KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 30 April 2012

വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്

തിരൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എല്ലാ ക്ളാസ് മുറികളും സ്മാര്‍ട്ട് ക്ളാസ് മുറികളാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. സ്കൂളുകളുകള്‍ക്ക് ലാപ്ടോപ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് ക്ളാസ് മുറികളാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ലാപ്ടോപ്പുകള്‍ നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ക്ക് ബദലായി ചെറിയ കമ്പ്യൂട്ടറുകള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പല ലോകരാജ്യങ്ങളിലും കമ്പ്യൂട്ടറുകളാണ് ക്ളാസ് മുറികളില്‍ ഉപയോഗിക്കുന്നത്. പഠനം സുഗമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. ശരിയായ അടിത്തറയൊരുക്കുവാന്‍  സര്‍ക്കാര്‍ കഠിനമായാണ് ശ്രമിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 300 സ്കൂളുകള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കുന്നത്.

പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം

പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തേക്കുള്ള പ്ളസ്വണ്‍ ഏകജാലക പ്രവേശത്തിന്‍െറ പ്രോസ്പെക്ടസ് മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. മേയ് മൂന്ന് മുതല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും സ്കൂളുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങും. ജില്ലയിലെ ഏത് സ്കൂളില്‍നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മേയ് 31ന് മുമ്പ് സ്കൂളില്‍ സമര്‍പ്പിക്കണം.
അതേ ജില്ലയിലെ ഏത് സ്കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്‍െറ ഇന്‍റര്‍നെറ്റ് കോപ്പി വെച്ചാല്‍മതി. ഒരു ജില്ലയിലെ എത്ര സ്കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരൊറ്റ അപേക്ഷാ ഫോറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്കൂളുകളില്‍ പ്രവേശത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയുന്നതിനുള്ള സൗകര്യം
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ മേയ് രണ്ട് മുതല്‍ ലഭ്യമാകും. മുന്‍വര്‍ഷം മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞശേഷമുള്ള ഓരോ സ്കൂളിലെയും അവസാന റാങ്ക് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. സ്കൂള്‍ അടിസ്ഥാനത്തിലോ കോഴ്സ് അടിസ്ഥാനത്തിലോ കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 14 നായിരിക്കുമെന്നും മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 27ന് അവസാനിപ്പിച്ച് ജൂണ്‍ 28ന് ക്ളാസുകള്‍ ആരംഭിക്കുമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

സേ പരീക്ഷ മേയ് 14 മുതല്‍

തിരുവനന്തപുരം: 2012 ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) - സേ പരീക്ഷ മേയ് 14 മുതല്‍ 18 വരെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാര്‍ഥികള്‍ അപേക്ഷയും പരീക്ഷാഫീസും അവര്‍ 2012 മാര്‍ച്ചില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത പരീക്ഷാകേന്ദ്രം ഹെഡ്മാസ്റ്റര്‍ക്ക്/സൂപ്രണ്ടിന് മേയ് മൂന്നിന് വൈകുന്നേരം നാലിന് മുമ്പ് സമര്‍പ്പിക്കണം.
ഓരോ പരീക്ഷാകേന്ദ്രം പ്രഥമാധ്യാപകരും തങ്ങളുടെ സ്കൂളില്‍ സേ പരീക്ഷ എഴുതാന്‍ യോഗ്യരായ പരീക്ഷാര്‍ഥികളെ തിരിച്ചറിഞ്ഞ് പരീക്ഷാര്‍ഥികളില്‍ നിന്ന് അപേക്ഷാ ഫോറവും ഫീസും വാങ്ങി മേയ് മൂന്നിന് വൈകുന്നേരം നാലിന് മുമ്പ് വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സേ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണം.
യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ സംബന്ധമായ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എല്ലാ പരീക്ഷാകേന്ദ്രം പ്രഥമാധ്യാപകരും ഉറപ്പുവരുത്തണം. കൂടുതല്‍ നിര്‍ദേശങ്ങളും അപേക്ഷാ ഫോറവും
www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്.

Sunday 29 April 2012

എസ്എസ്എ:എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും അവസരം


സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഇനി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും അവസരം. സര്‍ക്കാര്‍ അധ്യാപകരെ മാത്രം പരിഗണിച്ചിരുന്ന എസ്എസ്എയുടെ ബിപിഒ, ട്രെയിനര്‍ തസ്തികകളിലും നിയുക്ത പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായും ഇനി എയ്ഡഡ് അധ്യാപകരെയും പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 
സംസ്ഥാനത്ത് എസ്എസ്എയില്‍ എണ്ണൂറോളം ട്രെയിനര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികകളിലേക്ക് യോഗ്യതയുള്ള എയ്ഡഡ് അധ്യാപകരെ പരിഗണിക്കണമെന്ന് വര്‍ഷങ്ങളായി അധ്യാപകസംഘടനകളുടെ ആവശ്യമായിരുന്നു. കെഎസ്ടിയു ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മന്ത്രി പി.കെ. അബ്ദുറബ്ബിനെ കണ്ട് ഇക്കാര്യത്തില്‍ അടിയന്തരനടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിനുള്ള അതേ യോഗ്യതകളാണ് എയ്ഡഡ് അധ്യാപകര്‍ക്കും ബാധകമാകുക. 10 വര്‍ഷം സര്‍വീസുള്ള സീനിയര്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും ബിപിഒമാരാ കാനുള്ള യോഗ്യതയുണ്ട്. അഞ്ചുവര്‍ഷമെങ്കിലും സര്‍വീസുള്ള എച്ച്എസ്എമാര്‍ക്കും അവരുടെ അഭാവത്തില്‍ സീനിയര്‍ പ്രൈമറി അധ്യാപകര്‍ക്കും ട്രെയിനര്‍മാരാകാന്‍ യോഗ്യ തയുണ്ട്. 
എസ്എസ്എയിലേക്കുള്ള നിയമനം മൂലം എയ്ഡഡ് സ്കൂളില്‍ ഒഴിവു വരുന്ന തസ്തി കകളില്‍ ടീച്ചേഴ്സ് ബാങ്കില്‍നിന്നുള്ള അധ്യാപകരെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Friday 27 April 2012

അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല


ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെ...ന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍' 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

Thursday 26 April 2012

Wallpapper 3

പത്താം ക്ലാസുവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ജനത്തീയതി തിരുത്താം

തിരു: പത്താം തരംവരെ പഠിക്കുന്ന കുട്ടികളുടെ ജനത്തീയതി, ജാതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ തിരുത്തുന്നതിനുള്ള അധികാരം ഈ വര്‍ഷം മുതല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ഇത്തരം ആവശ്യങ്ങളുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരംവരെ വരുന്നത്ഒഴിവാക്കാനാണ് തീരുമാനം പരീക്ഷാഭവന്‍ നല്‍കുന്ന സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ട് ഓഫീസ്, നോര്‍ക്ക, പിഎസ്സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരിശോധിക്കുന്നതിനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും

  • രണ്ടു ജില്ലകളിലെ വിതരണം പൂര്‍ത്തിയായി


 സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും. കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലാണ് രണ്ടു ഘട്ടങ്ങളിലായി പുസ്തകം അച്ചടിക്കുന്നത് - ആദ്യ ഘട്ടത്തില്‍ 2.60 കോടിയും രണ്ടാം ഘട്ടത്തില്‍ 1.40 കോടിയും. ഫിബ്രവരിയിലാണ് രണ്ടാം ഘട്ടത്തിന്റെ അച്ചടി തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ പുസ്തകങ്ങളില്‍ ഭൂരിപക്ഷവും അച്ചടി കഴിഞ്ഞു. അച്ചടി പൂര്‍ത്തിയാകുന്നവ ബുക്ക് ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് സൊസൈറ്റി വഴി സ്‌കൂളുകളിലേക്ക് വിതരണവും തുടങ്ങി കഴിഞ്ഞു.

അടുത്ത മാസത്തോടെ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.ബി.പി.എസ്. അധികൃതര്‍ പറഞ്ഞു. അച്ചടി കഴിയുന്ന പാഠപുസ്തകങ്ങള്‍ ജില്ലയിലെ 14 ഡിപ്പോകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തുള്ള 3335 സൊസൈറ്റികള്‍ വഴിയാണ് സ്‌കൂളുകളില്‍ എത്തുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുസ്തകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.ബി.പി.എസ്. അധികൃതര്‍. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു ജില്ലകളിലേക്കുള്ളത് നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളാണ് കെ.ബി.പി.എസ്സില്‍ അച്ചടിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടിയാണ് തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസ്. സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഓര്‍ഡറുകള്‍ ലഭിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.

walpapper 2

എസ്എസ്എല്‍സി പരീക്ഷ 93.64 % വിജയം


തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയശതമാനം. 93.64 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് മൂല്യനിര്‍ണയം നടത്തിയതെന്നും വിജയശതമാനം സര്‍വകാല റെക്കോര്‍ഡാണെന്നും ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.
6,995 പേര്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി. എല്ലാവിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 927 പേര്‍.
711 സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. രണ്ടു സ്കൂളുകള്‍ മാത്രമാണ് അന്‍പതു ശതമാനത്തില്‍ താഴെ വിജയം നേടിയത്. വിജയ ശതമാനത്തില്‍ കണ്ണൂര്‍ ജില്ലയാണ് മുന്‍പില്‍(96.93%). പാലക്കാട് ഏറ്റവും പിറകില്‍(86.91%). പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയത്തിലും വര്‍ധനയുണ്ട്. പ്രൈവറ്റായി എഴുതിയവരില്‍ 81.16 % പേര്‍ വിജയിച്ചു.
അടുത്തമാസം 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാംപുകളില്‍ പങ്കെടുത്തു.
91.37% പേരാണ് 2011 ല്‍ വിജയിച്ചത്. 2010 ല്‍ 90.72%, 2009 ല്‍ 91.92%, 2008 ല്‍ 92.09% എന്നിങ്ങനെയായിരുന്നു വിജയം. 2011 ല്‍ 5821 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചു.കഴിഞ്ഞ വര്‍ഷംകോട്ടയം ജില്ലയായിരുന്നു വിജയശതമാനത്തില്‍ ഒന്നാമത്. തിരുവനന്ത പുരമായിരുന്നു ഏറ്റവും പിന്നില്‍.

Wednesday 25 April 2012

sslc


എസ്.എസ്.എല്‍.സി ഫലം രാവിലെ 11.30ന്


എസ്.എസ്.എല്‍.സി ഫലം രാവിലെ 11.30ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാകും ഫലം പ്രഖ്യാപിക്കുക. സ്പെഷല്‍ സ്കൂള്‍ അടക്കം ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടക്കുന്നത് റെക്കോഡാണ്.
നാലര ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. മോഡറേഷന്‍ കമ്മിറ്റി ബുധനാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയിരുന്നു. പരീക്ഷാഫലം ചുവടെയുള്ള വെബ്സൈറ്റുകളില്‍ ലഭിക്കും.

www.keralapareekshabhavan.in | www.results.kerala.nic.in | www.keralaresults.nic.in
www.kerala.gov.in | www.prd.kerala.gov.in | www.results.itschool.gov.in


എസ്.എസ്.എല്‍.സി ഫലം നേരത്തെ പുറത്തിറക്കുന്നതിനും പാഠപുസ്തകങ്ങള്‍ നേരത്തെ വിതരണം ചെയ്യാന്‍ നടപടി എടുത്തതിനും വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭ അഭിനന്ദിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ റെക്കോഡ് വിജയമാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലകളില്‍ എത്തിച്ചിട്ടുണ്ട്. ബാക്കി 10 ശതമാനത്തിന്റെ അച്ചടി കഴിഞ്ഞു. മേയ് രണ്ടോടെ മറ്റ് ക്ളാസുകളിലെ ഫലം വരും. അത് കഴിഞ്ഞാലുടന്‍ പുസ്തകങ്ങള്‍ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകം


എസ്.എസ്.എല്‍.സി. സേ-പരീക്ഷക്ക് അനുമതി

തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് ഡിപ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് 2012 മേയ്/ജൂണ്‍ മാസം സേ പരീക്ഷ നടത്താന്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി ഉത്തരവായി.
2012 മാര്‍ച്ചില്‍ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡിപ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ സേ പരീക്ഷക്ക്് അര്‍ഹത ഉണ്ടാകൂ.
പ്രസ്തുത പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകുവാന്‍ സാധിക്കാതെ വന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ എഴുതാം.
ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. എന്നാല്‍ അപേക്ഷ വിദ്യാര്‍ഥി പരീക്ഷ എഴുതിയ സെന്‍ററില്‍ നല്‍കിയാല്‍ മതി.
എഴുത്തുപരീക്ഷയുടെ സ്കോര്‍ മാത്രമേ സേ പരീക്ഷയിലൂടെ മെച്ചപ്പെടുത്താനാവൂ.
ഐ.ടി പരീക്ഷയില്‍ തിയറി പരീക്ഷ മാത്രമായിരിക്കും സേ പരീക്ഷയിലൂടെ ഉള്‍പ്പെടുത്തുക.
2012 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലത്തിന്‍െറ കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട് ഉപയോഗിച്ച് സേ പരീക്ഷക്ക് അപേക്ഷ നല്‍കാം.
ഗള്‍ഫ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും സേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കണം.
സേ പരീക്ഷക്ക് പുനര്‍ മൂല്യനിര്‍ണയം അനുവദിക്കില്ല.
2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ പരീക്ഷയെഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫിസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
സേ പരീക്ഷക്ക് ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ ഫീസ് ഈടാക്കും.

Sunday 22 April 2012

അണ്‍ എക്കണോമിക് സ്‌കൂളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല

ഇവരെ തസ്തികയില്ലാത്തവരാക്കി 
അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു.

അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കെ.ഇ.ആര്‍ ബാധകമല്ല -ഹൈകോടതി

കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മൂന്നേക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നതുള്‍പ്പെടെ മാര്‍ഗരേഖയിലെ നാല് നിര്‍ദേശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ നാല്, പതിനാല് വകുപ്പുകള്‍ നടപ്പാക്കുന്നതാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കളി സ്ഥലം ഉള്‍പ്പെടെ ഉണ്ടാക്കണമെന്നതിനാല്‍ സി.ബി.എസ്. സ്കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിക്കണമെങ്കില്‍ മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് മാര്‍ഗനിര്‍ദേശങ്ങളിലെ ഒരു ഉപാധി. സി.ബി.എസ്.ഇ ചട്ടപ്രകാരം 24 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളില്‍ ഒരേക്കറില്‍ കുറയാതെയും മറ്റിടങ്ങളില്‍ രണ്ടേക്കറും സ്ഥലം മതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാറിന്റെ മൂന്നേക്കറെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണിത് സ്റ്റേ ചെയ്തത്.
എട്ടുവരെ മിഡില്‍ ക്ളാസ് സിലബസിനും ഒമ്പതുമുതല്‍ പത്തുവരെ സെക്കന്‍ഡറി സിലബസിനും തുടര്‍ന്ന് പതിനൊന്ന് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി സിലബസിനുമാണ് എന്‍.ഒ.സിയും അഫിലിയേഷനും നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലായി 300 കുട്ടികള്‍ ഉണ്ടാകണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ല. എന്‍.ഒ.സിക്ക് അപേക്ഷിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിര്‍ദേശവും യുക്തിരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രവേശം നേടുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന സമഗ്ര തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ് എന്‍.ഒ.സി ലഭിക്കാന്‍ സമര്‍പ്പിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇത് എന്‍.ഒ.സി നല്‍കുന്നതിനുള്ള മുന്‍കൂര്‍ ഉപാധിയായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ നാല് ഉപാധികളും കണക്കിലെടുക്കാതെ സി.ബി.എസ്.ഇ അഫിലിയേഷന് എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിര്‍ദേശം നടപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ ജൂണ്‍ ഒന്നിന് പൂട്ടണമെന്ന ശാസന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളോട് ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകള്‍ക്ക് മാത്രം ബാധകമായ കേരള എജുക്കേഷന്‍ റൂള്‍സ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Saturday 21 April 2012

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

മദര്‍ സ്കൂള്‍

സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

ഫീഡര്‍ സ്കൂളുകള്‍


പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്.
അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
 
സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

ആശ്വാസ് “ASWAS”

വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

അധ്യാപക വിന്യാസം


സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

Friday 20 April 2012

സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവരം: വിവരാവകാശത്തിന്റെ ദുരുപയോഗം തടയണമെന്നു കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുള്‍ വിദ്യാര്‍ഥികളുടെ മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം ഫോണ്‍ നമ്പര്‍ തുടങ്ങിയവ വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയശേഷം അവ ദുരുപയോഗപ്പെടുത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്െടന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

പല രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്കൂളുകളില്‍ പരാതിപ്പെട്ടിരുന്നു. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. സ്കൂള്‍ അഡ്മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കുന്ന വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശ നിയമം സെക്ഷന്‍ 8(1) ല്‍ പറയുന്ന വിശ്വാസാധിഷ്ഠിത ബന്ധപ്രകാരമുള്ളതാകയാലും സെക്ഷന്‍-11 പ്രകാരമുള്ള മൂന്നാംകക്ഷിയെ സംബന്ധിച്ചുള്ള വിവരമായതിനാലും അത് പൊതുവായി പറഞ്ഞാല്‍ നല്‍കാന്‍ പറ്റുന്ന വിവരങ്ങളല്ല. ഈ വിധമുള്ള കമ്മീഷന്റെ ഒരു ഉത്തരവ് ഹൈക്കോടതി ശരിവച്ചിട്ടുള്ളതുമാണെന്ന് സെക്രട്ടറി അറിയിച്ചു.

എല്‍.പി, യു.പി സ്‌കൂളുകള്‍ക്കായി ക്ലസ്റ്റര്‍ വരുന്നു

തിരുവനന്തപുരം: നിശ്ചിത ദൂരപരിധിയിലുള്ള എല്‍.പി , യു.പി സ്‌കൂളുകളെ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ക്ലസ്റ്ററിന്റെ ആസ്ഥാനമായ സ്‌കൂളുകളില്‍ കല, കായിക, പ്രായോഗിക പരിചയ പരിശീലനം നല്‍കും.

എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതിനായി ചെയ്യാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിഭ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ തയ്യാറാക്കിയ സമീപന രേഖയിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക. അഞ്ചാം ക്ലാസ് എല്‍. പി.യിലേയ്ക്കും എട്ടാം ക്ലാസ് യു. പി.യിലേയ്ക്കും വരുന്ന ഘടനാ മാറ്റം അടുത്ത അധ്യയന വര്‍ഷം പ്രത്യക്ഷത്തില്‍ ഉണ്ടാകില്ല.

പകരം നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയില്ലാതെ മാറ്റും. ക്ലസ്റ്ററിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ സ്‌കൂളിലായിരിക്കും അഞ്ചിലും എട്ടിലും ഇത്തരത്തില്‍ പ്രവേശനം നല്‍കുക. ക്ലസ്റ്ററില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും.

സിന്തറ്റിക് കളിസ്ഥലം, യോഗ സെന്‍റര്‍, മാനസികാരോഗ്യ കേന്ദ്രം, ആര്‍ട്ട് സെന്‍റര്‍, വര്‍ക്ക് സെന്‍റര്‍ എന്നിവ മദര്‍ സ്‌കൂളില്‍ ഉണ്ടാകും. ഒന്നുമുതല്‍ അഞ്ചു വരെ 200-ഉം ആറ് മുതല്‍ എട്ട് വരെ 220 -ഉംഅധ്യയന ദിവസങ്ങള്‍ വേണമെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നു. കേരളത്തില്‍ സാധ്യായ ദിവസങ്ങള്‍ 200 ആയാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും അത്രയും ലഭിക്കാറില്ല. ആശ്വാസ് പദ്ധതി നടപ്പാകുന്നതോടെ ശനിയാഴ്ചകള്‍കൂടി ഇത്തരം പഠനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരും. ഇത് സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.


അധിക അധ്യാപകര്‍ 39000

തിരുവനന്തപുരം: കേന്ദ്ര നിയമം അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരില്‍ 39216 പേര്‍ അധികമാകും. 155018 അധ്യാപകരാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ളത്. 115802 പേരാണ് നിയമപ്രകാരം വേണ്ടത്. 58474 ക്ലാസ് മുറികളും അധികമാണ്. എന്നാല്‍ ഘടനാമാറ്റത്തിലൂടെ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറിയാല്‍ 17986 ക്ലാസ് മുറികള്‍ അധികമായി വേണ്ടിവരുമെന്നതാണ് ഇതിന്റെ മറുവശം. ഇതിനായി 1000 കോടി രൂപവേണ്ടി വരുമെന്നതിനാലാണ് ടി.സിയില്ലാതെ അടുത്തുള്ള സ്‌കൂളുകളിലെ അഞ്ചിലും എട്ടിലും കുട്ടികളെ മാറ്റി ചേര്‍ത്ത് ഘടനാ മാറ്റം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

കേന്ദ്രനിയമം നടപ്പാക്കുന്നതിനുള്ള സമീപന രേഖയിലാണ് അധിക അധ്യാപകരുടെയും ക്ലാസ് മുറികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാറിന്റെ വെബ് പോര്‍ട്ടല്‍

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ അറിയിക്കാനും വിദഗ്ധ പരിശീലനം നല്‍കാനുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം വെബ് പോര്‍ട്ടല്‍ തുടങ്ങി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഉപകാരപ്രദമായിരിക്കും പോര്‍ട്ടല്‍. അസംഘടിത വിഭാഗങ്ങള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഓണ്‍ലൈന്‍ വഴി വിദഗ്ധ പരിശീലനവും തൊഴിലവസരവും സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുകയാണ് ലക്ഷ്യം.

കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റികളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ പത്തുലക്ഷം പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ പോര്‍ട്ടല്‍ വഴിയൊരുക്കുമെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. www.sdi.com എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.

Wednesday 18 April 2012

സ്കൂള്‍ പ്രവേശനത്തിനു ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25% സംവരണം

തിരുവനന്തപുരം . സ്കൂള്‍ പ്രവേശനത്തിനു ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25% സംവരണം ഇൌ അധ്യയന വര്‍ഷം തന്നെ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലും സംവരണം നിര്‍ബന്ധമാകും. ന്യൂനപക്ഷ പദവിയുള്ള അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഇൌ വ്യവസ്ഥ നടപ്പാക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
വാര്‍ഷിക വരുമാനം 60,000 രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളെയാണു ദുര്‍ബലവിഭാഗമായി കണക്കാക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും സംവരണം ബാധകമാണ്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്ഥാപനങ്ങളും സംവരണവ്യവസ്ഥ പാലിക്കണം. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് ഈ വ്യവസ്ഥ പാലിക്കണമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നു ന്യൂനപക്ഷപദവി ലഭിച്ച വിദ്യാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശനപ്രായം ആറു വയസ്സായി ആദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇതുവരെ പ്രവേശനപ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഇൌവര്‍ഷം കേരളത്തിലും ഒന്നാം ക്ളാസില്‍ അഞ്ചു വയസ്സുകാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറു വയസ്സാകുന്ന മുറയ്ക്കു കേരളത്തിലും നടപ്പാക്കും. ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം മൌലികാവകാശമാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നു സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളിലെ പൊതുവിഭാഗത്തിനും പ്രവേശന സംവരണം ബാധകമാണെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.
നിയമം നടപ്പായാല്‍ സാമ്പത്തികമായി തകരുമെന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ മാത്രമേ സംവരണ പരിധിയില്‍ നിന്നു സുപ്രീം കോടതി ഒഴിവാക്കിയിട്ടുള്ളൂ.
 

അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷം 60 ദിവസം പരിശീലനം

സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷം 60 ദിവസം പരിശീലനം നല്‍കാന്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം നടത്തേണ്ടിയിരുന്ന രണ്ടു ക്ലസ്റ്റര്‍ യോഗങ്ങളും റദ്ദാക്കി.മധ്യവേനലവധിക്കാലത്ത് 10 ദിവസം പരിശീലനം നടത്തുമെങ്കിലും  താല്‍പര്യമുള്ള അധ്യാപകര്‍ മാത്രം പങ്കെടുത്താല്‍ മതി. പങ്കെടുക്കുന്നവര്‍ക്കു ലീവ് സറണ്ടര്‍ ലഭിക്കില്ല. പകരം 10 ദിവസം അവധി നല്‍കും. 10, 20, 5, 20, 5 ദിവസങ്ങള്‍ വീതമുള്ള അഞ്ചു ഘട്ടങ്ങളായി പരിശീലനം നടത്തണമെന്നാണു നിര്‍ദേശമെങ്കിലും . അന്തിമ തീരുമാനമെടുത്തിട്ടില്ല. പരിശീലനം എങ്ങനെയായിരിക്കുമെന്ന് 24നകം അധ്യാപക സംഘടനകളെ അറിയിക്കാനും തുടര്‍ന്ന് തീരുമാനമെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള 1,60,000 അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 300 കേന്ദ്രങ്ങളിലായി 40 പേര്‍ക്കു വീതമായിരിക്കും ഒരു ഘട്ടത്തില്‍ പരിശീലനം. ഈ സാഹചര്യത്തില്‍ വര്‍ഷം മുഴുവന്‍ പരിശീലനം നീളും. അധ്യാപകര്‍ പരിശീലനത്തിനു പോകുന്ന സമയത്ത് അധ്യാപക പാക്കേജിലുള്ള അധ്യാപകരായിരിക്കും സ്കൂളുകളില്‍ പകരം ക്ലാസ് എടുക്കുക. പരിശീലനം നല്‍കേണ്ട ഏജന്‍സിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷാ ഫീസ് തുടര്‍ന്നും പിരിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് പരീക്ഷാ ഫീസ്  പാടിലെ്ലന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍, എട്ടാംക്ലാസ് വരെയാണ് ഇതു ബാധകമെന്നു വ്യക്തമായ സാഹചര്യത്തിലാണ് 9,10 ക്ലാസുകളിലെ ഫീസ് പിരിക്കുന്നത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും  എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതലും നടത്തുന്നതിന്‍റെ തയാറെടുപ്പുകള്‍ യോഗം വിലയിരുത്തി.പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍,അധ്യാപക നേതാക്കളായ വി.കെ. മൂസ, ഹരിഗോവിന്ദന്‍, കെ.എം. സുകുമാരന്‍, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, കെ. മോയിന്‍കുട്ടി, ജെ. ശശി, ഇ. ഇമാമുദീന്‍, പി.ജെ. ജോസ്,  തുടങ്ങിയവര്‍  പങ്കെടുത്തു

സ്കൂള്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും.


സ്കൂളുകളിലെ ഘടനാപരമായ മാറ്റം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. ഈ വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായിരിക്കും. അധ്യാപകസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്കൂള്‍ പ്രവേശനപ്രായം വര്‍ധിപ്പിക്കുംവരെ കേരളത്തില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ് തുടരാനാണ് തീരുമാനം. അഞ്ചാം ക്ലാസ് എല്‍പിയിലേക്കും എട്ടാം ക്ലാസ് യുപിയിലേക്കും മാറ്റാനാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഘടനാമാറ്റം സാങ്കേതികമായി മാത്രം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സമീപസ്കൂളുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 

ഈ വര്‍ഷം നാലും ഏഴും ക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് തൊട്ടടുത്ത ക്ലാസിലേക്ക് മാറാന്‍ ടിസി നല്‍കില്ല. ഇതിനുപകരം പ്രധാനഅധ്യാപകന്‍ സാക്ഷ്യപത്രം നല്‍കും. ഈ സാക്ഷ്യപത്ര പ്രകാരം മറ്റു സ്കൂളുകള്‍ക്ക് അഞ്ചിലും എട്ടിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. 

ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യുപി- എല്‍പി സ്കൂളുകളെയും മൂന്നുകിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്കൂളുകളെയും ചേര്‍ത്ത് സ്കൂളുകളുടെ ക്ലസ്റ്ററുകളുണ്ടാക്കും. ഈ ക്ലസ്റ്റര്‍ സ്കൂളുകള്‍ തമ്മിലാവും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുക. ഇങ്ങനെ അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്കൂളുകളിലെ വിദ്യാര്‍ഥികളായി തുടരും. 

പഠനം പുതിയ സ്കൂളിലാണെങ്കിലും രേഖകള്‍ പഴയസ്കൂളില്‍. ഇവയെ മദര്‍ സ്കൂള്‍, ഫീഡര്‍ സ്കൂള്‍ എന്ന രീതിയില്‍ വേര്‍തിരിക്കും. കേന്ദ്രനിയമപ്രകാരം ഒന്നാംക്ലാസ് പ്രവേശനപ്രായം ആറുവയസാണ്. ഇതു നടപ്പാക്കാന്‍ സംസ്ഥാനം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചുവയസിലാണ് പ്രവേശനം. സ്കൂള്‍പ്രവേശനത്തിന് രണ്ടുപ്രായം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്കൂളുകളിലും ഒരേസമയത്ത് പ്രായമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്. 

വിഎച്ച്എസ്ഇ പ്ലസ് ടുവില്‍ ഉടന്‍ ലയിപ്പിക്കില്ല. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം പഴയ രീതിയില്‍ പ്രവേശനം തുടരും. വിഎച്ച്എസ്ഇയും എച്ച്എസ്എയും ഒരേ ബോര്‍ഡിന്‍റെ കീഴിലാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ കാലോചിതമായി പരിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ക്കു യോഗ്യതാ പരീക്ഷ നടത്തും. നിലവില്‍ അധ്യാപകരായി തുടരുന്നവര്‍ക്ക് ഇതു ബാധകമാകില്ല. 

വിദ്യാലയങ്ങളില്‍ ചിത്രരചന, ആരോഗ്യ കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി എല്ലാ പഞ്ചായത്തുകളിലും ആശ്വാസ് വിദ്യാലയം പദ്ധതി നടപ്പാക്കും. പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ഇത് നടപ്പാക്കും. 6,000 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഇതില്‍ നിയമിക്കും. നിലവാരം കുറഞ്ഞ വിദ്യാലയങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ പ്രിഫറന്‍സ് സ്കൂള്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനു ചാര്‍ജ് നല്‍കും. ആര്‍എസ്എംഎ പദ്ധതി കാര്യക്ഷമമാക്കും. 

പുതിയ വിദ്യാഭ്യാസ ഡയറക്റ്ററായി രാജമാണിക്യത്തെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡിപിഐ എ. ഷാജഹാന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ മുഹമ്മദ് സഹീര്‍, മറ്റു ഡയറക്റ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

Friday 13 April 2012

പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം:മന്ത്രി പി.കെ.അബ്ദുറബ്ബ്


പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോംനെടുമ്പാശേരി: ഒന്നു മുതല്‍ എട്ട് വരെ ക്ളാസുകളിലുളള പെണ്‍കുട്ടികള്‍ക്കും, ബി.പി.എല്‍ കുടുംബങ്ങളില്‍പെട്ട കുട്ടികള്‍ക്കും പട്ടികജാതി കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. തുരുത്തിശേരി ഗവ.എല്‍.പി സ്കൂളിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പായതോടെ ഇനി എല്‍.പി.ക്ളാസുകളില്‍ പരമാവധി 30 വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടാകുകയുളളൂ.ഇപ്പോള്‍ ഒരു ക്ളാസില്‍ 55 കുട്ടികള്‍ വരെയാണുളളത്.പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന അന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പാഠപുസ്തകം ലഭ്യമാകും. ഇതിനോടകം പാഠപുസ്തകം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കാനാവില്ലെന്ന ചിന്ത ഇന്ന് മലയാളികളില്‍ വലിയ തോതിലുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വിദ്യാഭ്യാസത്തിന്റെ മേന്മയും സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Thursday 12 April 2012

വിദ്യാഭ്യാസ അവകാശ ബില്‍ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശബില്‍ സുപ്രീംകോടതി ശരിവെച്ചു. ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളി.

സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബില്‍ ബാധകമായിരിക്കും. 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെക്കണം. എട്ടാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കണം, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം തുടങ്ങിയ നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിച്ച് അത്തരം സ്ഥാപനങ്ങളെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വാശ്രയന്യൂനപക്ഷ സ്ഥാപനങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്‌കൂളുകളും ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ അസോസിയേഷനുകളുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഞ്ചുവയസ്സ് തികയുന്ന കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ ചേരാമെന്ന് തീരുമാനമായി.

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ അഞ്ചുവയസ്സ് തികയുന്ന കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ ചേരാമെന്ന് തീരുമാനമായി.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറു വയസ്സാക്കിയിരുന്നെങ്കിലും ഇതുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പ്രായപരിധി അഞ്ചു വയസ്സാക്കിയത്.

കേന്ദ്ര സിലബസ് സ്‌കൂളുകളില്‍... ഒന്നാംക്ലാസില്‍ ചേരുന്നതിനുള്ള പ്രായം ഇപ്പോള്‍ത്തന്നെ അഞ്ചാണ്. അവിടെ മാറുന്നതിനൊപ്പമേ സംസ്ഥാനത്തെ സ്‌കൂളുകളിലും പ്രായപരിധിയില്‍ വ്യത്യാസം വരുത്തൂ. അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

അഞ്ചാംക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു.പി.യിലേക്കും മാറ്റുന്ന ഘടനാമാറ്റം ഇക്കുറി പരോക്ഷമായേ ഉണ്ടാകൂ. നാലാംക്ലാസ് പാസാകുന്ന കുട്ടിക്ക് ടി.സി. ഇല്ലാതെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും സ്‌കൂളില്‍ അഞ്ചില്‍ ചേരാം.

ഏഴാം ക്ലാസ് വിജയിക്കുന്ന കുട്ടിക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹൈസ്‌കൂളില്‍ എട്ടിലും ചേരാം. എന്നാല്‍ ഈ കുട്ടികളുടെ ടി.സി യും മറ്റു രേഖകളും ഒരു വര്‍ഷത്തേക്ക് നേരത്തെ പഠിച്ച സ്‌കൂളില്‍ത്തന്നെ നിലനില്‍ക്കും.

പുതുതായി ക്ലാസ്മുറികള്‍ പണിയുന്നതിനുള്ള സാമ്പത്തികബാധ്യത കണക്കിലെടുത്താണ് ഘടനാമാറ്റം പരോക്ഷമാക്കിയത്. 2011-12 അധ്യയനവര്‍ഷം അധ്യാപക നിയമനം നേടിയവര്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷ പാസാകണം.

വി.എച്ച്.എസ്.ഇ. ഹൈസ്‌കൂളില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ നടപ്പാക്കൂ. പന്ത്രണ്ടാംക്ലാസ് കഴിയുമ്പോള്‍ ഏതെങ്കിലും തൊഴില്‍മേഖലയില്‍ കുട്ടികള്‍ വൈദഗ്ദ്ധ്യം നേടിയിരിക്കണമെന്നാണ് ദേശീയ പദ്ധതി നിര്‍ദേശിക്കുന്നത്. വിശദാംശങ്ങള്‍ തയ്യാറാക്കി സംസ്ഥാനത്ത് നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, സംഘടനാ നേതാക്കളായ 
.കെ.സൈനുദ്ദീന്‍,കെ.ഷാജഹാന്‍, ജെ.ശശി, പി.കെ.കൃഷ്ണദാസ്, എന്‍.ശ്രീകുമാര്‍, പി.ഹരിഗോവിന്ദന്‍,  ഷാഫി പാരിപ്പള്ളി, കെ.പ്രസന്നകുമാര്‍, സിറിയക് കാവില്‍, എ.വി.ഇന്ദുലാല്‍, പി.പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Friday 6 April 2012

സംസ്ഥാന കൗൺസിൽ


കെ.എസ്.ടി.യു. സംസ്ഥാന കൗൺസിൽ മീറ്റിൽ സി.പി.ചെറിയമുഹമ്മദ് പ്രസംഗിക്കുന്നു.

കെ.എസ്.ടി.യു.സംസ്ഥാന കൗൺസിൽ മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ.