്ലാം സെറ്റുസാരി ഉണ്ടാകാറുണ്ട്‌. അതിന്റെ ബ്ലൗസ്‌ ചുകപ്പും നീലയും വെള്ളയും പച്ചയുമൊക്കെ ആകാറുമുണ്ട്‌. അതിലൊന്നും ആരും നിറം പറഞ്ഞു വിവാദം സൃഷ്‌ടിക്കാറില്ല. ഏതായാലും സ്വാഗത സംഘം ഇത്‌ കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ അവിടുത്തെ പ്രോഗ്രാം ഓഫീസറെ ഏല്‍പ്പിച്ചു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരായിരുന്നു അവര്‍. നമ്മള്‍ അവരെയൊക്കെ പിരിച്ചുവിടുമെന്ന ധാരണയിലായിരുന്നു അവരുണ്ടായിരുന്നത്‌. മന്ത്രി വരുന്ന ചടങ്ങില്‍ പച്ചയാണ്‌ ധരിക്കാന്‍ പറഞ്ഞിട്ടുള്ളതെന്ന ഇ മെയില്‍ പ്രചരിപ്പിച്ചത്‌ അവരാണ്‌. അത്‌ ചാനലുകളിലൂടെ പുറത്തു വരികയും വിവാദമാവുകയുമാണുണ്ടായത്‌. അതറിഞ്ഞപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ സസ്‌പന്റുചെയ്യുകയുണ്ടായി.

മതമില്ലാത്ത ജീവന്‍ അടങ്ങിയ പാഠപുസ്‌തകം വിതരണം ചെയ്‌തെന്നാണ്‌ മറ്റൊരു വിമര്‍ശം. മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം അടങ്ങിയ പുസ്‌തകം, ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 2008-2009 കാലത്താണ്‌ പുറത്തുവന്നത്‌. അന്ന്‌ നാം സമരം ചെയ്‌തതിന്റെ ഫലമായി, പിന്നീട്‌ ആ പാഠഭാഗം മാറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. പഴയ പുസ്‌തകം രണ്ടുവര്‍ഷമായി അവിടെതന്നെയുണ്ട്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പുസ്‌തകം വിതരണം ചെയ്യാന്‍ ഈ വര്‍ഷം നമുക്കു സാധിച്ചു. അങ്ങനെ വിതരണം ചെയ്യുന്ന കൂട്ടത്തില്‍ പഴയ വിവാദ പുസ്‌തകവും എങ്ങനെയോ പെട്ടുപോയി. ഒറ്റപ്പാലത്തോ മറ്റോ ആണ്‌ ഈ പ്രശ്‌നം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. അതറിഞ്ഞപ്പോള്‍ തന്നെ ടി.ടി പോയി ആ പുസ്‌തകം തിരികെ വാങ്ങി പുതിയത്‌ കൊടുത്തു. അതുകഴിഞ്ഞ്‌ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ്‌ മുണ്ടമ്പ്ര സ്‌കൂളില്‍ നിന്നു പുതിയ വിവാദം വരുന്നത്‌. അവിടെ ക്ലാസ്‌ അവസാനിച്ചതിനു ശേഷം അവിടുത്തെ ഹെഡ്‌മാഷും ഒരു ടീച്ചറും ചേര്‍ന്ന്‌ കുട്ടികളെ വിളിച്ചു വരുത്തി ഒരു ക്ലാസ്‌ പോലെയാക്കി ടീച്ചര്‍ ഈ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോയെടുത്ത്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം കൊടുത്തു. അതിന്റെ പേരിലാണ്‌ ആ അദ്ധ്യാപകരെ സസ്‌പെന്റ്‌ ചെയ്‌തത്‌.


  • വിദ്യാഭ്യാസ വകുപ്പിനകത്തുള്ളവര്‍ തന്നെ കരുതിക്കൂട്ടി ഇത്തരം വിവാദങ്ങള്‍ക്ക്‌ വഴിതുറക്കുകയാണോ?
അങ്ങനെ നമുക്ക്‌ പറയാന്‍ കഴിയില്ല. വ്യക്തമായ തെളിവില്ലാതെ, ഏതെങ്കിലുമൊരാളോ സംഘടനയോ ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ പണിയെടുക്കുന്നുണ്ടെന്നു പറയുന്നത്‌ ശരിയല്ലല്ലോ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ നാം നടപ്പിലാക്കിയ അദ്ധ്യാപക പാക്കേജ്‌ ഉള്‍പ്പെടെയുള്ള പദ്ധതികളെല്ലാം സ്‌തുത്യര്‍ഹമായിരുന്നെന്ന്‌ പ്രതിപക്ഷവും പ്രതിപക്ഷ അദ്ധ്യാപക സംഘടനകളും - അവര്‍ പരസ്യമായി അതു പറഞ്ഞിട്ടില്ലെങ്കിലും - ഉള്‍പ്പെടെ എല്ലാവരാലും അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്കു ചെയ്യാന്‍ കഴിയാത്ത പലതും നമുക്ക്‌ ചെയ്യാനായിട്ടുണ്ടെന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അവരുടെ അദ്ധ്യാപക സംഘടനയുടെയും പ്രമുഖരായ പലരും സ്വകാര്യമായി പറയാറുണ്ട്‌. കേരളീയ പൊതുസമൂഹം അത്‌ അംഗീകരിച്ചതുമാണ്‌. വിവാദങ്ങളൊന്നുമില്ലാതെയാണ്‌ ഒരു വര്‍ഷത്തോളം വിദ്യാഭ്യാസ വകുപ്പ്‌ പ്രവര്‍ത്തിച്ചത്‌. അതിനു ശേഷമാണ്‌ വിവാദങ്ങളുടെ നൈരന്തര്യമുണ്ടാകുന്നത്‌. അപ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസ വകുപ്പിനിനെയും അത്‌ കൈകാര്യം ചെയ്യുന്നവരെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടോ എന്ന്‌ ന്യായമായും സംശയിക്കണം. പക്ഷേ അതാര്‌, എന്ത്‌ എന്നതിപ്പോള്‍ പറയാനാകില്ല.


  • അഞ്ചാം മന്ത്രി വിവാദത്തിനുശേഷമാണ്‌ മുസ്‌ലിം ലീഗിനെയും വിദ്യാഭ്യാസ വകുപ്പിനെയും, ആരോപണങ്ങളും വിമര്‍ശനങ്ങളും വിടാതെ പിന്തുടര്‍ന്നത്‌. പാര്‍ട്ടി ആദ്യമേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ വിവാദം ഇല്ലാതാക്കാനാകുമായിരുന്നല്ലോ?
ലീഗ്‌ നേതാക്കള്‍ അക്കാര്യം പലവട്ടം പറഞ്ഞതാണ്‌. പാര്‍ട്ടി ആദ്യമേ അഞ്ചുമന്ത്രിസ്ഥാനത്തിനു ശ്രമിച്ചിരുന്നു. പക്ഷേ, ഒരു ഗവണ്‍മെന്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ മുന്നണി സംവിധാനത്തിലാകുമ്പോള്‍ അതിലെ പലകക്ഷികളുമായും അങ്ങോട്ടുമിങ്ങോട്ടുമുള്ള പല ധാരണകളും വേണ്ടിവരും. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം താമസിച്ചത്‌. ആ വിഷയം ആധികാരികമായി എനിക്കു പറയാന്‍ കഴിയില്ല. സംസ്ഥാന നേതൃത്വം പറയേണ്ട കാര്യമാണമത്‌.


  • ലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പുകളും സംവിധാനങ്ങളും മാപ്പിള വത്‌കരിക്കുകയാണെന്ന വിമര്‍ശം ശക്തമാണല്ലോ?
അത്തരം വിമശനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. വിദ്യാഭ്യാസ വകുപ്പ്‌ മുസ്‌ലിം ലീഗിനു കൊടുക്കരുത്‌, ന്യൂനപക്ഷങ്ങള്‍ അതു കൈകാര്യം ചെയ്യരുത്‌ എന്നിങ്ങനെയുള്ള വാദങ്ങള്‍ ബഷീര്‍ സാഹിബും സൂപ്പി സാഹിബുമെല്ലാം മന്ത്രിമാരായി വന്നപ്പോഴും ഉണ്ടായിരുന്നു. ചില സ്ഥാപിത താല്‍പര്യക്കാരാണതിനു പിന്നില്‍. ഞാന്‍ മാത്രമല്ല, സി.എച്ച്‌ മുഹമ്മദ്‌ കോയ മുതലുള്ള ലീഗ്‌ മന്ത്രിമാര്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്‌തതുകൊണ്ടു മാത്രം ആ വകുപ്പിനു എന്തെങ്കിലുമൊരു ദോഷമുണ്ടായെന്നോ, മുസ്‌ലിം സമുദായത്തിനുമാത്രം പ്രത്യേകമായി അനര്‍ഹമായ എന്തെങ്കിലും ചെയ്‌തുകൊടുത്തെന്നോ ചൂണ്ടിക്കാണിക്കാന്‍ ഇന്നോളം ഒരു വിമര്‍ശകനുമായിട്ടില്ല. നമ്മുടെ സംസ്ഥാനത്ത്‌ കാലങ്ങളായി ഒരോ മന്ത്രി സഭകള്‍ മാറിവരുമ്പോഴും ഒരേ വകുപ്പുതന്നെ ഒരോ പാര്‍ട്ടികളും കൈകാര്യം ചെയ്‌തു വരുന്നു. പാര്‍ട്ടികളുടെ മന്ത്രിമാര്‍ മാറുന്നുണ്ടെങ്കിലും ഓരോ പാര്‍ട്ടിക്കും കിട്ടുന്ന മന്ത്രിമാര്‍ മാറാറില്ല. അത്‌ വിദ്യാഭ്യാസ വകുപ്പിന്റെ വിഷയത്തില്‍ മാത്രമുള്ള പ്രത്യേകതയൊന്നുമല്ല. പല വകുപ്പുകളും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പിനെ മാത്രം ഒറ്റതിരിച്ചു അക്രമിക്കേണ്ട കാര്യമില്ല. അത്‌ ചില സ്ഥാപിത താല്‍പര്യക്കാരുടെ അജണ്ടയാണ്‌.


  • മലപ്പുറത്തിനും മാപ്പിളമാര്‍ക്കും ലീഗ്‌ വാരിക്കോരിക്കൊടുക്കുന്നു എന്ന ആരോപണം എയ്‌ഡഡ്‌ സ്‌കൂള്‍ വിവാദത്തോടെ കൂടുതല്‍ ശക്തിപെട്ടിരിക്കുന്നു. ചില ജാതി സംഘടനകള്‍ തന്നെ അക്കാര്യം ശക്തമായി അവതരിപ്പിച്ചുകഴിഞ്ഞു?
വാരിക്കോരിക്കൊടുക്കുന്ന പ്രശ്‌നം വരുന്നില്ല. അതിനു നമുക്കു കഴിയുകയുമില്ല. മന്തിസഭയില്‍ ഇരുപത്തിയൊന്നു പേരാണുള്ളത്‌. അതില്‍ മുസ്‌ലിം ലീഗുകാര്‍ അഞ്ചും. ഇവിടെയുള്ള എല്ലാവിഭാഗങ്ങളിലും പെട്ടവര്‍ മന്ത്രിസഭയിലുണ്ട്‌. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിനനുസരിച്ചാണ്‌ വിദ്യാഭ്യാസവകുപ്പ്‌ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ ലീഗ്‌ മന്ത്രിമാര്‍ വിചാരിച്ചതുകൊണ്ടുമാത്രം ആര്‍ക്കെങ്കിലും വാരിക്കോരി കൊടുക്കാനാകില്ല.

എയ്‌ഡഡ്‌ സ്‌കൂള്‍ അംഗീകാരം ഈ ഗവണ്‍മെന്റ്‌ അധികാരത്തിലേറിയപ്പോള്‍ പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല. അത്‌ 2003 മുതലുള്ള പ്രശ്‌നമാണ്‌. അവിടുള്ള അദ്ധ്യാപര്‍ക്ക്‌ ആദ്യം അടിസ്ഥാന ശമ്പളം കൊടുക്കാനും പിന്നെ ടി.എ കൊടുക്കാനുമൊക്കെ തീരുമാനിച്ചിരുന്നു. അതില്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഗവണ്‍മെന്റുകളുണ്ട്‌. ബാബരീ മസ്‌ജിദിന്റെ തകര്‍ച്ചക്കുശേഷം അന്നത്തെ പ്രധാന മന്ത്രി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത്‌ കേന്ദ്ര സ്‌കീമില്‍ കൊണ്ടുവന്നയാണീ സ്‌കൂളുകള്‍. സ്വന്തം സ്ഥലമുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഒരു വണ്‍ടൈം ഗ്രാന്റ്‌ കൊടുക്കുകയും അവിടെ കെട്ടിടമുണ്ടാക്കി നടത്തുകയുമാണുണ്ടായത്‌. അവയില്‍ ചിലത്‌ നടത്തികൊണ്ടുപോകാനാകാതെ പൂട്ടിപ്പോയി. ചിലത്‌ നല്ലനിലയില്‍ നടക്കുന്നു. ഇവയില്‍ പെട്ട നാല്‌ ഹയര്‍ സെകണ്ടറി സ്‌കൂളുകള്‍ക്ക്‌ നേരത്തെ എയ്‌ഡഡ്‌ പദവി ലഭിച്ചതാണ്‌. അപ്പോള്‍ ഇതെല്ലാം വിവാദങ്ങള്‍ക്കു വേണ്ടിമാത്രം ഉണ്ടാക്കുന്ന വിവാദങ്ങളാണ്‌.

കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്ത്‌ എം.എ ബേബി കൊടുത്ത നിര്‍ദേശത്തില്‍ തന്നെ ഇപ്പോള്‍ വിവാദമായിരിക്കുന്ന മുപ്പത്തിമൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നാണുള്ളത്‌. ആ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ പറ്റുമോ ഇല്ലയോ എന്ന്‌ ഉദ്ദ്യോഗസ്ഥരോട്‌ ചോദിക്കുകയല്ല അദ്ദേഹം ചെയ്‌തത്‌. എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ കാര്യങ്ങള്‍ സമര്‍പ്പിക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അപ്പോള്‍ എയ്‌ഡഡ്‌ പദവി നല്‍കുന്നതിനെ കഴിഞ്ഞ ഗവണ്‍മെന്റും തത്ത്വത്തില്‍ അംഗീകരിച്ചിരുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. പിന്നെ അതിന്റെ വിശദാംശങ്ങളാണ്‌. അതിലേക്ക്‌ ഗവണ്‍മെന്റ്‌ പോകുന്നേയുള്ളു. ആ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാമോ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പിന്നീട്‌ ഫയലുകള്‍ നീങ്ങിയത്‌. അങ്ങനെ നല്‍കാമെന്ന അഭിപ്രായം വന്നുകഴിഞ്ഞപ്പോഴാണ്‌ വിഷയം കാബിനറ്റില്‍ എത്തിയത്‌. അങ്ങനെ അതിന്റെ സാമ്പത്തിക കാര്യം പരിശേധിക്കാന്‍ ഫൈനാന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചു. അത്രയേ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ളൂ. അതിനെയാണ്‌ യാതൊരു ആവശ്യവുമില്ലാതെ ചിലര്‍ നിയമസഭയില്‍ കൊണ്ടുവന്നു മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത്‌. അങ്ങനെണ്‌ എയ്‌ഡഡ്‌ സ്‌കൂള്‍ വിഷയം വിവാദമായത്‌. അതിലും ഈ സ്‌കൂളുകളെല്ലാം മലപ്പുറം ജില്ലയില്‍ മാത്രമാണെന്ന ധ്വനിയുണ്ടായി.


  • എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ആവശ്യപ്പെടുകയും എയ്‌ഡഡ്‌ പദവി നല്‍കുന്നതിനെ കഴിഞ്ഞ ഗവണ്‍മെന്റ്‌ തത്ത്വത്തില്‍ അതംഗീകരിക്കുകയും ചെയ്‌തെന്നു പറഞ്ഞു. എന്നിട്ടും താങ്കളെ പിന്തുണക്കാന്‍ എന്തുകൊണ്ടു ബേബിയെ കിട്ടിയില്ല?
അത്‌ രാഷ്‌ട്രീയമാണല്ലോ. പ്രതിപക്ഷത്താകുമ്പോള്‍ ഒരു ശൈലിയും ഭരണപക്ഷത്താകുമ്പോള്‍ മറ്റൊരു ശൈലിയും സ്വീകരിക്കുന്ന രാഷ്‌ട്രീയ രീതയാണതിലുള്ളത്‌.


  • മന്തിസഭയിലെ ഏറ്റവും മോശപ്പെട്ട പ്രതിഛായയുള്ളത്‌ വിദ്യാഭ്യാസ വകുപ്പിനാണെന്നും മുസ്‌ലിംകള്‍ക്ക്‌ ലീഗ്‌ വാരിക്കോരി നല്‍കുകയാണെന്നും എന്‍.എസ്‌.എസ്‌ സെക്രട്ടറി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു കഴിഞ്ഞു. എന്താണ്‌ എന്‍.എസ്‌.എസിനൊ ചൊടിപ്പിച്ച കാര്യം?
അതിന്റെ കാരണം അവരാണല്ലോ പറയേണ്ടത്‌. എനിക്കും എന്തുവേണമെങ്കിലും വിളിച്ചു പറയാം. പ്രസ്‌താവനകളിറക്കാം. അതിനു നമ്മുടെ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷേ, പറയുന്ന കാര്യങ്ങളുടെ പിന്‍ബലവും തെളിവുകളും കാണിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്‌. അതു കാണിക്കാന്‍ ഇന്നോളം വിമര്‍ശങ്ങളുന്നയിച്ചവര്‍ക്ക്‌ സാധിച്ചിട്ടില്ല. സാമുദായിക പ്രീണനം നടത്തിയെന്ന്‌ ആരോപിക്കുന്നവര്‍ ഏതൊക്കെ രീതിയിലാണ്‌ പ്രീണനമുണ്ടായതെന്നു കാര്യകാരണ സഹിതമാണ്‌ ഉന്നയിക്കേണ്ടത്‌. അതിനു പകരം കാടടച്ചു വെടിവെക്കുകയാണിവിടെ.


  • മീഡിയകളിലും ഉന്നതങ്ങളിലും സ്വാധീനമുള്ളവരും ശ്രദ്ധിക്കപ്പെടുന്നവരും ഇത്തരം ആരോപണങ്ങളുന്നയിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗെന്ന പാര്‍ട്ടിക്കില്ലേ. പ്രത്യേകിച്ചും വിദ്യാഭ്യാസ വകുപ്പിനെ മറയാക്കി ലീഗിനെതിരെയും ലീഗിനെ മുന്നില്‍ വെച്ച്‌ മുസ്‌ലിം സമുദായത്തിനെതിരെയും ആരോപണങ്ങളെറിയുമ്പോള്‍?
ബാധ്യതയുണ്ട്‌. രാഷ്‌ട്രീയമായി വരുമ്പോള്‍ രാഷ്‌ട്രീയമായും മറ്റുള്ള രീതിയില്‍ വരുമ്പോള്‍ സംഘടകളും പ്രതിരോധിക്കണം. നമ്മുടെ മത സംഘടനകള്‍ പ്രതിരോധിക്കുന്നുണ്ടല്ലോ. കഴിഞ്ഞ ദിവസം കോഴിക്കോട്‌ വെച്ച്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെയെല്ലാം യോഗം ചേര്‍ന്നു അക്കാര്യം ചര്‍ച്ചചെയ്‌തിരുന്നു.


  • ആ യോഗത്തില്‍ ഉയര്‍ന്ന ഒരഭിപ്രായം, മുസ്‌ലിം സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതിരോധിക്കാന്‍ തങ്ങളുടെ മീഡിയകളുപയോഗിച്ചതിന്റെ പത്തിലൊരംശം പോലും ലീഗ്‌ മീഡിയകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയില്ലെന്നതാണ്‌?
അതിനു ഞാനല്ല മറുപടി പറയേണ്ടത്‌. ലീഗ്‌ നേതൃത്വമാണ്‌. മന്ത്രിയെന്ന നിലയില്‍ ഞാനുമായി ബന്ധപ്പെട്ടതിനേ എനിക്ക്‌ മറുപടി പറയേണ്ടതുള്ളു. ബാക്കി പറയേണ്ടത്‌ പാര്‍ട്ടി നേതൃത്വമാണ്‌.


  • മന്ത്രിയെ ഒറ്റപ്പെടുത്തുകയെന്ന ഒരജണ്ട പാര്‍ട്ടികുള്ളില്‍ നടക്കുന്നുണ്ടോ?
എന്നെ ഒറ്റപ്പെടുത്തുന്നു എന്ന ധാരണ എനിക്കില്ല.


  • പിന്നെ എന്തുകൊണ്ടു പാര്‍ട്ടി പ്രതിരോധത്തിനിറങ്ങുന്നില്ല?
ഇക്കാര്യത്തെ പാര്‍ട്ടി എങ്ങനെയാണ്‌ സമീപ്പിക്കുന്നതെന്ന്‌ നേതൃത്വം തന്നെയാണ്‌ പറയേണ്ടത്‌.


  • എന്‍.എസ്‌.എസ്‌ പോലുള്ള ജാതിസംഘടനകളുടെ ആരോപണങ്ങളെ പ്രതിരോധിക്കാനിറങ്ങിയാലും മലബാറിനും മാപ്പിളമാര്‍ക്കും വേണ്ടി ശബ്‌ദിക്കാനിറങ്ങിയാലും ലീഗ്‌ നേടിയെടുത്ത സെക്യുലര്‍ മുഖം ഇല്ലാതെയാകുമെന്ന ഭയമാണ്‌ പാര്‍ട്ടിയെ നിശ്ശബ്‌ദമാക്കുന്നെത വിമര്‍ശം സമുദായത്തിനകത്തു നിന്നു തന്നെയുണ്ട്‌?
അങ്ങനെയുള്ള ഒരു ഭയവും ലീഗിനില്ല. ആരെങ്കിലും എന്തെങ്കിലും ധരിക്കുമെന്നു വിചാരിച്ചു കാര്യങ്ങള്‍ തുറന്നു പറയാത്ത ഒരവസ്ഥ ലീഗ്‌ നേതൃത്വത്തിനുണ്ടായിട്ടില്ല. ഒരു പക്ഷേ, മറ്റു പല പാര്‍ട്ടികളുടെയും നേതാക്കളെ പോലെ തീവ്രസ്വരത്തില്‍ ലീഗ്‌ നേതാക്കള്‍ സംസാരിക്കുന്നുണ്ടാകില്ല. അതവരുടെ ഒരു ശൈലിയാണ്‌. മുമ്പും അങ്ങനെയാണ്‌.



  • പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസ മന്ത്രിയെ ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കുകയെന്ന എന്‍.എസ്‌.എസ്‌ ഉള്‍പ്പെടെയുള്ള ജാതി സംഘടനകളുടെ ഒരജണ്ട പതിയിരിക്കുന്നുണ്ടോ?
അങ്ങനെ നാം നിഷ്‌ക്രിയരായി ഇരിക്കുകയില്ലല്ലോ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ടോ വിവാദങ്ങളുണ്ടാക്കിയെന്നത്‌ കൊണ്ടോ ഞാന്‍ പിന്മാറുന്നില്ല. പക്ഷേ, ഞാനിതുവരെ ചെയ്‌തതും ചെയ്‌തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളൊന്നും എന്റെ സ്വന്തമായ തീരുമാനമനുസരിച്ചല്ല. പ്രധാനപ്പെട്ട ഓരോ കാര്യങ്ങളും മന്ത്രിസഭാ ചര്‍ച്ചചെയ്‌തു തീരുമാനിച്ചതിനു ശേഷമേ ചെയ്‌തിട്ടുള്ളൂ. ദൈന്യംദിന കാര്യങ്ങളാണ്‌ വിദ്യാഭ്യാസ മന്ത്രിയും ഉദ്ദ്യോഗസ്ഥരും ചെയ്യുന്നത്‌. മറ്റുകാര്യങ്ങളെല്ലാം കാബിനറ്റിന്റെ അംഗീകാരം വാങ്ങിയാണ്‌ ചെയ്യുന്നത്‌. അദ്ധ്യാപക പാക്കേജും സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ക്ക്‌ എന്‍.ഒ.സി നല്‍കാനുള്ള തീരുമാനവുമൊക്കെ അങ്ങനെയാണ്‌ ഉണ്ടായത്‌. അതുകൊണ്ടു തന്നെ വ്യക്തിപരമായ സമര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയോ പിന്മാറുകയോ ചെയ്യേണ്ട ആവശ്യം എനിക്കില്ല.

  • മുസ്‌ലിംകള്‍ക്ക്‌ വാരിക്കോരികൊടുക്കുന്നു എന്ന ആരോപണങ്ങളുയരുമ്പോള്‍ ഓരോ വിഭാഗത്തിനും ലഭിച്ച സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കുവെച്ചു ധവളപത്രം ഇറക്കിയാല്‍ വിദ്യാഭ്യാസ വകുപ്പിനെ അത്തരം ആരോപണങ്ങളുടെ മുനയൊടിക്കാനാവുമല്ലോ?
അങ്ങനെയൊരു ധവള പത്രം വേണമെന്ന്‌ കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടകളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രിക്കു നിവേദനം കൊടുക്കാന്‍ പോകുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അത്‌ ചര്‍ച്ചക്കു വരട്ടെ. നമ്മളങ്ങനെ മുഖ്യമന്ത്രിയോട്‌ ഒരു ധവളപത്രമിറക്കണമെന്ന്‌ ആവശ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വമാണല്ലോ അതിനു മുന്നിട്ടിറങ്ങേണ്ടത്‌.


  • പാര്‍ട്ടി നേതൃത്വത്തിനു അതില്‍ താല്‍പര്യമില്ലേ?
അതവരോടാണ്‌ ചോദിക്കേണ്ടത്‌. ധവള പത്രമിറക്കണമെന്നും ഇറക്കേണ്ടെന്നും പറയാന്‍ ഞാനില്ല.


  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്‌തിട്ടുള്ളത്‌ മലബാറിലെ മാപ്പിളമാരാണ്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ മലബാറും മാപ്പിളമാരും പിന്നാക്കം തന്നെ നില്‍ക്കുന്നു?
പഴയ കാലത്തെ പോലെ പിന്നാക്കമാണെന്നു പറയുന്നത്‌ ശരിയല്ല. ഒരുപാട്‌ പുരോഗതികളുണ്ടായിട്ടുണ്ട്‌. നാം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങയത്‌ വളരെ വൈകിയാണ്‌. ആ ഒരു ബാക്‌ലോഗ്‌ നിലവിലുണ്ട്‌.


  • ആ ബാക്‌ലോഗ്‌ നികത്താന്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിനു സാധിക്കുമോ?
ഗവണ്‍മെണ്ടിന്റെ നിലപാട്‌ ഞാന്‍ ഒറ്റക്കു പറയുന്നത്‌ ശരിയല്ലല്ലോ. പക്ഷേ, ഈ ഗവണ്‍മെന്റ്‌ എല്ലാവരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചും എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയും മുന്നോട്ടു പോകുന്നതാണ്‌. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടാകും. അര്‍ഹമായ വിഹിതം എല്ലാ പ്രദേശങ്ങള്‍ക്കും എല്ലാ സമുദായങ്ങള്‍ക്കുമുണ്ടാകും.


  • വിദ്യാഭ്യാസ വകുപ്പുമുള്‍പ്പടെ ലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെല്ലാം മുസ്‌ലിംകളെ മാത്രം കുത്തിതിരികുകയാണെന്ന ആരോപണം ശക്തമാണല്ലോ?
അടിസ്ഥാന രഹിതമാണ്‌ ആ വിമര്‍ശനം. ഒരു എസ്‌.എം.എസിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കാന്‍ ചില കുബുദ്ധികളൊരുക്കിയ കെണിയാണത്‌. അമുസ്‌ലിംകളായ ധാരാളം ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പിലുണ്ട്‌. അതെല്ലാം മറച്ചുവെക്കപ്പെടുകയായിരുന്നു. ഹയര്‍ എജ്യുക്കേഷനാണല്ലോ ഏറ്റവും വലുത്‌. അതിന്റെ സെക്രട്ടറി കെ.എം അബ്രഹാമാണ്‌. ജനറല്‍ എജ്യുക്കേഷനാണ്‌ പിന്നെയുള്ളത്‌. അതിന്റെ സെക്രട്ടറി ശിവശങ്കറാണ്‌. അതുപോലെ എസ്‌.എസ്‌.എ. അതിന്റെ രമാനന്ദനാണ്‌. പിന്നെ .എസ്‌.ഐ.ഇ.ടി. അതിന്റെ ഡയറക്‌ടര്‍ ബാബുസബാസ്റ്റിനാണ്‌. അമുസ്‌ലിംകളായ ഒരുപാടുപേര്‍ വകുപ്പിന്റെ തലപ്പത്തുണ്ട്‌. അവിടെ നാം മതപരമായ പരിഗണവെച്ചു കൊണ്ട്‌ ഒന്നും ചെയ്‌തിട്ടില്ല. എസ്‌.എസ്‌.എ ഡയറക്‌ടര്‍ രമാന്ദനാണെന്നത്‌ മറച്ചുവെച്ചു അതിന്റെ താഴെയുള്ള അബ്‌ദുല്ലാവാവൂരാണ്‌ ഡയറക്‌ടര്‍ എന്ന നിലക്കുള്ള പ്രചരണങ്ങളാണ്‌ ഇവിടെ ഉണ്ടായത്‌.


  • മഴപെയ്‌താല്‍ പോലും സ്‌കൂളിന്റെ ഇറയത്ത്‌ കയറാത്തവരാണ്‌ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതെന്ന്‌ താങ്കള്‍ അധികാരമേറ്റയുടനെ കേരളത്തിലെ പ്രമുഖനായൊരു സാംസ്‌കാരിക നായകന്‍ പ്രസ്‌താവിച്ചിരുന്നു. അതിനുപിന്നില്‍ എന്തായിരുന്നു ലക്ഷ്യം?
ബഹുമാന്യനായ സുകുമാര്‍ അഴീക്കോടിനെയായിരിക്കാം താങ്കളുദ്ദേശിച്ചത്‌. അദ്ദേഹം എന്തടിസ്ഥാനത്തിലാണ്‌ അങ്ങനെ പറഞ്ഞതെന്ന്‌ എനിക്കറിയില്ല. ഞാന്‍ മന്ത്രിയായതിനു ശേഷം രണ്ടുമൂന്നു ചടങ്ങളില്‍ എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്‌. രാഷ്‌ട്രീയ നേതാവിന്റെയും മന്ത്രിയുടെയും യോഗ്യത പരിശോധിക്കുന്നത്‌ ഇപ്പോള്‍ മാത്രം വന്ന കാര്യമാണെങ്കില്‍ അതേകുറിച്ച്‌ യാതൊന്നും എനിക്കു പറയാനില്ല. എന്റെ യോഗ്യത ഞാനാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അലിഗഡ്‌ സര്‍വകലാശാലയില്‍ പഠിക്കുകയും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തായാളാണ്‌ ഞാന്‍. അദ്ദേഹം അതുമാത്രമായിരുന്നില്ല അന്നു പറഞ്ഞത്‌. ആദ്യം വിദ്യാഭ്യാസ യോഗ്യയില്ലാത്തയാളെന്നും പിന്നീട്‌ പരിചയമില്ലാത്തയാളെന്നും വിമര്‍ശിച്ചു. വിമര്‍ശിക്കുന്നവര്‍ക്ക്‌ എന്തും പറയാമല്ലോ. സുകുമാര്‍ അഴീക്കോടിനു തന്നെ അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ നിര്‍ത്ഥകത പിന്നീട്‌ ബോധ്യപ്പെട്ടുകാണുമെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

-പി.കെ അബ്‌ദുറബ്ബ്‌/ ////,അന്‍വര്‍ സ്വാദിഖ്‌
 (Thanks to  Sathydhara)

No comments:

Post a Comment