KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 26 April 2012

പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും

  • രണ്ടു ജില്ലകളിലെ വിതരണം പൂര്‍ത്തിയായി


 സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും. കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലാണ് രണ്ടു ഘട്ടങ്ങളിലായി പുസ്തകം അച്ചടിക്കുന്നത് - ആദ്യ ഘട്ടത്തില്‍ 2.60 കോടിയും രണ്ടാം ഘട്ടത്തില്‍ 1.40 കോടിയും. ഫിബ്രവരിയിലാണ് രണ്ടാം ഘട്ടത്തിന്റെ അച്ചടി തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ പുസ്തകങ്ങളില്‍ ഭൂരിപക്ഷവും അച്ചടി കഴിഞ്ഞു. അച്ചടി പൂര്‍ത്തിയാകുന്നവ ബുക്ക് ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് സൊസൈറ്റി വഴി സ്‌കൂളുകളിലേക്ക് വിതരണവും തുടങ്ങി കഴിഞ്ഞു.

അടുത്ത മാസത്തോടെ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.ബി.പി.എസ്. അധികൃതര്‍ പറഞ്ഞു. അച്ചടി കഴിയുന്ന പാഠപുസ്തകങ്ങള്‍ ജില്ലയിലെ 14 ഡിപ്പോകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തുള്ള 3335 സൊസൈറ്റികള്‍ വഴിയാണ് സ്‌കൂളുകളില്‍ എത്തുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുസ്തകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.ബി.പി.എസ്. അധികൃതര്‍. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു ജില്ലകളിലേക്കുള്ളത് നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളാണ് കെ.ബി.പി.എസ്സില്‍ അച്ചടിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടിയാണ് തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസ്. സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഓര്‍ഡറുകള്‍ ലഭിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment