KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 3 May 2013

ആധാര്‍ 'തലയെണ്ണലി'ന് ഒരുക്കങ്ങളായി

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ തലയെണ്ണല്‍ ആധാറിലൂടെ നടത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ഇതാദ്യമായാണ് നേരിട്ടുള്ള തലയെണ്ണല്‍ നടക്കാതിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക പാക്കേജ്, സ്റ്റാഫ് തസ്തിക നിര്‍ണയം, സ്‌കോളര്‍ഷിപ്, ഗ്രാന്റ്, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 36 ലക്ഷം കുട്ടികളില്‍ 35 ലക്ഷം പേരും ആധാര്‍ ഏജന്‍സിയായ യു.ഐ.ഡിയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.

''ഒരു ലക്ഷം കുട്ടികള്‍ക്ക് കൂടി മെയ് പത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. കുട്ടികളുടെ കൈയില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡ് കിട്ടിയില്ലെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. യു.ഐ.ഡിയില്‍ നിന്ന് നേരിട്ട് ഇതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളിലെ വിവരങ്ങള്‍ യു.ഐ.ഡിയിലെ വിവരങ്ങളുമായി ഒത്തുനോക്കി ഉറപ്പുവരുത്താന്‍ സ്‌കൂളധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്''-ഡയറക്ടര്‍ പറഞ്ഞു.

ഒത്തുനോക്കിയശേഷമുള്ള റിപ്പോര്‍ട്ട് മെയ് പത്തിനകം എ.ഇ.ഒ മാരെ അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. www.education.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് കുട്ടികളുടെ ആധാര്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്. 

 അധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഓരോ സ്‌കൂളുകളിലും ആവശ്യമുള്ള തസ്തികകള്‍ മനസ്സിലാക്കുന്ന പ്രക്രിയയും ആധാറിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. മെയ് 20 നകം ഇതുസംബന്ധിച്ച വിശദാംശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment