KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Tuesday, 6 November 2012

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി


തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
കേരളം മനുഷ്യ വിഭവശേഷിയില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ മുന്‍പന്തിയിലാണ്. കഴിവും ജോലിചെയ്യാന്‍ താത്പര്യവുമുള്ള നല്ല യുവത്വമാണ് കേരളത്തിന്റേത് പലപ്പോഴും പ്രായോഗിക രംഗത്ത് പരിശീലനത്തിന്റെ അഭാവം വലിയ കുറവാണ്. 

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതില്‍ പ്രധാനഘടകവും ഇതുതന്നെയാണ്. തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം വഴി ലക്ഷ്യം വയ്ക്കുന്നത്. രാജ്യമിന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നൈപുണ്യവികസനത്തിനാണ്.


പ്രധാനമന്ത്രി അധ്യക്ഷനായി സ്കില്‍ ഡവലപ്മെന്റ് മിഷനും ഇതിന്റെ കീഴില്‍ എല്ലാ സംസ്ഥാനത്തും യുവാക്കള്‍ക്ക് പരിശീലനവും നല്‍കും. അതോടൊപ്പംതന്നെ കേരളവും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സ്കൂള്‍ കോളേജ് അധ്യയനത്തോടൊപ്പം പ്രത്യേക തൊഴില്‍ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. മൊത്തം മൂന്നൂറുമണിക്കൂര്‍ പരിശീലനമുള്ള പദ്ധതിയില്‍ നൂറ്റിയെമ്പത് മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിനും വിവരസാങ്കേതികവിദ്യയ്ക്കുമാണ് മാറ്റിവച്ചിരിക്കുന്നുത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ഒരു കുട്ടിക്കുപോലും സ്കീമില്‍ അംഗമാകുന്നതില്‍ തടസമില്ല. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട സ്കീമില്‍ ചേരണമെന്ന് ആഗ്രഹിക്കുന്ന ഒരാളുപോലും പണമില്ലായെന്ന പേരില്‍ പുറത്തുപോകാന്‍ പാടില്ല. വേണ്ടിവന്നാല്‍ ഇനിയും പുതിയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ ഉണ്ടായിവരണം. കോളേജുകളില്‍ ഇരുപത് ശതമാനം വരെ ഹാജര്‍ ഇവര്‍ക്ക് നല്‍കും. നാല് ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ളസ് വണ്‍, ഡിഗ്രി ക്ളാസുകളിലെ കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യമുണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. തൊഴില്‍രഹിതരുടെ എണ്ണം കുറയ്ക്കണമെങ്കില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കണം. കഴിവും പ്രാപ്തിയും ഉളള സമൂഹം ഉണ്ടായിവരണം. വിവിധ വ്യവസായ മേഖലുകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ-കള്‍ വഴി നാമമാത്രമാണ് സാങ്കേതിക പരിജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇത് വിദേശങ്ങളിലേക്കുള്‍പ്പെടെയുള്ള ജോലി സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഗ്ളോബല്‍ എംപ്ളോയ്മെന്റ് മാര്‍ക്കറ്റ് അനുസരിച്ചുള്ള കഴിവുള്ളവരെ പരിശീലനത്തിന്റെ അഭാവം മൂലം കേരളത്തില്‍ നിന്ന് ലഭ്യമാകുന്നില്ല എന്നതാണ് സ്ഥിതിയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. 45 ലക്ഷം തൊഴില്‍രഹിതരാണ് കേരളത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തുനില്‍ക്കുന്നത്. ഗ്ളോബല്‍ മാര്‍ക്കറ്റില്‍ പുതിയ പരിശീലനത്തിലൂടെ കഴിവും പരിചയവുമുള്ളവരെ ജോലിക്ക് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ പരിശീലനം ലഭ്യമാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ.അജയകുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.അബ്രഹാം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment