KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 27 October 2012

ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം)

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങള്‍ പങ്കെടുക്കും.
ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം.
മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടര്‍മാരായിരിക്കും.
സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരമുള്‍പ്പെടെ നഗരസഭകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും.
സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും.

ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ.
"രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു "

No comments:

Post a Comment