KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 4 June 2013

മികച്ച വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരം നല്കും - വിദ്യാഭ്യാസ മന്ത്രി


കോഴിക്കോട്: സംസ്ഥാനത്തെ മികച്ച പൊതുവിദ്യാലയങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി അവാര്‍ഡ് നല്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെ ഇക്കൊല്ലം മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും രണ്ട് സെറ്റ് യൂണിഫോം നല്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വര്‍ഷം കഴിയുന്തോറും വിദ്യാലയങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെടുകയാണ്. നിരന്തര മൂല്യനിര്‍ണയം ശാസ്ത്രീയമായി നടപ്പാക്കുന്നു. അധ്യാപക പരിശീലനം പൂര്‍ത്തിയായി. അതിനുവേണ്ടി അധ്യയനദിനങ്ങള്‍ നഷ്ടപ്പെടില്ല. വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണതോതില്‍ സംസ്ഥാനത്ത് നടപ്പാക്കും. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഇനി 60,000 വിദ്യാര്‍ഥികള്‍ക്കുമാത്രമേ ലഭിക്കാനുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും. പാഠപുസ്തകങ്ങള്‍ 90 ശതമാനവും എത്തിച്ചുകഴിഞ്ഞു. ബാക്കി രണ്ട് ദിവസത്തിനകം എത്തുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ അവകാശം സംബന്ധിച്ച് ചൈല്‍ഡ് റൈറ്റ് കമ്മീഷണറെ ഉടന്‍ നിയമിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സാമൂഹിക ക്ഷേമ വകുപ്പ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പോഷകാഹാര നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment