KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Wednesday, 15 February 2012

33-ാം കെ.എസ്.ടി.യു സമ്മേളനം കൊല്ലത്ത് ചരിത്രം കുറിച്ചു

 


സമ്മേളന ഫോട്ടോ കാണാന്‍ ഇവിടെ ക്ളിക്കുക...

ഹരിതാഭമായ അസംഖ്യം ഗ്രാമങ്ങള്‍ക്ക് ആര്‍ദ്രതയേകി, പ്രകൃതിയെ മനുഷ്യജീവിതവുമായിണക്കി ചേര്‍ക്കുന്ന അഗാധ സൌന്ദര്യമായ അഷ്ടമുടിക്കായലിന്റെ തീരത്തെ സ്പര്‍ശിച്ച് നില്‍ക്കുന്ന ചരിത്ര നഗരമായ കൊല്ലം പട്ടണത്തിലാണ് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ 33-ാം സംസ്ഥാന സമ്മേളനം നടന്നത്. സംഘടനാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടി എഴുതിചേര്‍ക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ കേരളത്തില്‍ വളരെ നേരത്തേ തന്നെ കെ.എസ്.ടി.യു അതിന്റെ സംഘടനാ സാന്നിദ്ധ്യം തെളിയിച്ചുരുന്നു. 2012 ഫെബ്രുവരി 12, 13, 14 തീയതികളിലായി കൊല്ലം സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ പ്രൌഡഗാംഭീര്യത്തോടെയും വര്‍ണ്ണശബളിമയോടെയുണ് അതിന്റെ അജയ്യത വീണ്ടും തെളിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ കെ.എസ്.റ്റി.യുവിന്റെ നീല പതാകകളും സ്വാഗത കമാനങ്ങളും കൊണ്ട് ചിന്നക്കടയെ നീലക്കടലാക്കി സമ്മേളന വിളംബരം നടത്താന്‍ കഴിഞ്ഞിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയിരുന്നത്. പൊതു വിദ്യാഭ്യാസത്തിനു പുതുജീവനം എന്ന കാലിക പ്രസക്തമായ സമ്മേളന പ്രമേയം എഴുതി വച്ച മതിലുകളും വാള്‍ പോസ്ററുകളും വര്‍ണ്ണശബളമായ സ്റിക്കറുകളും, ബാനറുകളും സമ്മേളനത്തിന് ഏറെ വര്‍ണ്ണപ്പൊലിമയേകി. ചരിത്രസഞ്ചാരികളുള്‍പ്പെടെ ആരെയും വശീകരിക്കുന്ന കൊല്ലം പട്ടണത്തിന്റെ പ്രത്യേക സൌന്ദര്യ പശ്ചാത്തലത്തില്‍ കെ.എസ്.റ്റി.യു സമ്മേളന പ്രമേയം ആലേഖനം ചെയ്ത ലോഗോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റിലീസ് ചെയ്തിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ബില്‍ തുഗ്ളക്കിന്റെ പ്രതിനിധിയായി കൊല്ലത്തെത്തിയ ഇബ്ന് ബത്തൂത്ത “ഞാന്‍ കണ്ട ഏറ്റവും മനോഹരമായ നഗരം” എന്ന് രേഖപ്പെടുത്തിയിരുന്നു. വശ്യസുന്ദരമായിരുന്ന നഗരത്തിന്റെ ഭൂതകാല സ്മരണയില്‍ കെ.എസ്.റ്റി.യുവിനെ വായിച്ചെടുക്കാനും, സമ്മേളന പ്രതിനിധികള്‍ക്ക് ലോഗോ സഹായകമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് മൂന്ന് ദിവസം താമസിക്കാന്‍ പരിമിതികള്‍ക്കിടയിലും സൌകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കൊല്ലം കണ്ടവിനില്ലം വേണ്ട എന്ന ചൊല്ലില്‍ പതിരില്ല എന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘാടകര്‍. 
വൈവിധ്യം നിറഞ്ഞ സെഷനുകളും അക്കാദമിക സംവാദങ്ങളും പ്രൊഫഷണല്‍ എതിക്സ് കാഴ്ചപ്പാടുകളും കൊണ്ട് സര്‍ഗ്ഗാത്മകമായ പൂരകാഴ്ചയൊരുക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞു. സമ്മേളന പ്രചരണാര്‍ത്ഥം നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളിലും, കെ.എസ്.റ്റി.യുവിന്റെ  സാന്നിദ്ധ്യവും, അജയ്യതയും തെളിയിക്കുന്നതായിരുന്നു. ചടയമംഗലത്ത് കാരാളികോണം സീതിസാഹിബ് മെമ്മോറിയല്‍ സ്കൂളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസും പങ്കെടുത്തിരുന്നു. പതിമൂന്ന് വര്‍ഷം വരെ ജോലിയെടുത്തിട്ടും പുറത്ത് പോകേണ്ടി വന്ന ഹതഭാഗ്യരായ ഏതാനും അധ്യാപകര്‍ പ്രചാരണ സെമിനാറില്‍ വച്ച് കെ.എസ്.റ്റി.യുവിന്റെ മെമ്പര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങുകയും മുഴുവന്‍ സമയം പ്രചാരകരാവുകയും ചെയ്തത് കെ.എസ്.റ്റി.യുവിന്റെ കഴിഞ്ഞകാല പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി. ശമ്പളത്തിനും പ്രൊട്ടക്ഷനും വേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന സമഗ്രമായ വിദ്യാഭ്യാസ പാക്കേജിനുള്ള അധ്യാപക പിന്തുണയാണ് സംസ്ഥാനത്ത് കെ.എസ്.റ്റി.യുവിനുണ്ടായ മെമ്പര്‍ഷിപ്പ് വര്‍ധന. ഈ സമ്മേളന വര്‍ഷം കൊല്ലം ജില്ലയില്‍ തന്നെ 700 മെമ്പര്‍ഷിപ്പിന്റെ വര്‍ധനയുണ്ടായത് ശ്രദ്ധേയമാണ്.
2012 ഫെബ്രുവരി 12 ന് 4 മണിക്ക് കെ.എസ്.റ്റി.യു ജന. സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ ചിന്നക്കട സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന സെഷനുകള്‍ ആരംഭിച്ചു. രാവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ ചിത്രരചനാ മത്സരങ്ങളിലും അധ്യാപകര്‍ക്കായി നടത്തിയ പ്രത്യേക ലേഖന മത്സരങ്ങളിലും ധാരാളം പേര്‍ പങ്കെടുത്തിരുന്നു. “പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം” എന്ന ആശയം വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും സമ്മേളന നഗരിയിലെ ക്യാന്‍വാസില്‍ ചിത്രങ്ങളായി വിരിഞ്ഞു. പ്രമുഖ ബാലചിത്രകാരായ അശ്വിനും, അഭിരാമിയും ചേര്‍ന്നാണ് ചിത്രങ്ങള്‍ക്ക് നിറം ചാലിച്ച് തുടങ്ങിയത്. 5 മണിക്ക് ആരംഭിച്ച ഉത്ഘാടന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പിയാണ് ഉത്ഘാടനം ചെയ്തത്. പരിശീലനം കഴിഞ്ഞ് അധ്യാപകര്‍ പൊതിയാതേങ്ങ കിട്ടിയ പ്രതീതിയിലാണ് ക്ളാസ്സിലേക്ക് പോകുന്നതെന്നും പ്രക്രിയാ ശേഷികള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള സൂക്ഷ്മ പ്രക്രിയയിലൂടെ കടന്ന് പോകാന്‍ പ്രാപ്തരാക്കുന്ന പുതിയ അധ്യാപക പരിശീലനം ഉടന്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയകാല വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുമായി ഇഴ ചേര്‍ന്ന് പോകാന്‍ അധ്യാപകനെ പ്രാപ്തനാക്കിയെങ്കില്‍ മാത്രമെ അധ്യാപനം ഫലപ്രദമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയേയും പുത്തന്‍ പ്രതീക്ഷകളെയും സംബന്ധിച്ച സുദീര്‍ഘമായ പ്രസംഗം സമ്മേളന സദസ്സ് വിജ്ഞാന കൌതുകത്തോടെയാണ് ശ്രവിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ എ.യൂനുസ്കുഞ്ഞ് അടക്കമുള്ള നേതാക്കളും, വിവിധ അധ്യാപക സംഘടനാ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സായാഹ്നം വാഗ്മിതയുടെ വസന്തം തീര്‍ക്കുന്നതായിരുന്നു. മുരുകന്‍ കാട്ടാക്കടയും, പി.കേശവന്‍ നായരും, ചാത്തന്നൂര്‍ മോഹനനും കവിതകള്‍ അവതരിപ്പിച്ച് കൊണ്ട് നടത്തിയ പ്രഭാഷണങ്ങള്‍ ശബ്ദായമാനമായ സജീവതയാണുണ്ടാക്കിയത്. ഡോ. അഴീക്കോട് അനുസ്മരണ പ്രഭാഷണം പി.സി അബൂബക്കര്‍ നടത്തി. മലയാളികളെ മുഴുവന്‍ വാക്കിന്റെ കാന്തവലയത്തില്‍ തളച്ച് നിര്‍ത്തിയ മഹാനായ പ്രഭാഷകനായിരുന്നു ഡോ.സുകുമാര്‍ അഴീക്കോട് എന്നും, ശത്രുസംഹാരത്തിനും, സാംസ്ക്കാരികമായ ഉത്തരവാദിത്വത്തിനും, വിജ്ഞാന വ്യാപനത്തിനും അഴീക്കോട് താല്പര്യപൂര്‍വ്വം സ്വമേധയാ കണ്ടെത്തിയ വഴിയാണ് പ്രസംഗകലയുടേതെന്ന് വിലയിരുത്തപ്പെട്ടു. കെ.എസ്.ടി.യു തൃശൂര്‍ സമ്മേളനത്തിലെ സുകുമാര്‍ അഴീക്കോടിന്റെ സാന്നിദ്ധ്യവും പ്രഭാഷണത്തിന്റെ  ഉജ്ജല മുഹൂര്‍ത്തങ്ങളും സമ്മേളന പ്രതിനിധികളില്‍ പലരും അനുസ്മരിച്ചു. കെ.എസ്.ടി.യു സഹയാത്രികനും മാപ്പിളപ്പാട്ടിന്റെ  വിധികര്‍ത്താവുമായ ഫൈസല്‍ എളയിറ്റിലും, നൌഷാദ് ബാബു കൊല്ലവും നേതൃത്വം നല്‍കിയ പ്രതിഭാസംഗമം രാവേറെയായിട്ടും അവസാനിച്ചിരുന്നില്ല. സിനാമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും ഉപയോഗപ്പെടുത്തി മലയാളം ക്ളാസ്സുകള്‍ എങ്ങനെ ആസ്വാദ്യമാക്കാം എന്ന മനോജ് മാസ്ററുടെ അവതരണം അക്കാദമിക സമൂഹത്തിന് ഏറെ കൌതുകം ജനിപ്പിക്കുന്നതും ആവേശം പകരുന്നതുമായിരുന്നു. കേരളത്തിലെ തന്നെ മികവുറ്റ പ്രതിഭകള്‍ കെ.എസ്.ടി.യു സംഘത്തില്‍ തന്നെ ഉണ്ടെന്നുള്ള തിരിച്ചറിവാണ് പ്രതിഭാസംഗമത്തിലൂടെ ബോധ്യമായത്.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ സമ്പൂര്‍ണ്ണ സമ്മേളനത്തിലുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ചിന്നക്കട സഹകരണ ബാങ്ക് ആഡിറ്റോറിയത്തിന്റെ വിശാലമായ ശീതീകരിച്ച മുറിയില്‍ മനോഹരമായി അലങ്കരിച്ച വേദിയ്ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വനിതകളടക്കമുള്ള പ്രതിനിധികള്‍ ഇരുപ്പുറപ്പിച്ചു. 11 മണിയോടെ സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ലോക്സഭാ മെമ്പര്‍ പീതാംബരക്കുറുപ്പിന്റെ മുഖ്യ പ്രഭാഷണം ആരംഭിച്ചു. ഇത് പുതിയ കാലം; ഇത് പുതിയ അധ്യാപകന്‍. ഗുരു-ശിഷ്യ ബന്ധത്തിന്റെ അര്‍ത്ഥ തലങ്ങള്‍ക്ക് ഇന്ന് സാരമായ മാറ്റം കൈവന്നിരിക്കുന്നു എന്ന് തുടങ്ങിയ പ്രസംഗത്തില്‍ പ്രവാചക തുല്യമായ അധ്യാപന പ്രക്രിയ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കാനുള്ള ആഹ്വാനവും ഉണ്ടായിരുന്നു. സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉത്ഘാടന പ്രസംഗം ആരംഭിക്കുമ്പോള്‍ സമ്മേളന സദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നിയമസഭാ സാമാജികന്മാരുടെ ആശയ സമ്പുഷ്ടവും, പ്രൌഡഗംഭീരവുമായ പ്രസംഗങ്ങള്‍ സദസ്സിന് ഹൃദ്യാനുഭവമായി മാറി.
സഹസ്രാബ്ദത്തിന്റെ വിദ്യാഭ്യാസം എന്ന വിഷയം അവതരിപ്പിക്കാന്‍ എത്തിയത് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി തന്നെ ആയിരുന്നുവെന്നത് സെഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. വിവര വിനിമയ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മിലേനിയം ടീച്ചര്‍, കണ്‍സപ്ട് & പ്രാക്ടീസ് എന്ന വിഷയം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ശ്രീ. ശിവശങ്കര്‍ ഐ.എ.എസിന് സാധിച്ചു. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് അധ്യാപക സമൂഹത്തെ സഹായിക്കാന്‍ കെ.എസ്.ടി.യു പോലുള്ള  സംഘടനകള്‍ക്ക് കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തത് സംസ്ഥാന സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ആയിരുന്നു. കെ.എസ്.ടി.യുവിന്റെ ജൈത്രയാത്രയില്‍ എന്നും ഞാനൊരു സഹയാത്രികനായിരിക്കുമെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന പാവപ്പെട്ടവരായ കുട്ടികളുടെ ശാരീരിക അനാരോഗ്യം മുഖ്യവിഷയമാണെന്നും അതിനു പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും സാമൂഹ്യ ഇടപെടലുകളിലൂടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിലെ കുറ്റവാസന വര്‍ധിപ്പിക്കുന്ന സിനിമകളും, ഇന്റര്‍നെറ്റ് ഗെയ്മുകളും നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈകുന്നേരം 5 മണിയോടെ കെ.എസ്.ടി.യു പതാകകളാല്‍ നീലയണിഞ്ഞ് നിന്ന പട്ടണത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ അണിനിരന്ന അധ്യാപക പ്രകടനം നടന്നു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ 33-ാം സംസ്ഥാന സമ്മേളനം രേഖപ്പെടുത്തിയ കൂറ്റന്‍ബാനറിനു പിന്നില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രകടനം നീങ്ങിയത്. പ്രകടനപാതയില്‍ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചതിന് പ്രത്യഭിവാദ്യങ്ങള്‍ ചെയ്ത് പ്രകടനം നീങ്ങി.  വിദ്യാഭ്യാസ വകുപ്പിന്റെ നന്മ നിറഞ്ഞ നേട്ടങ്ങല്‍ എണ്ണിപ്പറഞ്ഞും, നിയമനാംഗീകാരവും ശമ്പളവും നല്‍കിയ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചും അധ്യാപക പാക്കേജിലൂടെ അധ്യാപക വേദനകള്‍ പരിഹരിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രകടനം നഗരം ചുറ്റിയത്. ചിന്നക്കട പ്രസ്സ് ക്ളബ്ബ് മൈതാനിയില്‍ പ്രകടനം അവസാനിക്കുമ്പോള്‍ പൊതുസമ്മേളനം ആരംഭിക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം, അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. ശ്യാംസുന്ദര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ.യൂനുസ്കുഞ്ഞ്, എം.അന്‍സറുദ്ദീന്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ ഷരീഫ് ചന്ദനത്തോപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജന. സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ സ്വാഗതവും, യൂസഫ് ചേലപ്പള്ളി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ 14-ാം തീയതി രാവിലെ 10 മണിക്ക് തന്നെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉത്ഘാടനം ചെയ്തു. വിവാദങ്ങളുടെ തടവറയില്‍ നിന്നും വിവേകിത ലോകത്തേക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മാറ്റം ആരാലും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണെന്നും, യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ എന്നും അധ്യാപക പ്രശ്നങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ പരിഗണന നല്‍കി പോന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ തന്നെ അധ്യാപക സമൂഹത്തിന് നല്‍കിയ ഗുരുദക്ഷിണയാണ് അധ്യാപക പാക്കേജ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തിയ രചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അധ്യാപകര്‍ക്കും ചിത്ര രചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പേരാമ്പ്ര മറിയം ടീച്ചര്‍, കാസര്‍ഗോഡ് ഉസ്മാന്‍ മാസ്റര്‍, പാലക്കാട് മുഹമ്മദലി അന്‍സാരി, തലശ്ശേരി സി.എല്‍.അബ്ദുല്‍ ഖാദര്‍, തിരുവനന്തപുരം അബൂബക്കര്‍കുഞ്ഞ് തുടങ്ങിയവര്‍ക്ക് അനുമോദനം അര്‍പ്പിച്ച് നേതാക്കള്‍ സംസാരിച്ചു. ഉച്ചയ്ക്ക്  ശേഷം സംസ്ഥാന കൌണ്‍സിലും തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. സംഘടനാ ശക്തി വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ നടപടികളെക്കുറിച്ചും സംഘബലത്തിലൂടെ നേടിയെടുക്കേണ്ട പുത്തന്‍ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായികൊണ്ട് പുതിയ സഹസ്രാബ്ദത്തിലെ പുത്തന്‍ അധ്യാപകനാകാന്‍ പ്രതിജ്ഞയെടുത്തുമാണ് അധ്യാപക സുഹൃത്തുക്കള്‍ സമ്മേളന നഗരിയോട് വിടപറഞ്ഞത്.

അധ്യാപക പാക്കേജ്: യു.ഡി.എഫിന്റെ ഗുരുദക്ഷിണ: മന്ത്രികെ.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം പൊതുമരാമത്ത് മന്ത്രി  വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.കൊല്ലം: അധ്യാപക പാക്കേജ് യു.ഡി.എഫിന്റെ ഗുരുദക്ഷിണയാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടു.
ദക്ഷിണയായതുകൊണ്ട് അത് ആദ്യമേ നല്‍കുന്നതാണ് മര്യാദ. യു.ഡി.എഫ്. ഭരണം ആരംഭിച്ചതുതന്നെ ഈ ഗുരുദക്ഷിണ നല്‍കിയാണ്. ഇത് ചെയ്യാത്തതാണ് എം.എ.ബേബിക്കുണ്ടായ പരാജയം. മന്ത്രി പറഞ്ഞു.
കെ.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.യു. പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, എം.അഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ചെറിയാണ്ടി സ്വാഗതവും എം.ആസിഫ് നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി.കെ.മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍, മറിയം , പി.പി.സൈതലവി, പി.കെ.ഹംസ, ഷരീഫ് ചന്ദനത്തോപ്പ്, ബഷീര്‍ ചെറിയാണ്ടി, എ.സി.അതാഉള്ള, പി.എ.സീതി, ഉസ്മാന്‍ അബ്ദുല്ല വാവൂര്‍, പി.കെ.അസീസ്, എന്‍.എ.ഇസ്മയില്‍, പി.കെ.സി. അബ്ദുറഹിമാന്‍, കെ.മൊയ്തീന്‍, പി.അസൈന്‍, കെ.എ.കരീം എന്നിവര്‍ പ്രസംഗിച്ചു.
ബേബി വിദ്യാഭ്യാസമേഖല തകര്‍ത്തു - മന്ത്രി കെ.സി.ജോസഫ്


കൊല്ലം: കഴിഞ്ഞ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസമേഖല എങ്ങനെയായിരുന്നുവെന്ന് സി.പി.എം.സമ്മേളനങ്ങള്‍ തന്നെ വ്യക്തമാക്കിയതായി മന്ത്രി കെ.സി.ജോസഫ്. കെ.എസ്.ടി.യു.സംസ്ഥാന സമ്മേളനത്തില്‍ സമ്പൂര്‍ണ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടാം മുണ്ടശ്ശേരിയെന്ന പേരില്‍ ഇടതുമുന്നണി കെട്ടിയെഴുന്നള്ളിച്ച എം.എ.ബേബി വിദ്യാഭ്യാസമേഖലയെ തകര്‍ത്ത് തരിപ്പണമാക്കി. സി.പി.എം.സമ്മേളനങ്ങളില്‍ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശനം അദ്ദേഹം ഏറ്റുവാങ്ങി. ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയാണ് എം.എ.ബേബി വിദ്യാഭ്യാസവകുപ്പ് ഭരിച്ചത്.

സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനും ആജ്ഞാനുവര്‍ത്തികളുടെ താവളമാക്കി മാറ്റാനുമാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. ഇതില്‍നിന്നൊരു തിരിച്ചുപോക്കാണ് യു.ഡി.എഫ്.സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- മന്ത്രി പറഞ്ഞു.

എന്‍.പീതാംബരക്കുറുപ്പ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് അധ്യക്ഷനായി. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., എ.യൂനുസ്‌കുഞ്ഞ്, കെ.എസ്.ടി.എഫ്.പ്രസിഡന്റ് സിറിയക് കാവില്‍, കെ.എ.ടി.എഫ്.ജനറല്‍ സെക്രട്ടറി കെ.മോയിന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ സ്വാഗതവും വി.കെ.മൂസ നന്ദിയും പറഞ്ഞു.

വൈകിട്ട് നഗരത്തില്‍ അധ്യാപകരുടെ ഉജ്ജ്വലപ്രകടനം നടന്നു. തുടര്‍ന്ന് ചിന്നക്കട പ്രസ്സ്‌ക്ലബ് മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടിയിരുന്ന കേരളത്തിലെ അധ്യാപകരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് യു.ഡി.എഫ്.സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞ.

അഡ്വ. പി.എം.എ.സലാം, എം.കെ.സൈനുദ്ദീന്‍, അഡ്വ. ഷംസുദ്ദീന്‍, ഷെരീഫ് ചന്ദനത്തോപ്പ്, കെ.ടി.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment