KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 24 November 2012

‘അസാപ്’ പദ്ധതി അടുത്തവര്‍ഷം: മന്ത്രി അബ്ദുറബ്ബ്

നരിക്കുനി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ കൂടി പഠിപ്പിക്കുന്ന അഡീഷന്‍ സ്‌കില്‍ അസിസ്റ്റന്റ് പ്രോഗ്രാം (അസാപ്) പദ്ധതി അടുത്ത വര്‍ഷം 38 സര്‍ക്കാര്‍ കോളജുകളിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആരംഭിക്കുമെന്ന്് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
നരിക്കുനി ഗവ ഹയര്‍സെക്കണ്ടറി സ്്കൂളില്‍ മലബാര്‍മാന്ദ്യവിരുദ്ധ പാക്കേജിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ലക്ഷം തൊഴില്‍ രഹിതരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇത് വര്‍ഷം തോറും വര്‍ധിച്ചുവരികയുമാണ്.
പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കി പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാതെ പോവുന്ന നിരവധി പേര്‍ തൊഴില്‍രഹിതരായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്ലസ് വണ്ണിനും ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്കും തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ കൂടി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അടുത്ത വര്‍ഷം തുടക്കം കുറിക്കാന്‍ പോവുന്നത്.
പ്ലസ്ടുവും ബിരുദവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ക്കൊപ്പം ടൂറിസം, ഐ ടി, ഹോസ്പിറ്റാലിറ്റി, റീടെയിലിംഗ്, എക്കൗണ്ടിംഗ് തുടങ്ങി തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ കൂടി നൈപുണ്യം നേടിയവരാവും. പഠനത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ഒഴിവുവേളകളും ഇതിനായി ഉപയോഗപ്പെടുത്തും.
പുതുതലമുറ ഏറെ പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ 100 മണിക്കൂര്‍ പരിശീലനം നല്‍കും. 80 മണിക്കൂര്‍ ഐ ടിക്കായും വിനിയോഗിക്കും. ബാക്കി 120 മണിക്കൂറിലാണ് തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുക. ജോലി സാധ്യതയുള്ള കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നതോടെ പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക്് തൊഴില്‍ ലഭിക്കുന്നതിനുളള സാധ്യതയുണ്ടാവും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുകയെന്നതും തൊഴില്‍ ലഭ്യതക്ക് സാധ്യത കൂട്ടുന്നു.
ആദ്യഘട്ടമായാണ് സര്‍ക്കാര്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പിന്നീട് മറ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറികളിലേക്കും എയ്ഡഡ് മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകള്‍ തമ്മില്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ആരോഗ്യകരമായ മത്സരം വിദ്യാര്‍ത്ഥികളെ അനുകൂലമായി സ്വാധീനിക്കുകയും ്അതിന്റെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment