KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Sunday, 27 January 2013

കലോത്സവത്തിലെ കാക്ക


മലപ്പുറത്തെയും മലപ്പുറത്ത് കുറച്ചധികം കാണുന്ന സമുദായത്തെയും കുറിച്ചുള്ള കെട്ടുകഥകളുടെ പൂട്ട് തല്ലിപ്പൊളിച്ചു സംസ്ഥാന സ്‌കൂള്‍ കലോത്സവം. അതിനുള്ള ലഡു വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബിനു കൊടുക്കണം. കലോത്സവരഥം മലപ്പുറത്തേക്ക് തിരിക്കുമ്പോള്‍ ഇങ്ങനെയൊരു ഉദ്ദേശ്യം മന്ത്രിക്കുണ്ടായിരുന്നുവോ ആവോ? എന്തായാലും സംഗതി ഫലിച്ചു. 

തിരൂരങ്ങാടിയില്‍ നടത്തിയാലോ എന്നൊരാലോചനയുണ്ടായപ്പോഴേക്കു തന്നെ തീരഞ്ചും എതിര്‍പ്പുമായി തെരുവിലിറങ്ങിയ പടക്കുറുപ്പന്‍മാര്‍, കലോത്സവം മലപ്പുറത്ത് വരുന്നത് സ്വപ്‌നേപി നിനച്ചതല്ല. മന്ത്രിയുടെ ജാതിയും മതവും മലപ്പുറത്തിന്റെ മട്ടും മണവും ഇഴപിരിച്ചെടുത്ത് തെരുവിലിട്ടലക്കി ചില 'കലാസ്‌നേഹി'കള്‍.

മലയാളഭാഷയുടെ മാദകഭംഗിയും മലര്‍മന്ദഹാസവും ഉറവെടുത്ത ദേശമാണ് മലപ്പുറം എന്ന ന്യായീകരണമൊന്നും 'എതിരന്മാര്‍ക്കു' ബോധിച്ചില്ല. ഭാരതീയ കവിതയുടെ രംഗവേദിയില്‍ വെണ്‍കൊറ്റക്കുട ചൂടി നില്‍ക്കുന്ന മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും മേല്‍പ്പത്തൂരും വള്ളത്തോളും പിറന്ന മണ്ണാണിതെന്ന ദയപോലും നല്‍കിയുമില്ല വിധി പ്രസ്താവിക്കും മുമ്പ്. 

കലോത്സവം വന്നാല്‍ മലപ്പുറത്ത് പത്തുകോടി രൂപയുടെ കച്ചവടം നടക്കുമെന്ന് കണക്കെഴുതി പരിഹസിച്ചു മാധ്യമങ്ങള്‍ ചിലത്. കലയോടുള്ള കമ്പമല്ല, മലപ്പുറത്തെ കാക്കാമാര്‍ക്ക് നാലു കാശുണ്ടാക്കാനുള്ള തന്ത്രമാണ് മുസ്‌ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി ഒപ്പിക്കുന്നതെന്ന അല്‍പ്പത്തഘോഷണം. 
ഒടുവില്‍ കലോത്സവം വന്ന് തലയിലേറി. പതിനായിരത്തില്‍പരം കലാപ്രതിഭകളുമായി രക്ഷിതാക്കളും ഗുരുക്കന്മാരും മലപ്പുറത്തെത്തി. കേട്ടകഥകളെക്കാള്‍ കടുപ്പമാകും കാണാന്‍ പോകുന്ന പൂരമെന്ന് മനസ്സില്‍ കുറിച്ച് രണ്ടും കല്‍പിച്ച് ഇറങ്ങിപ്പുറപ്പെട്ടവരുമുണ്ട് കൂട്ടത്തില്‍. 

നഗരത്തിലെ സൗകര്യങ്ങളെക്കുറിച്ചുള്ള 'പരിമിതിക്കഥ'കള്‍ മാത്രമല്ല; 'ഭീകരരായ മനുഷ്യര്‍, എന്തിനും മടിക്കാത്തവര്‍, ജീവന്‍ ബാക്കി കിട്ടിയാല്‍ കാണാം' തുടങ്ങിയ പേടിക്കഥകളും സമം ചേര്‍ത്തു വീശി. മൊത്തത്തില്‍ എല്ലാവരും കൂടി ഉത്സാഹിച്ച് 'മലപ്പുറം എന്നു കേട്ടാലോടണം ജീവന്‍ കിട്ടണേല്‍'  എന്നാക്കിവെച്ചു.

ആ 'വര്‍ഗീയ പിന്തിരിപ്പന്‍ മുദ്ര'യുടെ ചതുപ്പിലേക്ക് ഭയത്തോടെ കാലുവെച്ച ഒരു രക്ഷിതാവ്, മലപ്പുറം ജില്ലക്കാരന്‍ കൂടിയായ ഏഷ്യാനെറ്റ് ലേഖകന്‍ പ്രശാന്ത് നിലമ്പൂരിനെ കലോത്സവത്തിന്റെ മൂന്നാംനാള്‍ യാദൃച്ഛികമായി കണ്ടുമുട്ടി. മലപ്പുറം ടൗണില്‍ താത്കാലിക താമസത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ഈ റിട്ടയേര്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥന്‍. കഥകളി സംഗീതത്തിലും മാര്‍ഗ്ഗംകളിയിലും മത്സരിക്കുന്ന പേരക്കുട്ടിക്ക് അകമ്പടിയായി വന്നതാണ്. പ്രശാന്തിന്റെ പേര് കേട്ടപ്പോള്‍ ആദ്യ പ്രതികരണം 'നമ്മുടെ ആളുകളൊക്കെ ഇവിടെയുണ്ടോ?' എന്നായിരുന്നു. പിന്നെ പറഞ്ഞു: മകള്‍ സുഖമില്ലാതെ കിടപ്പാണ്. അവളുടെ കുട്ടിയാണ്. കലോത്സവം മലപ്പുറത്തായതുകൊണ്ട് വരേണ്ടെന്ന് കരുതിയതായിരുന്നു. പലരും അങ്ങനെ ഉപദേശിച്ചു. 'ചീത്തപ്പേരുണ്ടാക്കേണ്ട, മലപ്പുറം അത്ര നന്നല്ല' എന്നൊക്കെ. ആശങ്കയോടെയാണ് വന്നത്. താമസിക്കാന്‍ ഹോട്ടല്‍ മുറിയൊന്നും കിട്ടാത്തതിനാല്‍ ഒരു മുസ്‌ലിം വീടിന്റെ മുകള്‍ഭാഗം ചെറിയ വാടക നിശ്ചയിച്ച് സംഘാടകര്‍ ശരിയാക്കി തന്നു. താമസം മാത്രമാണ് കരാര്‍. പക്ഷേ നേരം വെളുത്ത് ഞങ്ങളെഴുന്നേല്‍ക്കുന്നതിനു മുമ്പ് തന്നെ വീട്ടിലെ ആ ഉമ്മയും ഭര്‍ത്താവും ഭക്ഷണപാത്രവും താങ്ങിപ്പിടിച്ച് മുകളിലേക്ക് കയറിവരുന്നുണ്ടാകും. വേണ്ടെന്നു പറഞ്ഞാലും നിര്‍ബന്ധിച്ച് കഴിപ്പിക്കും. രാത്രിയും ഇതുപോലെ തന്നെ. വീട്ടിലെത്തിയ വിരുന്നുകാരോടെന്ന പോലെ. ഇങ്ങനെയുണ്ടോ മനുഷ്യര്‍. ഒരു മുന്‍പരിചയവുമില്ലാത്തവരോട് ഇത്രയും അടുപ്പവും സ്‌നേഹവും കാണിക്കുന്നവര്‍! കേട്ടപോലെയല്ല മലപ്പുറം. പലനാട്ടിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇത്ര വലിയ ആതിഥ്യമര്യാദയും സ്‌നേഹപരിചരണവും മനുഷ്യപ്പറ്റും എവിടെയും കണ്ടിട്ടില്ല.  എന്തെല്ലാം കെട്ടുകഥകളാണ് ഈ നാടിനെയും മനുഷ്യരെയും കുറിച്ച് പ്രചരിക്കുന്നത്. ഒരു ദിവസം മലപ്പുറത്തു കഴിഞ്ഞവര്‍ക്ക് പിന്നൊരിക്കലും ഇവിടം വിടാന്‍ തോന്നില്ല. അത്രക്കുണ്ട് ആളുകളുടെ സ്‌നേഹം. വഴിയെ നടന്നുപോകുമ്പോള്‍ നിസ്സാരരായ നമുക്കുപോലും എന്തൊരു ആദരവാണ് നല്‍കുന്നത്. ഒരാള്‍ മറ്റൊരാള്‍ക്ക് വഴിമാറിക്കൊടുക്കും. ആരും എന്തു സഹായവും ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നതുപോലെ. മലപ്പുറത്ത് വന്നില്ലായിരുന്നെങ്കില്‍ ഇതൊരിക്കലും അറിയാതെ പോകുമായിരുന്നു.''

മലപ്പുറത്ത് സ്‌കൂള്‍ കലോത്സവത്തിനെത്തിയ ഒരുമാതിരിപ്പെട്ട ദൂരദേശക്കാരെല്ലാം പറഞ്ഞത് ഇതിന്റെ പര്യായം തന്നെ. വഴിചോദിച്ചപ്പോള്‍ ബൈക്കില്‍ കയറ്റി അഞ്ചുകിലോമീറ്ററിനപ്പുറത്തെ താമസസ്ഥലത്തെത്തിച്ച് ഒന്നു പരിചയപ്പെടാന്‍ പോലും നില്‍ക്കാതെ മിന്നിമറഞ്ഞ മലപ്പുറത്തെ ചെറുപ്പക്കാരന്റെ കഥ. മത്സരത്തിനുള്ള മക്കളടക്കം അഞ്ചുപേരുള്ള കുടുംബം ഓട്ടോക്ക് കൈകാണിച്ചപ്പോള്‍ മടിയൊട്ടും കൂടാതെ എല്ലാവരെയും കയറ്റി, 80 രൂപക്കുള്ള ദൂരം ഓടി ഒന്നാംവേദിക്കരികിലെത്തി ചാര്‍ജ്ജ് ചോദിച്ചപ്പോള്‍ മലപ്പുറത്തെ കലോത്സവത്തിന് മത്സരിക്കാന്‍ വന്ന കുട്ടികളല്ലേ 'ഒരു 45 തരീ' എന്നുപറഞ്ഞ ഓട്ടോക്കാരന്‍. 

മത്സരശേഷം മുഖത്തെ ചായം മുഴുവനായി കഴുകാതെ മകനുമൊത്ത് ഒരു ജ്യൂസ് കുടിക്കാന്‍ ചെന്നപ്പോള്‍ 'ആ കുട്ടീന്റെതും അച്ഛന്റെതും കൂടി കൂട്ടിക്കോ' എന്ന് ബില്ലുകൊടുത്തുപോയ അപരിചിതനായ, നെറ്റിയില്‍ നിസ്‌കാരത്തഴമ്പ് അടയാളമിട്ട തലേക്കെട്ടുകാരന്‍. 

ചേച്ചിയുടെ നാടോടിനൃത്തം കാണാന്‍ പറ്റുന്നില്ലെന്നു കരഞ്ഞ രണ്ടുമക്കളിലൊരുത്തിയെ തെക്കുനിന്നെത്തിയ ടീച്ചറുടെ കയ്യില്‍നിന്നു വാങ്ങി പൊക്കിയെടുത്ത് കളിതീരുവോളം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു കാണിച്ചുകൊടുത്ത പര്‍ദ്ദയിട്ട ഉമ്മൂമ്മ.

താടിയും തലപ്പാവും പര്‍ദ്ദയും നിസ്‌കാരത്തഴമ്പും ജാതിഭേദമില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ഹൃദയമുദ്രകളാണെന്ന് അപരിചിതരെ ബോധ്യപ്പെടുത്തി അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവം. 

ഔദ്യോഗിക കണക്കില്‍ ഏഴുദിവസങ്ങളിലായി നാല്‍പത് ലക്ഷത്തോളമാളുകള്‍ കലോത്സവത്തിനായി മലപ്പുറത്തെത്തി. വീഥികള്‍ നിറഞ്ഞൊഴുകി. ചിലപ്പോള്‍ തളംകെട്ടിക്കിടന്നു. എന്നിട്ടും ഒരു പെറ്റിക്കേസ് പോലുമുണ്ടായില്ല. അനുവാദമില്ലാതെ മൊബൈലില്‍ ഫോട്ടോയെടുത്തെന്നോ തോണ്ടിയെന്നോ അനാവശ്യം പറഞ്ഞെന്നോ പോലും കേസ്സുയര്‍ന്നില്ല. ഒരു കുഞ്ഞുപോലും ആ ജനപ്രളയത്തില്‍ വഴിയറിയാതെ വിങ്ങിപ്പൊട്ടിയില്ല. മക്കളെ അന്വേഷിച്ച് ഒരു രക്ഷിതാവിനും ഉത്കണ്ഠപ്പെടേണ്ടി വന്നില്ല. 

സംഘാടകരുടെയും തദ്ദേശീയരുടെയും അദൃശ്യഹസ്തങ്ങള്‍ അവര്‍ക്കുചുറ്റിലും രക്ഷയും തണലുമായി നീണ്ടു നിന്നു. പുറത്തുനിന്നെത്തിയ ആരെങ്കിലും അലമ്പുണ്ടാക്കാന്‍ ധൈര്യപ്പെട്ടതുമില്ല. ലഹരിയുമായി ആരും സദസ്സില്‍ വന്നില്ല. വീതികുറഞ്ഞ നഗരവീഥിയില്‍ ദീര്‍ഘമായ ഒരു വാഹന തടസ്സവുമനുഭവപ്പെട്ടില്ല. 

പൊലീസും നാട്ടുകാരും കുട്ടികളും വൃദ്ധന്മാരും ഗതാഗതം നിയന്ത്രിച്ചും കൈകോര്‍ത്തുപിടിച്ചും ഏഴുദിന രാത്രങ്ങള്‍ ഒരു കല്യാണപ്പന്തലിലെ അതൃപ്പംപോലെ കൈമെയ് മറന്നുത്സാഹിച്ചു. വീട്ടുമ്മറങ്ങളില്‍ മധുരം കലക്കിയ വെള്ളം പാത്രങ്ങളില്‍ നിരന്നു. പള്ളിയുടെ മുറ്റങ്ങളും ക്ഷേത്രാങ്കണവും കാഴ്ചക്കാരാല്‍ നിറഞ്ഞൊഴുകി. പാതിരാ കഴിഞ്ഞും പെണ്‍കുട്ടികള്‍ താമസസ്ഥലങ്ങളിലേക്കും സ്വന്തം വാഹനങ്ങളിലേക്കും തനിച്ചു നടന്നു. 

സ്ത്രീ, പുരുഷ ഭേദമില്ലാതെ ആര്‍ക്കും ഏതുസമയവും നിര്‍ഭയരായി വഴി നടക്കാന്‍പറ്റുന്ന ഖലീഫാ ഉമര്‍ പറഞ്ഞ കാലം മലപ്പുറത്തെ വഴിയോരങ്ങളില്‍ കണ്ടു. ഒരു ജനത ശീലിച്ച സംസ്‌കാരം കൊണ്ട് അതിഥികളെ പരിചരിക്കുന്നത്.

വേദികള്‍ക്കു മുന്നിലെ കാഴ്ചത്തിരക്കിലും തെളിഞ്ഞു മലപ്പുറം തനിമ. കഥകളി കാണാന്‍ നൂറാള്‍ തികയാത്ത കലോത്സവങ്ങളുടെ ശീലത്തിലായിരുന്നില്ല മലപ്പുറം വേദികള്‍. ക്ഷേത്രകലകള്‍ ആടിത്തകര്‍ക്കുമ്പോള്‍ സ്വയംമറന്നു താളംപിടിക്കുന്ന മാപ്പിളപ്പെണ്ണുങ്ങള്‍. മാപ്പിളക്കലകള്‍ കാണാന്‍ തിക്കിത്തിരക്കിയ ഇതര സമുദായങ്ങള്‍. നിറഞ്ഞ പുരുഷാരത്തിനു മുന്നിലല്ലാതെ ഒരു വേദിയിലും ആട്ടവിളക്ക് തെളിയിക്കേണ്ടി വന്നില്ല.

കലോത്സവത്തിന്റെ സമ്മാനദാന ചടങ്ങില്‍ വിജയികളും കുറച്ച് സംഘാടകരുമല്ലാതെ ആളേറെയില്ലാത്തതാണ് പതിവ്. മലപ്പുറം അതും തെറ്റിച്ചു. മലപ്പുറത്തെ മറികടന്ന് കപ്പ് നേടിയ ജില്ലക്കുവേണ്ടി നിലക്കാത്ത ആരവംപൊഴിച്ചു പതിനായിരങ്ങളുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. 

കലയും കളിയും പൊറുപ്പിക്കാതെ കല്ലെറിഞ്ഞോടിക്കുന്ന 'മതഭീകരത'യാണ് മലപ്പുറത്തെന്നു പ്രചരിപ്പിച്ചത്, വര്‍ഗീയവിഷമുള്ള മാധ്യമങ്ങള്‍ മാത്രമല്ല, പുരോഗമനത്തിന്റെ ചുകപ്പണിഞ്ഞ കമ്യൂണിസ്റ്റുകള്‍കൂടിയാണ്. നൃത്തംപഠിച്ചതിനും മുഖത്ത് ചായം തേച്ചതിനും മുസ്‌ലിം കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ഊരുവിലക്ക് കല്‍പിച്ച് കുടിവെള്ളംപോലും തടഞ്ഞിരിക്കുന്നുവെന്ന കല്ലുവെച്ച നുണകളുടെ മഷിയുണങ്ങുംമുമ്പെ കഥ പൊളിച്ചെഴുതി ഈ കലോത്സവം.

'ഇവള്‍ ആട്ടവിളക്കിനു മുന്നിലെ ബീഗം സുല്‍ത്താന' എന്ന തലക്കെട്ടിട്ട് പഴയ ഊരുവിലക്കിന്റെ സ്വന്തം കഥകള്‍ തിരുത്തിയെഴുതാന്‍ മാര്‍ക്‌സിസ്റ്റ് ജിഹ്വയായ 'ദേശാഭിമാനി'പോലും നിര്‍ബന്ധിതമായി. 'ഇസ്‌ലാംമതവിശ്വാസിയായതിനാല്‍ ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ പാടില്ലെന്ന വിലക്ക് ഇവിടെയില്ല. സുല്‍ത്താന നജീബിന് കഥകളി പഠിക്കാന്‍ സമുദായത്തിന്റെ പൂര്‍ണപിന്തുണയുണ്ട്' (ദേശാഭിമാനി, ജനു. 17 പേജ് 3). 

ഇസ്‌ലാം, കഥകളി പഠിപ്പിക്കാനുമില്ല, പഠിച്ചവരുടെ വെള്ളംകുടി മുട്ടിക്കാനുമില്ല എന്ന് കളിവിളക്ക് മലപ്പുറത്ത്കത്തിയപ്പോഴെങ്കിലും വിപ്ലവക്കൊട്ടുകാര്‍ക്ക് ബോധ്യപ്പെട്ടോ ആവോ? പശു ചത്താലും മോരിലെ പുളി പോവില്ല എന്നാണല്ലോ. 'വിലക്കോ... അതെല്ലാം പഴങ്കഥ' എന്ന് അന്നേദിവസം തന്നെ സി.പി.എം പത്രം എഴുതിയത് കാണുമ്പോള്‍ വിഷം പാടെ വിട്ടുപോയിട്ടില്ലെന്ന് കരുതണം. 'ആരുപറഞ്ഞു മലപ്പുറം മാറിയിട്ടില്ലെന്ന്. മുസ്‌ലിം നര്‍ത്തകിമാര്‍ എന്ന് കേട്ടാല്‍ ഹാലെടുത്ത് വിലക്ക് പ്രഖ്യാപിക്കുന്ന മഹല്ല് കമ്മിറ്റിക്കാരുടെയും അവരെ ശരിവെക്കുന്ന നാട്ടുകാരുടെയും പഴയ നാടല്ലിത്' (ദേശാഭിമാനി, ജനു. 17 പേജ് 14) എന്നൊരു 'ചുകപ്പന്‍ പാര' കയറ്റുന്നുണ്ട് കലോത്സവമധ്യത്തിലൂടെ. 

ഏത് മഹല്ല്, ആര്‍ക്ക്, വിലക്കുകല്‍പിച്ചു എന്നൊന്നും പക്ഷേ ഈ വാര്‍ത്തയിലില്ല. പണ്ടും മഹല്ല് ഏതെന്ന് ദേശാഭിമാനി പറയാറില്ല. നൃത്തം പഠിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അവരെ കൂവിവിളിച്ച് പിന്നാലെ കൂടാന്‍ മാത്രം പണിയില്ലാതെ നടക്കുന്നവരല്ല മഹല്ല് കമ്മിറ്റിക്കാര്‍. 'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല' എന്ന് പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ഉരുവിട്ടു പഠിച്ച മഹല്ലുകാര്‍ക്ക് മാര്‍ക്‌സിസ്റ്റ് ജിഹ്വയില്‍നിന്ന് വേണ്ടല്ലോ മതം പഠിക്കാന്‍. തട്ടമിട്ടവര്‍ക്ക് അവരുടെ മതം. തട്ടമിടാത്തവര്‍ക്ക് അതിനുള്ള മതം.

കലാമണ്ഡലം ഖദീജ കഥകളി പഠിക്കാന്‍ പോയതിനു 54 വര്‍ഷം മുമ്പ് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തി എന്ന പഴംഖബര്‍ മാന്തുന്നുമുണ്ട് ഈ വാര്‍ത്തയില്‍. കലാപ്രവര്‍ത്തനവുമായി നടക്കുന്ന പുരുഷന്‍മാര്‍ക്കുപോലും ബഹിഷ്‌കരണമുണ്ടായിരുന്ന നാടാണ് അര നൂറ്റാണ്ടു മുമ്പത്തെ കേരളം. അതിനു സമുദായ ഭേദമില്ലായിരുന്നു. പക്ഷേ, സി.പി.എം പത്രം പറയാത്ത കഥയുണ്ട്. കഥകളി നര്‍ത്തകിയായ ഈ തൃശൂര്‍ ജില്ലക്കാരി കലാമണ്ഡലം ഖദീജയെ വി.കെ ഹംസ വിവാഹം ചെയ്തു കൊണ്ടുവന്നത് മതവും മഹല്ലും ആവോളമുള്ള മലപ്പുറം ജില്ലയിലെ തിരൂരിലേക്കാണ്. അതുകൊണ്ടെന്തെങ്കിലും കുഴപ്പം സംഭവിച്ചതായി കേട്ടിട്ടില്ല. ഭരതനാട്യവേദിയില്‍ കഥയിലെ വാവരുപള്ളി പശ്ചാത്തലമായി ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ അത് കലയുടെ കൗതുകമായി ഉള്‍ക്കൊണ്ടു മലപ്പുറം വിശാലത.

അതിരുകളില്ലാത്ത കലാവിനിമയം നടന്നു ഈ കലോത്സവത്തില്‍. മാപ്പിള കലകളുടെ കിരീടവുമായി അമുസ്‌ലിം പ്രതിഭകളും ശാസ്ത്രീയകലകളില്‍ ഉന്നത വിജയത്തിന്റെ നക്ഷത്രമുദ്രയുമായി മുസ്‌ലിംകുട്ടികളും വേദിയില്‍ വര്‍ണം പെയ്യുമ്പോള്‍ കണ്ണുറങ്ങാതെ ഖല്‍ബകലാതെ കാത്തിരുന്നു മലപ്പുറം മനസ്സ്. മുസ്‌ലിം മാനേജ്‌മെന്റ് വിദ്യാലയങ്ങളിലെ കുട്ടിള്‍ കൊയ്തത് ക്ഷേത്ര കലയില്‍. ഹിന്ദു മാനേജ്‌മെന്റിന് കീഴിലുള്ളവര്‍ അഭ്യസിച്ചത് മാപ്പിളകലകള്‍. അതാണ് മലപ്പുറം കണ്ട കലയുടെ മതം.

51 വെട്ടിന്റെ രാഷ്ട്രീയംപോലും മത്സര ഇനമായി വേദിയിലെത്തുമ്പോള്‍ കഥ മാറ്റാന്‍ മതമല്ലാതെ മറ്റെന്തുരക്ഷ. 

കലോത്സവംകൊണ്ട് ഒരു ഗുണംകൂടി കിട്ടി. ഇടതുജീവനക്കാരുടെ സമരം പാതിരാത്രിയില്‍ സ്വമേധയാ കൊടിയഴിച്ചു. നായ്ക്കുരണപ്പൊടിയുടെ സ്റ്റോക്ക് തീര്‍ന്നതുകൊണ്ടു മാത്രമല്ല; കലോത്സവ ഊട്ടുപുരയില്‍ സി.പി.എമ്മുകാരില്ലാതെ തന്നെ വിഭവസമൃദ്ധമായ സദ്യവിളമ്പുമെന്ന് ചെമ്പുകണ്ട് ബോധ്യപ്പെട്ടതിനാല്‍.

ചന്ദ്രിക ദിനപത്രം അധികപേജിനു പുറമെ കലോത്സവ നഗരിയില്‍ ദിവസവും രണ്ടു തവണയായി എട്ടു പേജ് ഇറക്കിയ, വര്‍ണാഭമായ  'പൂത്തിരി'യില്‍ ഒരു പോക്കറ്റ് കാര്‍ട്ടൂണുണ്ടായിരുന്നു. 'മലപ്പുറം' എന്നെഴുതി 'കാക്ക'യുടെ ചിത്രം. ആ കാക്ക എല്ലായിടത്തും പാറി നടന്നു. കാഴ്ചകളെല്ലാം കണ്ടു. ആവശ്യമായത് ഉള്ളിലെടുത്തു. മരക്കൊമ്പിലിരുന്ന് വിരുന്നു വിളിച്ചു. പരിസരം കൊത്തിപ്പെറുക്കി വൃത്തിയാക്കി. കലോത്സവത്തിലെ ഒരു മലപ്പുറം മനസ്സിന്റെ സഞ്ചാരപഥം പോലെ 'കാക്ക'.

 - സി.പി. സൈതലവി

1 comment:

  1. പറയാതെ വയ്യ. കലോത്സവ നാളുകളില്‍ അങ്ങേയറ്റത്തെ മാന്യതയാണ് മലപ്പുറത്ത് അനുഭവപ്പെട്ടത്. സ്ത്രീ, പുരുഷ ഭേദമില്ലാതെ ആര്‍ക്കും ഏതുസമയവും നിര്‍ഭയരായി വഴി നടക്കാന്‍പറ്റുന്ന ഖലീഫാ ഉമര്‍ പറഞ്ഞ കാലം മലപ്പുറത്തെ വഴിയോരങ്ങളില്‍ കണ്ടുവെന്ന് ലേഖകന്‍ പറഞ്ഞത് അതിശയിക്കാനല്ല. നിറഞ്ഞ സന്തോഷത്തോടെയാണ് എന്നേ തരമുള്ളൂ.
    മേള ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കാം.

    ReplyDelete