KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 6 June 2013

കുട്ടികള്‍ക്കൊപ്പം നടക്കാന്‍ വിദ്യാലയ സമിതിക്ക് പെരുമാറ്റചട്ടം


വിദ്യയുടെ വെളിച്ചം എല്ലാവരിലേക്കും എന്ന ലക്ഷ്യത്തോടെ 'നമുക്കൊരുമിച്ചു മുന്നേറാം' എന്ന പ്രതിജ്ഞ സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്യാലയ പരിപാലന സമിതി കൈപുസ്തകം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമുള്ള പെരുമാറ്റചട്ടമാണ്.

2010 ഏപ്രില്‍ ഒന്നിനു രാജ്യത്ത് നിലവില്‍വന്ന വിദ്യാഭ്യാസ അവകാശ നിയമം 2011 മെയ് ഒമ്പത് മുതലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ചരിത്ര വഴികളില്‍ എക്കാലത്തേയും സ്വപ്‌നസമാനമായ കാല്‍വെപ്പായാണ് വിദ്യാഭ്യാസ അവകാശ നിയമം വിശേഷിപ്പിക്കപ്പെടുന്നത്. ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കിയത്.

വിദ്യാഭ്യാസ അവകാശ നിയമ സംഗ്രഹം, കുട്ടിയെ അറിയുക, സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങിയ അധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്. അവകാശ നിയമത്തില്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്, വിദ്യാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പ്രാദേശിക സര്‍ക്കാറുകള്‍, അധ്യാപകര്‍ എന്നീ തലവാചകങ്ങളില്‍ വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

എല്ലാ കുട്ടികള്‍ക്കും അയല്‍പക്ക വിദ്യാലയങ്ങള്‍ (ഒരു കിലോമീറ്റര്‍ പരിധിയില്‍ എല്‍.പി സ്‌കൂള്‍, മൂന്നു കിലോമീറ്റര്‍ പരിധിയില്‍ യു.പി സ്‌കൂള്‍), ഭയരഹിതവും വിവേചനരഹിതവുമായ സ്‌കൂള്‍ അന്തരീക്ഷം, പരമാവധി പ്രവൃത്തി ദിനങ്ങളും പഠന സമയവും (എല്‍.പിയില്‍ 200ഉം യു.പിയില്‍ 220ഉം സാധ്യായ ദിനങ്ങള്‍) കുട്ടികളുടെ വിദ്യാലയ പ്രവേശനം, ഹാജര്‍, പ്രൊമോഷന്‍ എന്നിവ ഉറപ്പാക്കാന്‍ ഓരോ കുട്ടിക്കും തിരിച്ചറിയില്‍ നമ്പര്‍ (യു.ഐ.എന്‍) തുടങ്ങിയ കാര്യങ്ങളാണു കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്.

വിദ്യാലയം എന്ന തലവാചകത്തില്‍ ശിശുസൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പിക്കല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രാതിനിധ്യം, സ്ത്രീപ്രാതിനിധ്യം 50 ശതമാനം എന്നിവയാണു വിശദീകരിക്കുന്നത്.

ദേശീയ പാഠ്യപദ്ധതി വികസിപ്പിക്കുക, ഇതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കുക, ഫലപ്രദമായ പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് ഉറപ്പാക്കല്‍ തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്ന വിഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നു.
ഗൃഹസര്‍വെകള്‍ നടത്തി 14 വയസു വരെയുള്ള മുഴുവന്‍ കുട്ടികളേയും കണ്ടെത്തി റജിസ്റ്റര്‍ തയാറാക്കാല്‍ തുടങ്ങിയവ 'പ്രാദേശിക സര്‍ക്കാറുകള്‍' എന്ന ഭാഗത്ത് കാണാം. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും സമയനിഷ്ഠയും പാലിക്കണമെന്നു 'അധ്യാപകര്‍' എന്ന വിശദീകരണത്തില്‍ പറയുന്നു.

'കുട്ടിയെ അറിയുക' എന്നതില്‍ വ്യത്യസ്തരാണ് കുട്ടികള്‍, കുട്ടികളെ പഠന മികവിലേക്ക് നയിക്കാന്‍, ഒപ്പം നടക്കാം, വ്യക്തിത്വമേകാം എന്നീ കാര്യങ്ങളാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. അത്താഴം കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും കുട്ടിയോട് സംസാരിക്കണമെന്നും കുട്ടിയെ അസ്വസ്ഥമാക്കുന്നതോ അരോചകമാകുന്നതോ ആയ യാതൊന്നും സംഭാഷണത്തില്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. മഹാന്മാരുടെ ജീവിതത്തിലെ അനുകരണീയ മാതൃകകള്‍ പരിചയപ്പെടുത്താനും അവ ജീവിതത്തില്‍ പകര്‍ത്തുന്നതിലുള്ള മെച്ചമെന്താണെന്നും കുട്ടിക്കു മനസിലാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗമാരക്കാരോട് കുട്ടികളോട് പെരുമാറുന്നതുപോലെ പെരുമാറരുതെന്നും അവര്‍ മുതിര്‍ന്നവരല്ലാത്തതിനാല്‍ മുതിര്‍ന്നവരോട് പെരുമാറുന്നപോലെ പെരുമാറരുതെന്നും പറയുന്നുണ്ട്. രാത്രിയില്‍ അധിക സമയമിരുന്ന് എന്തു ചെയ്താലും രക്ഷാകര്‍ത്താക്കള്‍ അവരോടൊപ്പമുണ്ടാകണമെന്നും വിശദീകരിക്കുന്നു.

നല്ല രക്ഷിതാവ് മറ്റുള്ള കുട്ടികളുടെ ശരിയും തെറ്റുമനുസരിച്ച് തന്റെ കുട്ടിയെ താരതമ്യപ്പെടുത്തില്ലെന്നും കുടുംബത്തോടൊപ്പം ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമെന്നും കുട്ടികളുടെ ഭാവിക്ക് സദാ പരിശ്രമിക്കുന്നവരാണ് നല്ല രക്ഷിതാവെന്നും വ്യക്തമാക്കുന്നു. മനോഭാവം അനുകൂലമാക്കാമെന്ന വിശകലനത്തില്‍ കുട്ടിയില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നതും തെറ്റാണെന്നു വിശകലനം ചെയ്യുന്നു.
ഗവണ്‍മെന്റ്-എയിഡഡ് സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എഴുതിയ മുഴുവന്‍ കത്തുകളും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാലയങ്ങള്‍ മികച്ചതാക്കുക, സമയത്തിന്റെ വില, ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ വിദ്യാലയങ്ങള്‍, വേലയില്‍ വിളയുന്ന ഗാന്ധിസവും സേവനവാര പുനര്‍ജീവനവും, മൂല്യപുനരുത്ഥാനത്തിനു വിദ്യാലയങ്ങളെ ഉണര്‍ത്തുക തുടങ്ങിയ കത്തുകളും പരിരക്ഷയുടെ പാഠങ്ങളില്‍ കാണാം.

പുതിയ തലമുറയുടെ ഉത്തമമായ ഭാവി ലക്ഷ്യമിട്ട് തയാറാക്കിയ കൈപുസ്തകം ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി എന്നിവര്‍ക്കാണ് നല്‍കുക. വിദ്യാഭ്യാസ അവകാശ നിയമം സമൂഹത്തിലെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വശിക്ഷാ അഭിയാനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വീട് കുട്ടികള്‍ക്ക് തടവറയാകരുതെന്നും വിദ്യാലയം വളര്‍ച്ചക്ക് വേദിയാകണമെന്നും കൈപുസ്തകം നിര്‍ദ്ദേശിക്കുന്നു.

Crtsy: Chandrika Daily
- നടുക്കണ്ടി അബൂബക്കര്‍

No comments:

Post a Comment